add

Sunday, August 27, 2023

വിരിയാത്ത പീലികൾ

 ഏറെ നാളുകൾക്കിപ്പുറം 

പഴയൊരാ 
നോട്ടുബുക്കു തുറന്നു 
ഞാനിന്നലെ. 

പോര പോരെന്നു 
കൂർപ്പിച്ചെഴുതിയ 
നിന്റെ പേരുണ്ടവസാന 
പേജതിൽ .

ഒത്ത നടുവിലെ പേജിൽ 
ചിരിക്കുന്നു 
വിരിയുവാൻ പണ്ട് 
വച്ചൊരു പീലികൾ. 

ഇത്രകാലവും ഒറ്റക്കിരിന്നിട്ടു 
മൊന്ന്  വിരിയുവാൻ 
തോന്നാത്തതെന്തെടോ? 

കണ്ണിറുക്കി പറയുന്നു 
പീലിയും. 
വിരിയുവാൻ വച്ച കാലത്തു 
നിന്റെയാ 
കണ്ണിലാകാശമുണ്ടായിരുന്നെടോ.

കണ്ണുനീർ മഴ പെയ്തത് 
സത്യമാണെന്നു പറയുന്നു 
താളുകളൊക്കവേ . 

Sunday, May 14, 2023

മഴപ്പാറ്റ

സന്ധ്യ വേച്ചു നടന്നു പോയി 

വന്നു നിൽക്കുന്നു. 
മണ്ണിനിത്ര മണം കൊടുത്തൊരു 
പുതു മഴ പെണ്ണ്.
മണ്ണെടുത്തു രുചിച്ചു നോക്കാൻ 
മനസ്സ് പറയുന്നു. 
പാഠമെത്ര പഠിച്ചു തീർക്കാൻ 
അമ്മ പറയുന്നു.
ദൂരെ രാവിൻ പാട്ടു പോലൊരു 
കാറ്റു വീശുന്നു. 
രാവു പൂശിയ കരിയെടുത്തൊരു 
തിലകമാക്കുന്നു.

കൂരിരുട്ടിൻ പൂവു പോലൊരു 
മൺചിരാതൊന്നിൽ. 
നീണ്ട കണ്മുന ചിമ്മി വീണ്ടും 
അഗ്നി തെളിയുന്നു.
വിരസമാം കുഞ്ഞക്ഷരങ്ങളിൽ 
വിരലു പായുമ്പോൾ. 
കൊടിയ സാധനമോർത്തു 
പോം ഈ പുസ്തക താള്.

മൺചിരാതിൻ നാളമൊന്നു 
പിടഞ്ഞെണീക്കുമ്പോൾ. 
അദൃശ്യമായൊരു നൂലുകൊണ്ട് 
കൊരുത്തൊരീവണ്ണം.
അടുത്ത് വന്നു കളിക്കയാണീ 
മഴയുടെ കുഞ്ഞു.
പേറ്റു നോവിൻ ഗന്ധമാവാം 
മണ്ണു മണമെന്നും. 
പുതു മഴ പെറ്റിട്ടതാവാം 
ഈ മഴപ്പാറ്റ.
ലോകമെത്ര പരന്നതാണിവനോർത്തു 
നിൽക്കുമ്പോൾ 
കുഞ്ഞു തീ ചെറു നാമ്പിലായി 
ഭൂമി തിരിയുന്നു.

ക്ഷണികമെന്നാൽ ജീവിത രസ
മധുര പാനീയം 
ആസ്വദിച്ചു രുചിച്ചു 
മെല്ലെ നൃത്തമാടുന്നു.
വീണുപോകാം പലരുമെന്നാൽ 
കുഞ്ഞിതൾ പുറ്റിൽ 
വാഴുവാനായ് ബാക്കിയുള്ളവർ 
ഒത്തു നിൽക്കുന്നു.

നേരമേറെ ഇരുട്ടിടുന്നു 
ബാക്കിയാവുന്നു. 
പ്രണയമോടെ പൊഴിച്ച് മാറ്റിയ 
കുഞ്ഞിതൾ ചിറക്.
എന്‍റെ കണ്ണിലുറക്കമോടെ 
ഞാൻ മയങ്ങുമ്പോൾ 
പ്രണയമോടെ മരിച്ചുപോയവർ 
വന്നു മുട്ടുന്നു.
പുലരി വന്നു വിളിച്ചിടുമ്പോൾ 
പൂക്കളാവുന്നു.
മരിച്ചു പോയവർ ബാക്കിയാക്കിയ 
കുഞ്ഞിതൾ ചിറക്.

