add

Saturday, January 2, 2021

പക്ഷി


വീടിന്റെ മരത്തിന്റെ 
ചില്ലയിൽ ഒരു കിളി 
വന്നിരുന്നു പാടുന്നു. 
ഇണയെ കൊഞ്ചി 
വിളിക്കുന്ന പോലെയോ 
സംസാരിച്ചു തുടങ്ങിയിട്ടില്ലാത്ത 
കുഞ്ഞിന്റെ പാട്ടുപോലെയോ 
ഭ്രമാത്മകതയുടെ 
ആവിഷ്കാരം പോലെയോ 
പ്രകൃതിയുടെ പൂര്ണതപോലെയോ 
അങ്ങനെ ഏതൊക്കെയോ 
തോന്നി എനിക്ക് .

ഞാനൊരു 
തോക്കെടുത്ത് ഉന്നം 
പിടിച്ചു.
 
എനിക്ക്  പെട്ടന്ന് 
മാധവിക്കുട്ടിയെ ഓർമ്മ വന്നു 
അവരുടെ വാക്കുകളും. 

മുറിക്കവിതകൾ 

 


ഉറുമ്പിനോളം ചെറുതാവുമോ 
ഉറുമ്പിൻ സങ്കടങ്ങളെന്നു 
ഓർത്തോർത്തു ഉറങ്ങാതിരുന്ന 
ഒരു കുട്ടി 
വലുതായപ്പോൾ 
പ്രപഞ്ചത്തോളം വലുതാവുമോ 
പ്രണയമെന്നു അന്തിച്ചിരിക്കുന്നു .

...................................................................

ഹലോ 
ഹലോ 
കഴിച്ചോ 
കഴിച്ചോ 
:-)
:-)
പിന്നെ ഉണ്ടല്ലോ 
പിന്നെ ഉണ്ടല്ലോ 
ടെലിപ്പത്തിയെ കൊണ്ട് തോറ്റു.
മറ്റാർക്കും മനസ്സിലാകാത്ത 
കവിത പോലെ 
എത്ര നേർത്ത നൂലുകൊണ്ടാവും 
പ്രണയം കണക്ട് ചെയ്യപ്പെടുന്നത് .

മുറിക്കവിതകൾ. 


ഒരിക്കലൊരു തെരുവിൽ വച്ച് 
എന്നോടൊരു  വൃദ്ധൻ സ്വപ്‍നം  
ദൈവത്തിന്റെ ഭാഷയാണെന്നു പറഞ്ഞു.
ഒരു സ്വപനങ്ങളുടെയും അർത്ഥമറിയാത്ത 
ഞാൻ കവിത എഴുതാൻ തുടങ്ങി.
............................................................................

പാതി പാടി നിർത്തിയ ഒരു പാട്ടിനെ 
വീണ്ടുമോർക്കുമ്പോൾ 
തോന്നുന്നതെന്താവും .
മുഴുവനാവാത്തതിന്റെ രസമോ ?  
കുഞ്ഞു കുഞ്ഞു താളപ്പിഴകളോ ? 
അങ്ങനെ ഓർക്കുമ്പോൾ തോന്നും 
പാതി പാടി നിർത്തിയ പാട്ടാണെന്റെ 
പ്രണയമെന്നു .

................................................................................ 
ഏറ്റവും പ്രയാസപ്പെട്ടു 
നേടിയതും എന്നാൽ 
സന്തോഷം തന്നതുമായ 
ഒരു രാജ്യത്തെ പറ്റി 
പറയാൻ 
ലോകം കീഴടക്കിയ 
ചക്രവർത്തിയോട് 
ഒരാൾ ആവശ്യപ്പെട്ടു.
കാമുകിയുടെ ശ്രദ്ധിക്കപെടാത്ത 
ഒരു മറുകെന്നു 
ചക്രവർത്തി.
ശെരിയാണ് 
എത്ര പടനയിച്ചതാവും 
ഓരോ പ്രണയവും.