add

Wednesday, June 13, 2012

മുറിക്കവിതകള്‍ -5



1).ശബ്ദങ്ങള്‍

ജനിച്ച ഉടനെ മൃതിയടഞ്ഞു പോകുന്ന
ശബ്ദങ്ങള്‍ക്ക്‌ ഒരിക്കലും പരാതികളില്ല ...
നിന്റെ കര്‍ണ്ണപുടങ്ങളില്‍ ഒരു
കാറ്റു വിതച്ചു ,തലച്ചോറില്‍ ഒരു വിത്ത്‌
വിതക്കുക മാത്രമാണ് ലക്‌ഷ്യം.
ഇനി അത് നീ കേള്‍ക്കാതെ പോയാലും ...

2).കറുപ്പ്

കവി പാടി
കറുപ്പിന് അഴക്‌ എഴെന്നു,
കണ്ണിലെ കണ്ണ് കറുത്തിട്ടെന്നു,
പെണ്ണിന്റെ ചന്തം കാര്‍കൂന്തലെന്നു,
പ്രതിഭയാം പക്ഷികള്‍ കറുത്തിട്ടെന്നു,
ഒടുവില്‍ കറുകറുത്ത കവി കല്യാണം കഴിച്ചു .
ഒരു വെളുവെളുത്ത പെണ്ണിനെ...

3).പക്ഷാഭേദം

കവിതയിലെ പക്ഷാഭേദത്തില്‍
പ്രതിഷേധിച്ചു തെരുവില്‍
വാക്കുകളുടെ കയ്യാംകളി ...

Friday, June 1, 2012

മുറിക്കവിതകള്‍ -4


1.അമ്പ്

കാലില്‍ അമ്പേറ്റു പിടഞ്ഞൊരാ പക്ഷി
കേണും കരഞ്ഞും വേദന കടിച്ചമര്‍ത്തെ,
എന്റെ കണ്ണില്‍ കൊടിയ ദൈന്യം .....
ഞാന്‍ ഉന്നം വച്ചത് ഹൃദയത്തിനായിരുന്നല്ലോ.....


2.രക്തസാക്ഷി

വെട്ടിയോ .?
വെട്ടിയത് നിന്റെ പക്ഷക്കാരന്‍ ..
മരിച്ചോ .?
മരിച്ചത് എന്റെ പക്ഷക്കാരന്‍ ..
രക്തക്കറ പുരണ്ട കൈകളാല്‍ അവര്‍
മുഷ്ടിയുദ്ധം തുടര്‍ന്നു...
ആശയയുദ്ധം തുടര്‍ന്നു...
ഞാന്‍ മുഷ്ടി ചുരുട്ടി-
നടുവിരലുയര്‍ത്തി,
അവരെ കാണിച്ചു ;
മുട്ട് കുത്തി രക്തസാക്ഷിക്കൊരു
അഭിവാദ്യമര്‍പ്പിച്ചു ....