-- Asianet News Chilla Magazine 

രാഗ

രാഗ 

നീ നേർത്തൊരു രാഗം പോലെ 

എവിടെയും കടന്നു ചെന്നു.
വെറുപ്പിന്റെ ദേശത്തു 
സമാധാനത്തിന്റെ വിത്ത് പാകി. 

നേർത്ത ഒരു ഗാനം 
യുദ്ധ കാഹളത്തിനിടയിൽ 
ശ്രദ്ധിക്കപ്പെടണമെന്നില്ല 
പക്ഷെ 
സമാധാനം ആണ് അവസാനം 
വിജയിക്കുകയെന്നു  എത്ര യുദ്ധങ്ങൾ 
നമുക്ക് പറഞ്ഞു തന്നു.

മനുഷ്യരുടെ ഹൃദയത്തിലേക്ക് 
ചർക്ക തിരിച്ചു 
ഏകനായി നടന്നു 
ഏകനായി രാജ്യത്തെ 
മോചിപ്പിച്ച 
ഒരാളെ നമുക്കോർക്കാം. 
ഇന്ത്യയുടെ ശബ്ദത്തിനു വേണ്ടി 
മൗനമായി പൊരുതിയ ഒരാളെ.

പാട്ടിനെ തുറങ്കിലടക്കാൻ  
ഒരു രാജാവ് നിനച്ചാൽ 
പാട്ട് പിന്നെയും പരന്നൊഴുകും. 
പാട്ടു മാത്രം അവശേഷിക്കും. 
കേട്ടിട്ടില്ലേ 
വിഡ്ഡിയായ നഗ്‌നയായ 
രാജാവിന്റെ കഥ. 


-- മനോരമ ഓൺലൈൻ 

Monday, May 1, 2023

ഓർമത്താള്.


കാലത്തിനപ്പുറത്തെവിടെ നിന്നോ
ഒരു കടലാസ്സു വഞ്ചി തുഴഞ്ഞു വന്നു.
കാറ്റു കാണാതെ കരുതി വച്ച
പട്ടങ്ങൾ കൂടെ ഉണ്ടായിരുന്നു.

ഏറ്റവുമവസാന ബെഞ്ചിലാരോ
വച്ചു മറന്നൊരു പുസ്തകത്തിൽ
എഴുതിയ പ്രണയാക്ഷരങ്ങളൊന്നായ്
നീലഞരമ്പായ് തെളിഞ്ഞു വന്നു.

മഷി തൂവിയ ചില താളുകളിൽ
കണ്ണീരു വീണു പടർന്നിരുന്നു.
പങ്കുവെച്ചുള്ള പൊതിച്ചോറുകൾ
പറയാത്ത വാക്കുകളായിരുന്നു.

കരിമഷി എഴുതിയ കണ്ണുകളിൽ
ആവോളമാഴമുണ്ടായിരുന്നു.
വിരിയാൻ തുടങ്ങുന്ന പൊടിമീശ
എപ്പോഴും തോളിലായ് 
കൈത്തലം ചേർത്തിരുന്നു.
നോവുമെന്നോർത്തു പറഞ്ഞതെല്ലാം
നോവൊട്ടുമില്ലാതെയായിരുന്നു.

ഇല്ലാത്ത പേടി കഥകളിലെ പ്രേതങ്ങൾ
സ്വപ്നം മുറിച്ചിരുന്നു.
പാതി മുറിഞ്ഞൊരു പാട്ട് കാലം
പിന്നെയും പാടുന്നതുണ്ടുപോലും.

--- പൂക്കാലം മാഗസിൻ 


Tuesday, April 11, 2023

ഞാൻ അറിയാത്ത നീ.

 

കടൽ കാണാൻ പോയപ്പോൾ 

മണൽതരിക്കൊന്നിനു നിന്‍റെ പേരിട്ടു.

നിലാവുദിച്ചിട്ടുണ്ടായിരുന്നു 

കടല് പാല് പോലെ പതഞ്ഞു.


ഞങ്ങൾ മാത്രമായെന്നു 

തോന്നിയപ്പോൾ 

വഴികളെ പറ്റി സംസാരിച്ചു.

