ഇതുവരെ
പോയിട്ടില്ലാത്തൊരു തെരുവു
സ്വപനം കണ്ടു ഇന്നലെ .
അർദ്ധനഗ്നനായൊരാളിരുന്നു
ആളുകൾക്കു പുതയ്ക്കാൻ
സ്വപ്നങ്ങൾ നെയ്യുന്നൊരു
തെരുവ്.
കണ്ണിനു പകരം കണ്ണല്ല
എന്നു പുലമ്പി
അയാൾ മുറിവേറ്റവനു
മുത്തം കൊടുക്കുന്നു.
ഏതോ ഒരു
അന്യഗ്രഹത്തിലെന്ന പോലെ
അന്യമതസ്ഥരെ കെട്ടിപ്പിടിക്കുന്നു ആളുകൾ.
പതിവുപോലെ
വെടിയുണ്ട അയാളുടെ
നെഞ്ഞു തുളയ്ക്കുന്നു.
പക്ഷെ ഞാൻ
വ്യക്തമായി കണ്ടതാണു
ഈ പേക്കിനാവിൽ
ആളുകൾ കരഘോഷം മുഴക്കുന്നു.
വെടിവെച്ച ആൾക്കു
പണിയാനിരിക്കുന്ന
ക്ഷേത്രത്തിലെ
ദൈവത്തിന്റെ അതേ മുഖമാണു.
ശാന്തിക്കാരന്റെ അതേ ഭാവമാണു.