add

Saturday, March 19, 2022

അപ്പൂപ്പൻതാടി



അപ്പൂപ്പൻതാടിയിൽ

ഒരു താടി മാത്രമല്ല 
കിടാവിനെ തോളേറ്റി
പറക്കുന്ന
വാത്സല്യത്തിന്റെ 
പല്ലില്ലാ ചിരി കൂടെ 
ഒരു മരം വായിച്ചെടുക്കുന്നു.

ഇന്നലകളിൽ ഇന്നിൽ 
വേരാഴ്ത്തി 
ഉറച്ചു നിൽക്കുമ്പോഴും  
എന്നോ പറന്നു നടന്നൊരോർമ്മ 
മരത്തിനെ 
കിടിലം കൊള്ളിക്കുന്നു.

ഏറ്റവും പിറകിലത്തെ 
ഏറ്റവും ആദ്യത്തെ ഓർമ്മയിൽ 
അപ്പൂപ്പന്റെ തോളേറി 
താൻ കണ്ട കാഴ്ച്ചകൾ 
ഒരു മനുഷ്യൻ 
ഓർത്തെടുക്കും പോലെ.


Pic Courtesy - Unnimaya 

Tuesday, January 18, 2022

ഉസ്കൂൾ വഴി

 ഉസ്കൂളിലേക്കുള്ള വഴികളിൽ 

നിറയെയും ഈ മഷിത്തണ്ടുകൾ 

നട്ടതാര് ?

ഉസ്കൂളിലേക്കു നടക്കുമ്പോഴെല്ലാരും 

ഓരടി വച്ച്  നടക്കയാവും .


മൈനയെ ഒറ്റയായ് കാണുകയാണെങ്കിൽ 

കൂടെയുള്ളോരെയും കാട്ടിടേണം.

രണ്ടെണ്ണമുണ്ടെങ്കിൽ ആരോടും മിണ്ടണ്ട 

കിട്ടും മധുരമുറപ്പുതന്നെ.

പച്ചയിൽ തന്നെ തൊടണമറിയാതെ 

ചാണകമെങ്ങാൻ ചവിട്ടിപോയാൽ.


തെല്ലൊരു ദൂരം നടക്കുമ്പോഴാ വളവിൽ 

നല്ലൊരു മാവുണ്ട് നാട്ടുമാവ് .

കൂട്ടത്തിൽ മൂപ്പുള്ളേരേട്ടൻമാർ 

കല്ലെടുത്തെറിയുമാ മാവിന്റെ തുഞ്ചാണിക്കു.

 

ചക്കര പഴമെങ്ങാൻ വീഴുകയാണെങ്കിൽ 

ആദ്യമെടുക്കുന്നവർക്കു തന്നെ .

മുടി രണ്ടും പിന്നിയ കൂട്ടത്തിൽ കുഞ്ഞിയാം 

അനിയത്തി വാവയ്ക്കുമുണ്ട് മാങ്ങ. 


ചാമ്പങ്ങായുള്ളൊരു വീടുണ്ട് നമ്മളോ 

കൊതിവിട്ടു വേഗം നടന്നിടേണം.  

നുള്ളിക്കയൊന്നും പറിക്കാതെ നോക്കണം 

കൂട്ടത്തിൽ കുഞ്ഞുങ്ങൾ കാന്താരികൾ.


വരമ്പിൽ വഴുക്കീട്ടു മുട്ടൊന്നു പൊട്ടിയാൽ 

കമ്മ്യൂണിസ്റ്റ് പച്ച തേച്ചിടേണം. 

കൂട്ടത്തിൽ വിരുതന്മാർ പാടത്തെ തവളയെ 

തൊട്ടിട്ടും തോണ്ടീട്ടും തുള്ളിപ്പിക്കും.

കൊച്ചയെ കല്ലെടുത്തെറിയുകിൽ കിട്ടുന്ന 

പാപത്തെ 

പാവാടക്കാരികൾ ഓർമ്മിപ്പിക്കും .


ഉസ്കൂളടുക്കുമ്പോൾ അമ്പലമൊന്നുണ്ട് 

പ്രാർത്ഥന ചൂരൽ വരാതിരിക്കാൻ. 

ജനഗണ മനയൊന്നു പാടി തീർന്നാൽ പിന്നെ 

ആരും നടക്കില്ല ഒറ്റയോട്ടം .

Sunday, January 16, 2022

കൊച്ചുവാക

പറഞ്ഞു കേട്ടിട്ടുണ്ട്
അപ്പാപ്പന് ഈ പറമ്പിലെ
ഓരോ മരങ്ങളുടെയും
പേരറിയാമായിരുന്നു. 

അപ്പനറിയാവുന്നതിൽ 
ചിലതൊക്കെ 
എനിക്കുമറിയാം. 

കാടെന്ന ഒറ്റ വാക്കിനെ 
മരങ്ങളായി ഇഴ നെയ്താണ് 
അപ്പാപ്പനിവിടെ കുടി വെച്ചത്. 

വടക്കേപ്രത്തെ വരിക്ക 
അന്ദ്രു വരിക്കയും 
താഴെപ്പറത്തെ പഴം 
കുമാരൻ പിലാവും 
ആ കാണുന്ന പാല 
നീലി പാലയുമാണ്. 

അപ്പാപ്പന്റെ കാലത്തെ 
നാല് പീറ്റ തെങ്ങുകൾ 
ഇന്നുമുണ്ട് 
രണ്ടെണ്ണത്തിന്റെ 
പേരെനിക്കറിയാം 
കന്നിയും ,തത്ത പൊത്തനും. 

കൂട്ടത്തിൽ വളരുന്നതുകൊണ്ടാവാം 
വാഴയ്ക്കും കവുങ്ങിനുമൊന്നും 
തനി തനി പേരില്ല 
ജാതിപ്പേരുപോലെ 
ഒറ്റ പേരാണ് 
കരുണാകരൻ പൂവൻ 
കദളി മൈസൂര് എന്നൊക്കെ. 

ആരും കാണാതെ 
ഓലയായി വളർന്നു 
ചക്കയായി വിരിഞ്ഞു ,
അടക്കയായ് ചുവന്ന് 
പാലയായി പൂവിടാൻ 
മരങ്ങൾക്കല്ലേ പറ്റൂ . 

ഞാൻ വച്ച ഈ വീട്ടിലെ വാതിലുകൾ 
ദാക്ഷായണി പിലാവിന്റെതാണ് 
ആരാണ് ദാക്ഷായണിയെന്നു 
എനിക്കറിഞ്ഞുകൂടാ. 
അപ്പാപ്പന്റെ ആരെങ്കിലുമാവാം.

ഇനിയുമെമ്പാടും മരങ്ങളുണ്ടീ 
തൊടിയിൽ 
എനിക്ക് പേരറിയാത്തവ . 
എത്രയോ കാലങ്ങളായി 
പൂത്തും കായ്ച്ചും 
കാറ്റിനോടുമാത്രം 
മിണ്ടിയുമിങ്ങനെ. 

ഒരു മരമാവുകയെന്നാൽ 
ഒരു മനുഷ്യനാവുന്നതുപോലെ 
എളുപ്പമല്ല. 
പേരുള്ള മരമാവുക ഒട്ടും 
എളുപ്പമല്ല. 

ഇത്രയും പറഞ്ഞത് 
ഇന്നെന്റെ മകൻ 
ഞാൻ നട്ട വാകയെ 
കൊച്ചു കൊച്ചു എന്ന് 
തലോടുന്നു. 
അവനീ മരത്തിനു 
കൊച്ചു എന്ന് 
പേരിട്ടിരിക്കുന്നു .