add

Monday, December 26, 2011

പ്രണയ നഷ്ടം

ഒരു സൂചിത്തുളയുടെ അകലം നമ്മുടെ ഹൃദയങ്ങള്‍ തമ്മില്‍ ,
കഥ പറഞ്ഞതും മഴനനഞ്ഞതും സ്നേഹത്താഴ്വരയില്‍
കഞ്ഞി വച്ചത് കണ്ണം ചിരട്ടയില്‍ ,
കളി പറഞ്ഞത് മൂവാണ്ടന്‍ ചോട്ടില്‍.....


ഒരു ആണിത്തുളയുടെ അകലം നമ്മുടെ ഹൃദയങ്ങള്‍ തമ്മില്‍ ,
ഒലിച്ചിറങ്ങിയത് പ്രണയം മണക്കുന്ന രക്തം .
നോവിലും ലഹരി ,
കണ്ണീരിലും സ്വപ്‌നങ്ങള്‍ ..
എന്നും ഒന്നായിരിക്കാന്‍ ലോഹമൂര്‍ച്ച
അടിച്ചിറക്കിയത് നീയോ ഞാനോ .??


ഹൃദയം മുറിഞ്ഞത് കുപ്പി ചീളുകൊണ്ടു .
ആഞ്ഞു കുത്തുമ്പോള്‍ ,കരഞ്ഞു കേഴുമ്പോള്‍ ,
വഴിതെറ്റി എത്തുന്ന നീല സ്വപ്നങ്ങളോട്‌ കിന്നരിക്കുമ്പോള്‍
നീ പറയുമായിരുന്നു ..
"നീ വേദനിക്കുന്നതെനിക്കിഷ്ടമല്ലെന്നു "
ഉമ്മറ വാതില്‍ അടച്ചോ എന്ന് പത്തുവട്ടം പരിശോധിച്ചാലും
പിന്‍വാതില്‍ എന്നും ഞാന്‍ നിനക്കായി തുറന്നിടുമായിരുന്നല്ലോ ..??


ഇന്ന് വിരഹത്തിനു ചൂട് പോര ..
കണ്ണീരിനു ഉപ്പു പോര ,
ഓര്‍മകള്‍ക്ക് മധുരം പോര ..

മുറിഞ്ഞ ഹൃദയക്കോണ്കളില്‍ ഒളിച്ചു കളിക്കുമ്പോള്‍
നമ്മള്‍ പരസ്പരം കാണാറില്ലല്ലോ ..??

ഏതോ സ്വപ്ന ക്കുന്നില്‍ വച്ച് കാണുമ്പോള്‍
നമ്മള്‍ തീര്‍ത്തും അപരിചിതരാണല്ലോ ..??

മസ്തിഷ്കമരണം ബാധിച്ച പ്രണയത്തിനു
ദയാവധം അല്ലാതെ എന്ത് നല്കാന്‍..???

Wednesday, December 21, 2011

കുപ്പക്കാരി

ഈ അവശരാത്രിയുടെ
ഏകാന്ത ഞരക്കങ്ങള്‍ക്കു അവളുടെ മണമുണ്ട്

എന്റെ ചിരിക്കാന്‍ മറന്നുപോയ സന്തോഷങ്ങളില്‍
കരയാന്‍ മറന്നു പോയ സങ്കടങ്ങളില്‍
പച്ചക്ക് കത്തുന്ന സ്വപ്നങ്ങളില്‍
ഉണ്ട്നിറഞ്ഞ ഏമ്പക്കത്തില്‍
ഉപ്പുപുരണ്ട തത്വശാസ്ത്രങ്ങളില്‍
അവളുടെ മുഖം .

അക്ഷരങ്ങളില്‍ ആവാഹിക്കാനാകാതെ
ഉത്തരമില്ലാത്ത കടംകഥയായി
ആ നോട്ടം .

ബാങ്ക് ലോണായോ എ.സി കാര്‍ ആയോ,
പുത്തനുടുപ്പുകളായോ
പണി ഇല്ലാത്തവര്‍ പറയുന്ന പ്രണയമായോ
അപ്പൂപ്പന്‍ താടിയായി സ്വപ്നങ്ങള്‍ പാറിവരാറില്ല
ഒരു നേരത്തെ അന്നത്തിനു വേണ്ടി മാത്രം .


(ചെന്നയിലെ നാറുന്ന തെരുവുകളില്‍ തുപ്പലും കാഷ്ടവും കലര്‍ന്ന മാലിന്യങ്ങള്‍ വെറും കൈ കൊണ്ട് വാരുകയായിരുന്നു അവള്‍ .ഞാന്‍ അറപ്പോടെ നോക്കിയപ്പോള്‍ പേരറിയാത്ത ഭാവത്തില്‍ അവള്‍ നോക്കിയ നോട്ടത്തിനു മുമ്പില്‍ ഇത് സമര്‍പ്പിക്കുന്നു )

