add

Friday, August 14, 2020

മുറിക്കവിതകൾ kindle ഇ ബുക്ക് ആയി പുറത്തിറിങ്ങിയിരിക്കുന്നു

 പ്രിയരേ  , ആദ്യ കവിതാ സമാഹാരം kindle ഇ ബുക്ക് ആയി പുറത്തിറിങ്ങിയിരിക്കുന്നു .മുൻപ് ബ്ലോഗിലും മാഗസിനുകളിലും എഴുതിയതും അല്ലാത്തത്തുമായ നാല്പതോളം മുറിക്കവിതകളുടെ സമാഹാരമാണ്. മുറിക്കവിതകൾ എന്ന് തന്നെയാണ് പുസ്തകത്തിന്റെ പേര്. ഒൻപതു വര്‍ഷങ്ങള്‍ക്കു മുൻപാണ് ബ്ലോഗിൽ ആദ്യമായി മുറിക്കവിതകൾ എന്ന പേരിൽ ഒരു കവിത എഴുതുന്നത് . പിന്നീടതിനു തുടർച്ചയുണ്ടായി. ഇന്നും നാളെയും  ഫ്രീ ആയി പുസ്തകം kindle ആപ്പ്  വഴി ഡൌൺലോഡ് ചെയ്യാം. മൊബൈലിൽ kindle app ഇൻസ്റ്റാൾ ചെയ്ത ശേഷം താഴെ ഉള്ള ലിങ്ക് വഴിയോ പുസ്തകത്തിന്റെ പേര് സെർച്ച് ചെയ്തോ ഫ്രീ ആയി മുറിക്കവിതകൾ ഡൌൺലോഡ് ചെയ്യാവുന്ന താണ് .  ഇത് വരെ വായിച്ചതും പ്രോത്സാഹിപ്പിച്ചതും നിങ്ങളാണ് . എല്ലാവര്‍ക്കും നന്ദി സ്നേഹം .

Link  - https://www.amazon.in/dp/B08FNSBZQV

Sunday, July 5, 2020

കളഞ്ഞു പോയ കൊലുസ്സ്.

നെഞ്ചിലെ  കിളിവാതിൽ അല്പം  തുറന്നൊരു
വാക്കിന്റെ കാഴ്ച തേടുമ്പോൾ. 
ദൂരെയൊരു മരമൊന്നിൽ പാർക്കുന്ന പക്ഷി 
ഒരു പാട്ടിന്റെ കൂടു തിരയുമ്പോൾ. 
ഏതോ പരിചിതമായൊരു മണമെന്റെ  
കരളിനെ തൊട്ടിട്ടു 
പണ്ടേ മറന്നൊരു പാട്ടായി 
പരിണമിക്കുമ്പോൾ. 

പാട്ടിലെ പെൺകുട്ടി 
പോകുന്ന വഴികളും കൊലുസിന്റെ താളത്തിൽ 
തലയാട്ടി നിൽക്കുന്ന 
നാട്ടു വരമ്പിലെ മുക്കുറ്റിപ്പൂക്കളും. 
അവളോളം പൊക്കത്തിൽ 
ചെമ്പരത്തിക്കാടും 
കാട്ടിലൊളിച്ചൊരു നാന്ദിയാർവട്ടവും.
മുല്ലയും തെച്ചിയും മലാഞ്ചി മൊഞ്ചുമായ് 
കൂടെ നടക്കുന്ന വഴിയിലെ വേലിയും.
ഒറ്റക്കൊലുസിന്റെ താളത്തിലോർമ്മയിൽ 
എന്നോ കളഞ്ഞൊരു 
കൊലുസിന്റെ ശബ്ദവും . 