ആരുടെയൊക്കെയോ വഴികളിലൂടെ 

എനിക്കെന്റെ വഴിയെന്ന്

എത്രയോ വട്ടം നടന്നിട്ടുണ്ട് ഞാൻ.


പോയതും തെറ്റിയതുമായ 

പാതകളൊക്കെ 

പറഞ്ഞു നിറുത്തിയപ്പോൾ 

അത് ദൂരെ 

ഒരു നക്ഷത്രത്തെ ചൂണ്ടി.

എനിക്ക് മാത്രം 

മനസ്സിലാവുന്ന ഭാഷയിൽ 

അവിടെ നിന്നാണ് 

യാത്ര തുടങ്ങിയതെന്ന് പറഞ്ഞു.

പതുക്കെ ഹൃദയത്തിൽ തൊട്ടാൽ 

ഇപ്പോഴും ആ നക്ഷത്രത്തിന്റെ ചൂടറിയാമെന്നും പറഞ്ഞു.


നക്ഷത്രത്തെയും മണല്തരിയെയും 

മാറി മാറി നോക്കി 

മൗനമായി തൊട്ടപ്പോൾ ശെരിയാണ് 

നിന്‍റെ അതേ ചൂട്.

അധികാരം


ഒരു മരത്തിൽ കൂടുകൂട്ടിയ 

കിളികൾ നിർത്താതെ ചിലക്കുന്നു.


ഒരു കവിയായി കേൾക്കൂ.

ഏതു തൂവലിന്റെ കാന്തിയെ പറ്റി 

ഏതു നോവിന്റെ വീക്കത്തെ പറ്റി 

ഏതു പ്രതിഷേധത്തിന്റെ പാട്ടാവും 

അവർ പാടുന്നത്.


വേണ്ട 

ഒരു സാധാരണ 

മനുഷ്യനായി കേൾക്കൂ 

എന്ത് വിശേഷങ്ങളാവും 

അവ പങ്കു വെക്കുന്നത് . 


ഇനി അധികാരമുള്ള 

ഒരു മരമായി കേൾക്കൂ.

വെറും ചിലക്കലുകൾ കരച്ചിലുകൾ

അത്ര മാത്രം.

Wednesday, March 22, 2023

കാറ്റ്

കുന്നിൻ ചെരുവിൽ
കാറ്റിനെ കണ്ടപ്പോൾ 
നെഞ്ചിനകത്തോരാന്തല്  തോന്നി . 
എന്താ അളിയാ ഒറ്റക്കെന്നു 
ചോദിച്ചു 
പുള്ളി തോളിൽ കയ്യിട്ടു.

'ഓനു കാറ്റാടോഎന്ന് 
എന്നെ പറ്റി പലരും 
പറയുന്നതെനിക്കറിയാം.
കാര്യം ഞങ്ങൾ 
ഒരേ തരക്കാരാണ് 
കൂട്ടുകാരാണ്  
എങ്കിലും ആളൊരു നാറിയാണ്.
കുടിച്ച കള്ളിന്റെയും
അടിച്ച മുല്ലപ്പൂ സെന്റിന്റെയും മണം.

ഞങ്ങളൊരു സിഗരറ്റു കത്തിച്ചു 
മുക്കാലും പുള്ളി വലിച്ചു.
പതിവുപോലെ പ്രേമത്തെ പറ്റിയും 
കവിതയെപ്പറ്റിയും പറഞ്ഞു 
ഞങ്ങൾ ഉടക്കി.

കള്ളു കുടിച്ചാ വയറ്റിൽ കിടക്കണം 
എന്ന് പറഞ്ഞതിന് 
നീ പോടാ മൈരേ എന്ന്  
പുള്ളി എന്നെ ആട്ടി.
നീ പോടാ നാറി എന്ന്  ഞാനും.

എന്‍റെ മുടിയിൽ പിടിച്ചു വലിച്ചു 
അടുത്തുള്ള മരത്തിനൊരു 
ചവിട്ടും കൊടുത്തു 
കാറ്റു താഴ്വാരത്തിലെ വീട്ടിലേക്കു 
ഒളിഞ്ഞു നോക്കാൻ പോയി.

- Published in Mozhi.org

Wednesday, March 8, 2023

ഇലക്കിളികൾ

ഇല കിളിയായും
കിളി ഇലയായും 
തോന്നുന്ന 
ആ ഒറ്റ നിമിഷത്തിലാണ് 
മരങ്ങൾ 
പ്രണയത്താൽ 
പൂവിടുന്നത്.