add

Wednesday, February 27, 2013

അകകാഴ്ച്ചകള്‍ .

മുളയ്ക്ക്കാത്ത മോഹങ്ങൾക്കു-
സ്വയം ചാടി മരിക്കാൻ,
നമ്മളിൽ ഒരു കിണർ
ഉറങ്ങുന്നുണ്ടാവണം.
അല്ലെങ്കിൽ,
ഒന്നു പേരു-
വിളിക്കുമ്പോഴേക്കും
ഏതു അടിയാഴത്തിൽ
നിന്നാണു-
ഇത്ര ഉച്ചത്തിൽ പ്രതിധ്വനിക്കുന്നതു.

മറന്നു പോകുന്ന മുഖങ്ങൾക്കു-
സ്വയം ചെന്നൊളിക്കാൻ,
നമ്മളിൽ ഒരു ഗുഹ
തുടിക്കുന്നുണ്ടാവണം.
അല്ലെങ്കിൽ ,
സാറ്റ്‌
വിളിച്ചിട്ടും ഒളിച്ചിരിക്കാൻ
മാത്രം-
എന്തു പിണക്കമാണു
നമ്മൾ തമ്മിൽ.

Friday, February 1, 2013

മുറിവുകൾ വിരിയുന്നതു.

ചില മുടന്തൻ രാത്രികളിൽ
ഒരു ഓർമ്മക്കാറ്റ്‌
കരളിൽ നിന്നും
വീശിതുടങ്ങും .
വല്ലാതെ മുറിവു മണക്കും.
എവിടെയാണെന്നു
തിരഞ്ഞു നോക്കും.

നിനക്കായ്‌ പെയ്തൊരു ,
മഴയിലെ മണ്ണു മണം -
സ്കൂൾ മുറ്റത്തെ പാലച്ചോട്ടിൽ
ചെരിഞ്ഞിരിക്കും.
തൊട്ട്‌ കളിക്കാൻ കൂട്ടാഞ്ഞിട്ടാവാം,
ആരോ കരഞ്ഞതു പോലെ തോനും.
ഏതൊ പ്രണയ ലേഖനത്തിലെ -
പാതിമുറിഞ്ഞൊരുവാക്കു വന്നു -
കുശലം ചോദിക്കും.

ഭൂതകാലത്തുനിന്നും
നാട്ടുമാവിനെറിഞ്ഞ
ഒരു കല്ല്,
ഉന്നം തെറ്റി എന്റെ
നെറ്റിയിൽ പതിക്കും.

പ്രണയത്തിന്റെ ഇല പൊഴിച്ചിട്ട്‌
ഒരു പക്ഷി
ദിക്കു മാറി തെക്കോട്ടു പറക്കും.
അപ്പൊഴെക്കും
പരിചയമുള്ള ആരുടെയൊ,
കുപ്പിവള പൊട്ടിയിരിക്കും.
ഒരു മുറിവു വിരിഞ്ഞിരിക്കും.