ഒരു മരം ധ്യാനിക്കുമ്പോൾ
അതിന്റെ വേരുകൾ
അടഞ്ഞു പോയ
ഒരു നീരുറവയെ തൊടുന്നു.
ഉൾക്കണ്ണുകൊണ്ടു കാട് കാണുകയും
വിദൂര ദേശത്തുള്ള
ഒരിക്കലും കണ്ടിട്ടില്ലാത്ത
തന്റെ കൂടെ പിറപ്പുമായി
ആത്മ ഭാഷണത്തിൽ
ഏർപ്പെടുകയും ചെയ്യുന്നു .
ഒരു മരം ധ്യാനിക്കുമ്പോൾ
അതിന്റെ ചില്ലകൾ
ഭാവിയിലെ പരിണാമത്തെ
ദർശനപ്പെടുന്നു.
കട്ടിലായോ കുരിശായോ
വീണയായോ വാദ്യമായോ
ഓരോ അണുവും വിറകൊള്ളും.
ഇലകൾ കിളികളായി
ഇലക്കിളികളായി
തോറ്റം ചൊല്ലും.
ഒരു മരം ധാനത്തിലാവുമ്പോൾ
അതിന്റെ നിഴലുകൾ പോലും
പച്ചയാവും.
താഴെ ഒരു മനുഷ്യൻ
വിശ്രമിക്കാനെത്തും.
ആടകളഴിഞ്ഞു നഗ്നമായ പ്രകാശമേറ്റു
ബുദ്ധന്റെ മുഖം ജ്വലിക്കും.
അയാളും ധ്യാനത്തിലേക്കു
വഴുതി വീഴും.
--- ചില്ല മാഗസിൻ - asinet news