add

Thursday, February 23, 2012

മുറിക്കവിതകൾ 3

1.പുകയുന്നവ.

ചുണ്ടിനും വിരലിനും അപ്പുറത്തെ തീയുടെ അകലം കുറയുന്നു
ചിന്തകള്‍ക്ക് കനം വെയ്ക്കുന്നു ..!!
പൊലിഞ്ഞ സ്വപ്‌നങ്ങള്‍ പെറുക്കി കൂട്ടുമ്പോള്‍,
മുറിവുകളുടെ വ്യാസം അളന്നു തിട്ടപ്പെടുത്തുമ്പോള്‍,
നഷ്ട പ്രണയത്തിന്റെ ആത്മാവ് തേടുമ്പോള്‍,
കരിഞ്ഞു പോയവയുടെ കണക്കെടുക്കുമ്പോള്‍,
ചിന്തകള്‍ക്ക് കനം വെയ്ക്കുന്നു ..!!
ഞാന്‍ എരിഞ്ഞു തീരുന്നു...

2.കളഞ്ഞുപോയത്.

ഹൃദയത്തിനടുത്ത മേല്‍ക്കീശയില്‍ തന്നെയാണ് എടുത്തു വച്ചത് .
വില മതിക്കാനാവാതെ അന്തിചിരുന്നിട്ടുണ്ട് പലപ്പോഴും .!
എന്നിട്ടും നിന്നെ കളഞ്ഞു പോയതെങ്ങനെ ..??
നഷ്‌ടമായ വഴികളില്ലെല്ലാം വെറുതെ തിരയാറുണ്ട്
നിന്റെ സൌഹൃദത്തിന്റെ ആ ഒറ്റ നാണയത്തെ..!!

3.തോല്‍വി.

വെയില്‍ പൊട്ടുണങ്ങി മഴച്ചിന്തു ചിരിച്ചപ്പോഴെപ്പോഴോ
ഞങ്ങള്‍ പ്രണയിച്ചു തുടങ്ങി .
പിന്നെ എപ്പോഴോ പിരിഞ്ഞു .!
വീണ്ടും പരസ്പരം കാണാതെ പ്രണയിച്ചുകൊണ്ടേയിരുന്നു ....
വീണ്ടും വീണ്ടും തോറ്റുകൊണ്ടേയിരുന്നു ..!!!

4.ആത്മസുഹൃത്തിന്.

"വല്ലാതെ മെലിഞ്ഞു "- അമ്മ .
"എനിക്കെന്താ കൊണ്ടുവന്നെ.?" - അനിയത്തി .
മൌനത്തിന്റെ കുപ്പായമിട്ട് - അച്ഛന്‍ .
"വീണ്ടും വാക്ക് തെറ്റിച്ചു"- കാമുകി .
"എന്നാ മടക്കം .?"- അയല്‍ക്കാരന്‍ .
നീ മാത്രം ഒന്നും ചോദിച്ചുമില്ല പറഞ്ഞുമില്ല,
കാരണം നമ്മള്‍ രണ്ടും രണ്ടല്ലല്ലോ.

Tuesday, February 14, 2012

അനാഥന്റെ അമ്മ.

അര്‍ദ്ധ രാത്രി കഴിഞ്ഞാല്‍ തെരുവിന്റെ -
തെക്കേ മൂലയില്‍ ഒരു സ്ത്രീ രൂപം പ്രത്യക്ഷപ്പെടും.
തളര്‍ന്നുറങ്ങുന്ന കുഞ്ഞുങ്ങള്‍ക്ക്‌
ഒരു മുത്തം കൊടുത്ത് ,
ഒരു സ്വപ്നം കൊടുത്തു ,
ആ രൂപം ഇരുളില്‍ ലയിക്കും ....
.
.
.
യാഥാര്‍ത്യങ്ങളുടെ ചുവരുകള്‍ക്കിടയില്‍
തുളസ്സികരിഞ്ഞോ എന്നും ,
പശു വിശന്നു കരയുന്നു എന്നും ,
കണാക്കടങ്ങളുടെ കണക്കെടുത്തും ,
അധിപിടിച്ചു മെഴുകുതിരിപോലെ -
ഉരുകി ഉരുകി എന്റെ അമ്മ ..

Monday, February 6, 2012

വിചാരണ

എന്റെ ഉടലളവുകളെ പറ്റി എഴുതിക്കൂടെ ,
ചുണ്ടിലെ ചുബനത്തിന്റെ മധുരത്തെ പറ്റി.
എന്തിനെന്‍ പൂര്‍വാശ്രമത്തിലെ -
ചോരതുപ്പി മരിച്ച കാമുകനെ ഓര്‍മ്മപ്പെടുത്തുന്നു .?
എന്തിനു വേദനകള്‍ ആഘോഷമാക്കുന്നു .?
സോമാലിയയിലെ വിശപ്പു തിന്ന വിളകളെ ,
ഭ്രൂണത്തിലെന്നോ മരിച്ച കുഞ്ഞിനെ ,
കാട്ടി അറപ്പിക്കരുത് .
വസന്തത്തിന്റെ ഇടിമുഴക്കം കേള്‍പ്പിച്ചു
പേടിപ്പിക്കരുത് .
നിന്റെ മുറിവിലെ നീറ്റുന്ന വേദന
ഞങ്ങളില്‍ പടര്‍ത്തരുത് .


പ്രതിക്കൂട്ടിലെ ഉത്തരം

കൊടും പാപികളെ ദൈവം
കവിയായി ജനിപ്പിക്കുമത്രേ
ദൈവം കാണാത്ത കാഴ്ചകള്‍ കാണാന്‍
ആരുമറിയാത്ത വേദനകള്‍
ദൈവത്തിന്റെ കണക്കില്‍ പെടാറില്ലല്ലോ ..!!