add

Thursday, October 17, 2013

ഓർമ്മപെയ്ത്ത്

നീ അറിഞ്ഞോ മനസ്സിന്റെ വാതിലില്‍
ഓര്‍മ്മകള്‍ ഭൂത നൃത്തം ചവിട്ടുന്നു.
സന്ധ്യ മായും കലിങ്ങിലായ് നിഴലുകള്‍
വിട്ടു പോകാന്‍ മടിച്ചിരിക്കുന്നതും ,
കാട്ടു കൂമന്റെ മൂളലില്‍ തോളിലെന്‍ -
തോഴനായി നീ കരം ചേര്‍ത്തിരുന്നതും.
ചെന്നിരിക്കുന്ന ചെരിവുകള്‍ ചിന്തതന്‍
കൂട്ടിലാകവേ തീ പടര്‍ത്തുന്നതും.
നീ അറിഞ്ഞോ മനസ്സിന്റെ വാതിലില്‍
ഓര്‍മ്മകള്‍ ഭൂത നൃത്തം ചവിട്ടുന്നു.

കരളിലെന്നോ പതിഞ്ഞ കാല്‍പ്പാടുകള്‍
കൂര്‍ത്ത മുള്ളിന്റെ വീട് തീര്‍ക്കുന്നതും
പങ്കു വെയ്ക്കുവാന്‍ പ്രാണന്‍ പകുക്കുവാന്‍
പ്രണയമേതോ തുരുത്തില്‍ ചിരിച്ചതും .
ആശവറ്റും മരു കാറ്റിലെപ്പൊഴോ-
ഒരു ചതിപ്പൊട്ടില്‍ നഷ്ടപെടുന്നതും .
കണ്ണുനീരിന്റെ ലിപികളായ് മനസ്സിലെന്‍
ഗൂഢ സ്മൃതികളായ് തീക്കാറ്റുറഞ്ഞതും .
ചോര ചാലിച്ച ചാരായ സന്ദ്യകള്‍
വീണ്ടുമായിരം ചിത്രം വരച്ചതും.

ആരുമില്ലെന്ന് തോനുന്ന നേരത്ത് ,
കരയുവാൻ നിന്റെ തോൾ കൊടുക്കുന്നതും .
കണ്ണുനീരിന്റെ കടൽ കടന്നീടുവാൻ ,
കാട്ടുപൂവിന്റെ പാട്ടുപാടുന്നതും .
കൂട്ടുകാരാ മറക്കാതിരിക്കുക ,
നമ്മളിൽ നാം മുളപ്പിച്ച വിത്തുകൾ .
നീ അറിഞ്ഞോ മനസ്സിന്റെ വാതിലില്‍
ഓര്‍മ്മകള്‍ ഭൂത നൃത്തം ചവിട്ടുന്നു ..

Friday, October 4, 2013

മുറിക്കവിതകൾ 9

1. ചോദ്യം.


ഇടവഴിയിൽ വച്ചു,
ഇറുക്കെ പുണരുമ്പോൾ-
മഴയുടെ കാതിൽ
ചോദിച്ചു.
ഒലിച്ചുപോകുന്നതു
മണ്ണോ.?
മനസ്സോ.?