കൗതുകത്തോടവൾ നുള്ളിയെടുക്കുന്ന  
ബോക്സിലൊളിപ്പിച്ചു മാറോടു ചേർക്കുന്ന 
സ്‌ളേറ്റ്  മയക്കുന്ന 
മാമര കൂട്ടവും. 
അവളുടെ വിരലിലൊരു 
പഞ്ഞിപോലെഴുകുന്ന 
കുഞ്ഞനിയന്റെയാ കൺമഷി ചന്തവും. 
അവളുടെ ചൂണ്ടു വിരലുകൊണ്ടനിയന്റെ 
കവിളിൽ വരച്ചൊരു  നുള്ളും തലോടലും 
പാട്ടിൽ തെളിഞ്ഞു തെളിഞ്ഞു മാഞ്ഞീടവെ . 
ദൂരെയൊരു മരമൊന്നിൽ  പാർക്കുമാ  പക്ഷി 
തൻ പാട്ടിന്റെ കൂടു കാണുന്നു. 
ഹൃദയത്തിന് കിളിവാതിൽ മുഴുവൻ തുറന്നു ഞാൻ 
വാക്കിന്റെ ജാഥ കാണുന്നു. 
എന്നോ കളഞ്ഞുപോയവളുടെ കൊലുസു 
ഞാൻ കവിതയിൽ കണ്ടെടുക്കുന്നു. 
...........................................................................


Monday, March 16, 2020

ജയിക്കുന്ന മൗനങ്ങൾ

അലസനായ ഞാൻ
എന്നേക്കാൾ
വിരസമായൊരു ദിനം
മടുത്തു മടുത്തൊരു
കവിതയെഴുതാനിരിക്കുന്നു.
അധ്വാനിയായ ഒരാൾ
രാജ്യത്തെ വിഭജിച്ച
ദിവസമായിരുന്നു അന്ന്.
“മൗനം ശബ്‍ദത്തോടോ
അധികാരം ബലഹീനതയോടോ
ഏറ്റുമുട്ടിയാൽ
ഭയം മാത്രം അവശേഷിക്കും “
എന്നെഴുതി നിർത്തിയ
ദുർബലനായ എന്റെ
ദുർബലമായ കവിതയിലേക്ക്
ഒരു കൂട്ടം കുട്ടികൾ കടന്നുവരുന്നു
മൗനത്തിൽ തുടങ്ങി
കരച്ചിലായി
ചെറുത്തുനിൽപ്പായി
സംഗീതമായി
അത് നാടിനെ
ചേർത്തു പിടിക്കുന്നു.
ശരിക്കും
അധികാരം
തോറ്റുപോവുകയായിരുന്നു
മൗനം
ജയിക്കുകയായിരുന്നു.



മൊഴി 2019 

തെറിബുദ്ധൻ

അതി നിഗൂഢമെന്നു തോനുന്ന 
തികച്ചും സാധാരണമായ
ചില വളവുകളിൽ
കുട്ടപ്പൻ ബുദ്ധനാവാറുണ്ട്‌.

അടുത്ത നിമിഷം തന്നെ വീണ്ടും 
കുട്ടപ്പനാവുമെന്നതിനാലാവണം
ഈ കാര്യം ചർച്ച ചെയ്യാൻ 
ശിഷ്യഗണങ്ങളെ സൃഷ്ട്ടിക്കാൻ 
അദ്ധേഹം മടിച്ചിരുന്നു .

ഉദാഹരണത്തിനു
കാമുകിയുടെ ചുണ്ടിൽ
മൂന്നാമത്തെ പ്രാവശ്യം ഉമ്മവെച്ചു 
രണ്ടാമത്തെ മിനുട്ടിൽ
ബുദ്ധനാവുക 
എന്നതിൽ ഒരു നിഗൂഢതയില്ലേ.?
പക്ഷെ വളരെ സാധാരണം 
എന്നമട്ടിൽ അവിടെ നിന്നും
തിരിച്ചുപോന്നിട്ടുണ്ട്‌ കുട്ടപ്പൻ .

പിന്നീടൊരിക്കൽ
തെരുവു വിളക്കുകളെ 
നോക്കി കിടക്കുമ്പോൾ .
പാറ്റകൾ പ്രാണികൾ
എന്നുവേണ്ട
ഒരു കവിക്കുപോലും 
തെരുവു വിളക്കുകളിൽ 
ഒരുപാട്‌ സാധ്യതകളുണ്ട്‌.
പക്ഷേ കുട്ടപ്പൻ 
അങ്ങനെയൊരാളെയല്ല 

എങ്കിലും അന്ന്
കൃത്യമായി പറഞ്ഞാൽ
നാലാമത്തെ മിനുറ്റിൽ
താൻ തന്നെ ഒരു തെരുവു വിളക്കാണെന്നു
അയാൾക്ക്   തോനുകയും 
അയാൾ ബുദ്ധനാവുകയുമായിരുന്നു.
ഞാനതിൽ ഒരു
നിഗൂഢത കാണുന്നുണ്ടെങ്കിലും
കുട്ടപ്പൻ
അടുത്ത നിമിഷം
വളരെ സാധാരണമെന്നവണ്ണം
ഉറങ്ങുകയായിരുന്നു .


