Friday, February 1, 2019

വീണ്ടും നിറയൊഴിക്കുമ്പോൾ

ഒരുറുംബിനെ പോലും 
നോവിച്ചിട്ടില്ല.
ആയുധമെടുത്തൊരു 
യുദ്ധം പോലും ജയിച്ചിട്ടില്ല. 

കൂസാതെ 
കൂനി നടന്നു 
ഹൃദയത്തിലേക്കു 
സ്നേഹത്തിന്റെ 
വിത്തു പാകിയിരുന്നു .
നിങ്ങളഴിച്ചുവിട്ട 
കലാപങ്ങളെ 
പിറകെ ചെന്നു 
മെരുക്കിയിരുന്നു. 
ഒരു ജനതയുടെ 
സ്വപ്നങ്ങളിലേക്കു 
ചർക്ക തിരിച്ചിരുന്നു. 

മണിമാളികയിൽനിന്നു 
തെരുവിലേക്കു പരക്കുന്ന 
കൊതിപ്പിക്കുന്ന 
മണമായിരുന്നില്ല 
അയാൾ 
തെരുവിലൊട്ടിയ 
ദരിദ്രരുടെ 
നിഴലായിരുന്നു അയാൾ .

ഇത്രയും മതിയല്ലോ 
മൂന്നു വെടിയുണ്ടകൾ 
തേടിയെത്താൻ .
പക്ഷെ അയാൾ 
മരിക്കുന്നില്ലെന്നുകണ്ട്‌
വീണ്ടും 
എത്രവട്ടം 
നിങ്ങൾ നിറയൊഴിച്ചു? 
എനിയെത്ര വട്ടം 
നിങ്ങൾ വെടിയുതിർക്കും? 
പക്ഷെ നിങ്ങളറിയുമോ
അഹിംസയെ 
സ്നേഹത്തെ 
തോക്കുകൾ കൊണ്ട്‌ 
കൊല്ലാനാവില്ലെന്നു? 

രഹസ്യം

അത്ര മേൽ ഗൂഢമായൊരു
രഹസ്യം പറയാനുണ്ട്‌.
ഞാൻ എഴുതുന്നതൊന്നും
എന്റെയല്ല .
അവ ഞാനുമല്ല.
എത്ര തിരഞ്ഞാലും
കണ്ടെത്താത്ത ചില
മറവികളില്ലേ?
തിരഞ്ഞു തിരഞ്ഞു 
മടുത്തു ഉപേക്ഷിക്കുന്ന
ആ ഒരു നിമിഷത്തിൽ 
കണ്ടെത്തുന്നവ.
ജനൽ പടിയിൽ വച്ച താക്കോൽ,
ടിവി ക്കു തൊട്ടിരിക്കുന്ന റിമോട്ട്‌,
കസേരയിൽ അഴിച്ചിട്ട അടിവസ്ത്രം
അങ്ങനെ അങ്ങനെ 
പറഞ്ഞു പോകാവുന്നവ .
അപ്രതീക്ഷിതമായ
ഒറ്റ വെട്ടുപോലെ
നൈമിഷികമായവ .
അതുപൊലെയാണിതും .
ഇതിലെന്താണിത്ര 
രഹസ്യം എന്നല്ലേ?
പറയാം
കവിതയെഴുതുമ്പ്പോൾ
എന്താണു മറന്നതെന്നു
പോലും അറിയാതെയാണു 
ഞാൻ തിരയുന്നതെന്നു മാത്രം . 

കവിയും കല്പണിക്കാരനും

പണ്ടു പണ്ടു വെറോണിക്ക
എന്ന നഗരത്തിൽ
ലൂസിഫർ എന്നൊരു 
കവിയുണ്ടായിരുന്നു .
കാട്ടു പൂക്കളെ പറ്റി
സന്ധ്യയെപ്പറ്റി
കാമുകിമാരെ പറ്റി
അയാൾ അതി മനോഹരമായി
കവിതകൾ എഴുതുമായിരുന്നു .

ഒരേ ചില്ലയിലെ പല പൂക്കളെ
അയാൾ പല പേരിട്ടു വിളിച്ചു .
പല ദിവസങ്ങളിലെ സന്ധ്യകളെ 
അയാൾ
പലതായി തന്നെ ആസ്വദിച്ചു .
കാമുകിമാർ 
അദ്ധേഹത്തിനു 
ഒരു ഭാരമേ ആയിരുന്നില്ല .
അപ്പൂപ്പൻ താടി പോലെ 
ഒരോരുത്തരെയും
അയാൾ
പല പല സ്വർഗ്ഗത്തിലേക്കു 
പറത്തിവിട്ടു .

അതേ നഗരത്തിൽ
ഗബ്രിയേൽ എന്നു പേരായ 
ഒരു വൃദ്ധനുണ്ടായിരുന്നു .
എപ്പൊഴും വിശപ്പിനെ പറ്റി
എകാന്തതയെപറ്റി
മുറിവുകളെ പറ്റി
വിലപിച്ചിരുന്ന
ഒരു കൽപ്പണിക്കാരൻ .

രാജാവിന്റെ വിശപ്പുപോലെ
മാരകമല്ല
യാചകന്റെ വിശപ്പെങ്കിലും
അതു ഭേദമാക്കാൻ വിഷമമെന്നു 
അയാൾ കല്ലിൽ കുറിച്ചിട്ടു .

ഒരാളുപോലും കൂട്ടില്ലാതെ 
ദൈവങ്ങളെ അയാൾ
കല്ലിൽ കൊത്തിവച്ചു .

മനസ്സിലേൽക്കുന്ന അകമുറിവുകൾക്കു
തൊടാവുന്ന 
മേൽമുറിവുകളേക്കാളാഴം
എന്നു നിരന്തരം പറഞ്ഞു.

കാലം കടന്നുപോകെ 
തികച്ചും കാവ്യാത്മകമായി
എന്നാൽ
യാദ്രിശ്ചികമായി
കവിയും കൽപ്പണിക്കാരനും കണ്ടുമുട്ടി .

ഹേ കൽപ്പണിക്കാരാ
ജീവിതത്തിന്റെ പൊരുളെന്താണു
കവി ചോദിച്ചു.
തന്റെ ശിൽപ്പത്തിന്റെ
അവസാന 
മിനുക്കു പണിയിലായിരുന്ന വൃദ്ധൻ 
ഉത്തരം പറയാനായവെ 
മരിച്ചു വീണു . 

ഹേ വായനക്കാരാ 
എനി നിങ്ങളുടെ ഊഴമാണു 
ഒന്നുകിൽ 
മടിക്കാതെ ഉത്തരം പറയുക 
അല്ലെങ്കിൽ 
ഈ ചോദ്യം ചോദിച്ചു 
ആളുകളെ കൊല്ലുക .