add

Wednesday, March 22, 2023

കാറ്റ്

കുന്നിൻ ചെരുവിൽ
കാറ്റിനെ കണ്ടപ്പോൾ 
നെഞ്ചിനകത്തോരാന്തല്  തോന്നി . 
എന്താ അളിയാ ഒറ്റക്കെന്നു 
ചോദിച്ചു 
പുള്ളി തോളിൽ കയ്യിട്ടു.

'ഓനു കാറ്റാടോഎന്ന് 
എന്നെ പറ്റി പലരും 
പറയുന്നതെനിക്കറിയാം.
കാര്യം ഞങ്ങൾ 
ഒരേ തരക്കാരാണ് 
കൂട്ടുകാരാണ്  
എങ്കിലും ആളൊരു നാറിയാണ്.
കുടിച്ച കള്ളിന്റെയും
അടിച്ച മുല്ലപ്പൂ സെന്റിന്റെയും മണം.

ഞങ്ങളൊരു സിഗരറ്റു കത്തിച്ചു 
മുക്കാലും പുള്ളി വലിച്ചു.
പതിവുപോലെ പ്രേമത്തെ പറ്റിയും 
കവിതയെപ്പറ്റിയും പറഞ്ഞു 
ഞങ്ങൾ ഉടക്കി.

കള്ളു കുടിച്ചാ വയറ്റിൽ കിടക്കണം 
എന്ന് പറഞ്ഞതിന് 
നീ പോടാ മൈരേ എന്ന്  
പുള്ളി എന്നെ ആട്ടി.
നീ പോടാ നാറി എന്ന്  ഞാനും.

എന്‍റെ മുടിയിൽ പിടിച്ചു വലിച്ചു 
അടുത്തുള്ള മരത്തിനൊരു 
ചവിട്ടും കൊടുത്തു 
കാറ്റു താഴ്വാരത്തിലെ വീട്ടിലേക്കു 
ഒളിഞ്ഞു നോക്കാൻ പോയി.

- Published in Mozhi.org

Wednesday, March 8, 2023

ഇലക്കിളികൾ

ഇല കിളിയായും
കിളി ഇലയായും 
തോന്നുന്ന 
ആ ഒറ്റ നിമിഷത്തിലാണ് 
മരങ്ങൾ 
പ്രണയത്താൽ 
പൂവിടുന്നത്.