add

Monday, May 17, 2021

അങ്ങനെ ഒന്നുമില്ല

ഒരൊഴുക്കൻ മട്ടിൽ

"അങ്ങനെ ഒന്നുമില്ല"
എന്ന കവിത 
പലപ്രാവശ്യം ചൊല്ലിപ്പോയിട്ടുണ്ടു 
ഞാനും , നിങ്ങളും.

അവളെ കണ്ടു  മടങ്ങുമ്പോൾ ,
സങ്കടപ്പെടണ്ട 
എന്ന വാക്കിനു 
മറുവാക്കായാവാം 
"അങ്ങനെ ഒന്നുമില്ല"
എന്ന കവിത
ആദ്യമായി ചൊല്ലിയതു.

പലരുമിതു പലവട്ടം തെളിഞ്ഞു 
ചൊല്ലിയിട്ടുണ്ട് 
കണ്ണിൽ പ്രണയക്കടൽ ഒളിപ്പിച്ച്
‌അവൻ പറയും -
"അങ്ങനെ ഒന്നുമില്ല"
ഉള്ളിൽ സങ്കടത്തീ നിറച്ചൊരമ്മ പറയും
"അങ്ങനെ ഒന്നുമില്ല"
കരളുതൊട്ട കൂട്ടുകാരനു വേദനിച്ചാൽ പറയും
"അങ്ങനെ ഒന്നുമില്ല"
കാത്തിരുന്നുകിട്ടിയ ഉമ്മ 
കിട്ടിയോ എന്നു ചോദിച്ചാൽ 
എല്ലാരും പറയും,
"അങ്ങനെ ഒന്നുമില്ല"

അങ്ങനെ ഒന്നുമില്ല ,
അങ്ങനെ ഒന്നുമില്ല,
അങ്ങനെ ഒന്നുമില്ല ( ഞാൻ ചൊല്ലി മടുത്തു.)

കൂട്ടുകാരാ
താങ്കളുടെ ചോദ്യം ഞാൻ കേട്ടിരിക്കുന്നു.
ഇതെന്തു കോപ്പിലെ കവിത എന്നല്ലേ.?
അതിനു ഉത്തരമാണു ആദ്യമേ പറഞ്ഞതു.
"അങ്ങനെ ഒന്നുമില്ല".

.....................
LitArt April 2021

കുഴിയാന

വെളുത്ത കൊമ്പും 
നെറ്റിയിലൊരു പട്ടവും 
തലയ്ക്കു മീതെ തിടമ്പും 
കാലിലൊരു ചങ്ങലയും 
കൊമ്പിൽ കോർക്കാനൊരു 
പാപ്പാനുമില്ലാഞ്ഞിട്ടും 
കുഴി 'ആന' 

താനേ കുഴിച്ച കുഴിയിൽ 
പതിയിരിക്കുമ്പോഴും 
പറക്കാനുള്ളൊരു സ്വപനം 
കുഴിയാന 
കാത്തുവയ്ക്കുമായിരുന്നു  .
മേളം പെരുകുമ്പോൾ 
ആശ്വാസത്തിനായി 
ഒരാന കാട് സ്വപനം 
കാണുന്നത് പോലെ. 

സന്തോഷങ്ങളുടെ 
ഇമയനക്കങ്ങൾക്കായി 
കുളിച്ചു പൂശാനും 
ഒളിച്ചിരിക്കാനും 
മണല് വേണം 
രണ്ടുപേർക്കും 
എന്നതൊഴിച്ചാൽ 
നിഗൂഢമായ ഒരു 
ഒളിവു ജീവിതത്തെ 
തുറസ്സായൊരു 
കാട് ജീവിതത്തോട് 
കൂട്ടികെട്ടാൻ 
ആരാവും 
വാരിക്കുഴി കുത്തിയതു ?

ഒന്നോർത്തു നോക്കിയാൽ 
ആനയെ വരക്കാൻ പോലും 
എന്തെളുപ്പമാണ് ?
റ യിൽ രണ്ടു വരയിൽ 
കൊമ്പു .
നാല് വരയിൽ 
കാല് .
പക്ഷെ 
കുഴിയാനയുടെ 
ഒരു 
ചിത്രം പോലും കണ്ടിട്ടുണ്ടോ 
നിങ്ങൾ ? 

..............................
തസ്രാക് മാഗസിൻ - March 2021