അവസാനമായി ഇന്നലെ
വെള്ളം പോലെ
തെളിഞ്ഞമനസ്സുമായി
അയാൾ ബൈക്കോടിച്ചു
പോകുകയും .
അതേ നിമിഷം എതിരെ വന്ന ലോറി
ബൈക്കിൽ ഉമ്മവെക്കാനായുകയും
"ഫ മൈരേ "
എന്നൊരു തെറിയോടെ
കുട്ടപ്പൻ ബൈക്ക്‌ വെട്ടിച്ചു രക്ഷപെട്ടതും
ആ നിമിഷം അയാളൊരു
ബുദ്ധനായതു കൊണ്ടു മാത്രമായിരുന്നു .
അതി നിഗൂഢമായ കാര്യങ്ങളാണിവയെല്ലാം
തെറി പറയുന്ന ബുദ്ധൻ 
നിങ്ങൾക്കു അത്ര സാധാരണമല്ലെങ്കിൽ കൂടെ .

impressio മാസിക 2018 ജൂൺ

നീ എന്നോടു പിണങ്ങുമ്പോൾ.

നീ എന്നോടു പിണങ്ങുമ്പോൾ 
ഈ ലോകം മുഴുവൻ 
എന്നോടു പിണങ്ങുന്നു.
മണൽത്തരികൾ പോലും മിണ്ടാത്തൊരു
മരുഭൂവിൽ 
ഒറ്റപ്പെട്ടൊരാളെപോലെ,
ഏതോ ഒരു 
നനുത്ത ഓർമ്മയെ 
കൂട്ടിനു വിളിച്ചു
പിന്നെയും പിന്നെയും പരാജയപ്പെടുന്നു.
ആരും 
കളിക്കാൻ കൂട്ടാത്ത 
കുട്ടിയെ പോലെ 
വീണ്ടും വീണ്ടും 
വിതുമ്പുന്നു.
നീ എന്നോടു പിണങ്ങുമ്പോൾ 
ഈ കവിത പോലും 
എന്നോടു പിണങ്ങുന്നു.
ഏറെ ഉണ്ടായിട്ടും 
ഒരു വാക്കു തരാതെ 
വഴി തരാതെ 
പിച്ചക്കാരനെ പോലെ 
ആട്ടുന്നു. 
പക്ഷേ 
ഓർമ്മകളുടെ 
ഒരു കടലാസ്സു തോണി
നിന്നിലേക്കു തുഴയുന്നുണ്ട്‌.
അതു നിന്നിലേക്കെത്തും വരെ ,
നീ ഇണങ്ങും വരെ ,
ഈ ഞാൻ പോലും 
എന്നോടു പിണങ്ങുന്നു.

- 2018

മൗനം

വർണ്ണക്കടലാസുകൾ 
അലങ്കരിച്ച
ഏതോ ഒരു ക്ലാസ്സിൽ
നിൽക്കുകയാണ് ഞാൻ .
കണ്ടിട്ടും കാണാത്ത പോലെ 
നീയും .

ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട
ദ്വീപുകൾ ആയിരുന്നു
നമ്മളപ്പോൾ .
മൗനം മുറിക്കാനാവാം
ഒരു മഴ പെയ്യാൻ വിതുമ്പുന്നു .

പണ്ടെപ്പോഴോ
മറ്റു രണ്ടുപേർ
ഇതേ ക്ലാസ്സിൽ
ഇതേ പോലെ നിന്നിരിക്കണം .
മൗനം ഭാഷയാണെന്നറിഞ്ഞു
പരസ്പരം ഒന്നും പറയാതെ
അവരും
മാഞ്ഞുപോയിട്ടുണ്ടാവണം.
.
പുഴ മാഗസിൻ 2017 .