add

Monday, March 12, 2012

വിശപ്പിന്റെ നിറമുള്ളവര്‍ .




വെയിലരിച്ച പുതപ്പില്‍ അവന്
ഈച്ചകള്‍ സുപ്രഭാതം പാടി.
പാതവക്കത്ത് ഒറ്റക്കാലന്‍
സ്വപ്നത്തിന്റെ തുണി വിരിച്ചു .
വ്യാപാരക്കണ്ണുകള്‍ മണം പിടിച്ചു
കാതുകൂര്‍പ്പിച്ചു ഇരകളെ തേടി .
തിരക്ക് തിന്ന തെരുവില്‍
യന്ത്രമനുഷ്യര്‍ മുന്‍പേ ഓട്ടം തുടങ്ങി .
അര്‍ദ്ധ ബോധത്തില്‍ ഒരു
വിപ്ലവപ്പട്ടി കുരച്ച് പ്രതിഷേധം പറഞ്ഞു.
കാലത്ത് കുഞ്ഞിനു മാറ് പകുത്തവള്‍
ഉച്ചക്ക് വിശപ്പിനു മാനം പകുത്തു .
ഇരന്നു കിട്ടിയ അന്നം പകുത്ത ബാല്യങ്ങള്‍
വെയിലുകൊണ്ട് വീട് കെട്ടി.

"ഹാ എത്ര സുന്ദരം ജീവിതം പ്രണയം"
ഞാനൊരു കവിത എഴുതി
പിന്നെ കറിയിലുപ്പുകൂടിയത്തിനു
അവളോട്‌ കലഹിച്ചു ...!

ഇരുളിലെവിടെയോ ഒരു രാത്രിമുല്ല വിരിഞ്ഞു .
ഇന്നത്തെ രാത്രിയും അവന്‍ വിശപ്പുതിന്നുറങ്ങി .

Monday, March 5, 2012

എങ്കിലും സഖീ ..



സന്ധ്യ ചിത്രം വരയ്ക്കുന്ന തീരത്ത്
കാത്തിരിപ്പിന്റെ വ്യഥ കുടിച്ചീടവെ ,
ചോദ്യമെന്നിലൊരു കടലായിരമ്പുന്നു
ജീവിതത്തില്‍ നാം ഒറ്റയല്ലേ .??
ദൂരെ ഇന്നെന്റെ കണ്ണുകള്‍ തേടുന്നു
വന്നു നീയെന്റെ കണ്ണീര്‍ തുടച്ചിടാം,
അരികിലാശ്വാസ വേദം നിറച്ചിടാം,
കണ്ണിലെങ്കിലും ചോദ്യം മുളക്കുന്നു
ജീവിതത്തില്‍ നാം ഒറ്റയല്ലേ ..??

അകലെ മായുന്ന പക്ഷികള്‍ കൂട്ടുന്ന
കൂട്ടിലെത്രയോ കുഞ്ഞുങ്ങള്‍ വിരിയുന്നു .
നോറ്റു കൊത്തി വിരിയിച്ച സ്വപ്നങ്ങള്‍
പാതിയില്‍ പുതിയ സ്വപ്നങ്ങള്‍ തേടുന്നു ..
നമ്മിലതുപോലെ പ്രണയം നിലയ്ക്കുകില്‍
പിന്നെ വഴികള്‍ നാം ഒറ്റയ്ക്ക് പോകയോ .???

എന്നിലറിവിന്റെ മധുരം പകര്‍ന്നൊരാ
അക്ഷര ചൂരിലമൃതം ചൊരിഞ്ഞൊരാ,
ഗുരുവുമില്ലെന്റെ കൂടെ ഞാനെങ്കിലും,
അക്ഷര ചൂടില്‍ വേവുന്നു പിന്നെയും .

പിച്ച വെക്കലിന്‍ കാലത്ത് പോലുമെന്‍ -
മനസ്സിലായിരം മധുരം പകര്‍ത്തിയോന്‍ ,
പങ്കുവെക്കലിന്‍ ശാസ്ത്രം പകര്‍ത്തുവോന്‍ -
ആത്മ മിത്രമായ്‌ അരികിലില്ലെങ്കിലും,
അടിപതറാത്തൊരോര്‍മ്മയായ് നില്‍പ്പവന്‍ ...
ഇല കൊഴിഞ്ഞപോല്‍ ഉറവ വറ്റുന്നപോല്‍ ,
വളരെ മൃദുവായ് മൌനമായ് മുറിവുകള്‍ ...
പകല്‍ മുറിഞ്ഞപോല്‍ ചന്ദ്രന്‍ മറഞ്ഞപോല്‍
വാടി വീഴാം കിനാക്കള്‍ പലപ്പോഴും ...

എത്ര നീന്തി നാം കണ്ണീര്‍ക്കയങ്ങളില്‍
എത്ര പാട്ടിലായ് നമ്മെ വരച്ചു നാം .
എത്ര പൂവിന്റെ ചിരികള്‍ പകുത്തു നാം ,
എത്ര നോവിന്റെ കഥകള്‍ പകുത്തു നാം .
എന്നിലെങ്കിലും ചോദ്യം മുളക്കുന്നു
ജീവിതത്തില്‍ നാം ഒറ്റയല്ലേ .????

എങ്കിലും സഖീ ഒന്നായിരിക്കട്ടെ
നാം പകുത്തൊരാ സ്വപ്നവര്‍ണങ്ങളും,
മറവി തീണ്ടാത്ത മൌന രാഗങ്ങളും ,
കരുതി വച്ചൊരാ സുഖവും വിഷാദവും ,
എന്നുമെപ്പോഴും ഒന്നായിരിക്കട്ടെ .....