Thursday, December 8, 2011

ജീവിതക്കാഴ്ച

അമ്മയാണാദ്യം പറഞ്ഞത് ..
ഉറക്കത്തില്‍ കരഞ്ഞെന്ന് .
മാഞ്ചോട്ടില്‍ വീണു മുട്ടുപൊട്ടിയപ്പോഴല്ല ,
അത്താഴ പഷ്നിയില്‍ തീ തിന്നുറങ്ങിയപ്പോഴല്ല ,
അവന്‍ കല്ലെറിഞ്ഞു നെറ്റി പോട്ടിച്ചപ്പോഴല്ല,
വരില്ലെന്നറിഞ്ഞിട്ടും വരാറുള്ള വഴികളിലെല്ലാം
അവളെ കാത്ത് നിന്നിട്ടല്ല ,
കുറുപ്പിന്റെ വീട്ടിലെ പട്ടി കടിക്കാനോടിച്ചപ്പോഴുമല്ല ,
ഏതോ ഒരപവാദ കഥയില്‍ കണ്ടാല്‍ ചിരിക്കാത്ത
ആ പെണ്ണ് തീയില്‍ ചാടി ചത്തപ്പോള്‍ .

ആരും പറയാതെ അറിഞ്ഞിട്ടുണ്ട്
ഉറക്കത്തില്‍ കരഞ്ഞെഴുനേറ്റത്‌ .
കൂട്ടിമുട്ടാത്ത സ്നേഹത്തില്‍ ഞാണ് കിടന്നാടിയിട്ടല്ല ,
പകല്‍ക്കിനാവുകള്‍ പാതിയില്‍ മുറിഞ്ഞപ്പോഴല്ല ,
കല്ലും മണ്ണും ചുമന്നു കിതച്ചിട്ടല്ല ,
നടക്കാത്ത, കനത്ത ആശയങ്ങളുടെ പിറകെ പോയ
സ്നേഹിതന് വാളിന്റെ മൂര്‍ച്ചയും
രക്തസാക്ഷി എന്ന പേരും പതിച്ചു കൊടുത്തപ്പോള്‍ .

പിന്നീടവനാണ് പറഞ്ഞത്
ഉറക്കത്തില്‍ കരഞ്ഞെന്ന് .
കടം നെട്ടോട്ടമോടിച്ചപ്പോഴല്ല ,
അന്നത്തിനായി അമ്പലത്തില്‍ കാത്തുനിന്നതിനല്ല ,
നന്നാവുമെന്ന് പറഞ്ഞമ്മ കരഞ്ഞപ്പോഴുമല്ല ,
പ്രണയമെനിക്കും കാമം പലര്‍ക്കും കൊടുത്തു
അവള്‍ കാതരയായി കരഞ്ഞപ്പോള്‍ .

ഇന്നലെ നീയും പറഞ്ഞു
ഉറക്കത്തില്‍ കരഞ്ഞെന്ന് .
പേരറിയാത്ത പറ്റു ചാരായം കഴിച്ചതിനാലാകുമോ .?
തലയില്‍ മുണ്ടിടാതെ മംസക്കടയില്‍ പോയതിനാലോ .?
നഗരത്തിലെ പതിവ് കാഴ്ചകള്‍ കണ്ടതിനാലാകുമോ .?
ഓര്‍മകളിലെ പൂമ്പാറ്റകളെ കൊന്നതിനാലാകുമോ .?
ഇന്നലെ നീയും പറഞ്ഞു
ഉറക്കത്തില്‍ കരഞ്ഞെന്ന് ....

Monday, December 5, 2011

രണ്ടു നുറുങ്ങുകള്‍


ചിലന്തികള്‍

സ്വപ്നങ്ങളും യാഥാര്‍ത്ഥ്യവും തമ്മിലുള്ള വിടവില്‍
വല നെയ്യുന്നുണ്ട് ചിലന്തികള്‍ ,
ആകാശത്തിന്റെ ധാരാളിത്തത്തില്‍ പറക്കുന്ന ഇരകളും കാണും ,
വലയിഴകള്‍ തമ്മില്‍ വിശ്വാസത്തിന്റെ ഒരു വിടവുണ്ട്‌
അത് നികത്താന്‍ വരുമ്പോഴാണല്ലോ ഇരകള്‍ ഇരകളാകുന്നത് .
അവസാനം ഇരകളുടെ ഹൃദയം തിന്നു ചീര്‍ത്ത ശരീരം,
ചിലന്തി കുട്ടികള്‍ തിന്നുകയാണ് പതിവ് .


പടി ഇറങ്ങിയ പ്രണയം

ഇല്ലായ്മയുടെ ഇല്ലത്തേക്ക് വിരുന്നു വന്ന പ്രണയമേ
ഇനി തിരിച്ചു വരരുത്
ഇപ്പോള്‍ തന്നെ കഞ്ഞിയില്‍
കഴുക്കോല്‍ കണ്ടിരിക്കുന്നു ...
അറിയാവുന്ന വഴികള്‍ എല്ലാം അടച്ചെങ്കിലും
നിനക്ക് മാത്രമറിയാവുന്ന
കുറുക്കു വഴികളിലൂടെ വന്നു ഇടക്കിപ്പോഴും
ചോര ഊറ്റാറുണ്ട് നിന്റെ ഓര്‍മ്മകള്‍