add

Wednesday, January 11, 2012

പേരറിയാത്ത പേടികള്‍

നാക്കിലെന്തോ കുരുക്കുന്നു.!
ചൊല്ലുവാന്‍ ഏറെയുണ്ടിങ്ങു കാര്യങ്ങളെങ്കിലും
നാടുതെണ്ടി പ്പിരിഞ്ഞു പോയെന്നിലെ
ക്ഷുഭിത യൌവനം ആര്‍ദ്ര വികാരങ്ങള്‍ .
നാക്കിലെന്തോ കുരുക്കുന്നു-
ചൊല്ലുവാന്‍ ഏറെയുണ്ടിങ്ങു കാര്യങ്ങളെങ്കിലും.
നാടുതെണ്ടി പ്പിരിഞ്ഞു പോയെന്നിലെ
ക്ഷുഭിത യൌവനം ആര്‍ദ്ര വികാരങ്ങള്‍.

പെയ്ത മഴയിലും താണ്ടുന്ന കാറ്റിലും
പൂത്ത പൂവിലും പൊഴിയുന്നൊരിലയിലും.
പെയ്തു തീരാത്ത വിരഹക്കടലിലും
കവിത കണ്ട നാള്‍ കൊത്തിപ്പറിച്ചനാള്‍ .
നഷ്ടസ്മരണകള്‍ നഷ്ടസ്വപ്നങ്ങളും
പറയുവാനെന്റെ നാവ് പൊങ്ങുന്നില്ല.
പേരറിയാത്ത പേടികള്‍ ഇന്നന്റെ
ബോധമണ്ഡലം നോക്കി കുരയ്ക്കുന്നു.!

നേരിലുറവിന്റെ സായന്തനങ്ങളില്‍
പ്രണയമൂറുന്ന നേര്‍ത്തനിലാവിലും
നേടുവാന്‍ വേണ്ടി നഷ്ടപ്പെടുത്തുന്ന
ചിതലരിച്ചിടും തത്വശാസ്ത്രങ്ങളും.
അന്യമാകുന്ന നേരിന്റെ നദികളും
തെരുവ് വാഴുന്ന കഴുകന്റെ നോട്ടവും
അധികമില്ലാത്ത തേങ്ങുന്നൊരരുവിയും
അധികമാകുന്ന ചോരപ്പുഴകളും
പേരറിയാത്ത പേടികള്‍ ഇന്നന്റെ
ബോധമണ്ഡലം നോക്കി കുരയ്ക്കുന്നു.

കണ്ണുപൊത്തി കടന്നു പോകുമ്പോഴും
കേള്‍ക്കുവാന്‍ ഒരു ചാണ്‍ വയര്‍ പാടുന്നു.
തെരുവിലായിരം മോഹങ്ങള്‍ പൂക്കുന്നു
കായ്ച്ചതെല്ലാം വിശപ്പിന്റെ പൂവുകള്‍ .
പ്രണയമെങ്ങോ മരിച്ചു വീഴുമ്പൊഴും
അരികിലായ് നിന്ന് കാമം ചിരിക്കുന്നു.
കണ്ടതെല്ലാം വെറുക്കാന്‍ മറക്കുവാന്‍
കവിത ചാരായ ഷാപ്പുകള്‍ തേടുന്നു .
പേരറിയാത്ത പേടികള്‍ ഇന്നന്റെ
ബോധമണ്ഡലം നോക്കി കുരയ്ക്കുന്നു.

നാക്കിലെന്തോ കുരുക്കുന്നു-
ചൊല്ലുവാന്‍ ഏറെയുണ്ടിങ്ങു കാര്യങ്ങളെങ്കിലും .
നാടുതെണ്ടി പ്പിരിഞ്ഞു പോയെന്നിലെ
ക്ഷുഭിത യൌവനം ആര്‍ദ്ര വികാരങ്ങള്‍ .

33 comments:

  1. താളലയം സുന്ദരമായ വായനാസുഖം നല്‍ക്കുന്ന മികച്ച കവിത സ്നേഹാശംസകള്‍ സതീശന്‍ @പുണ്യവാളന്‍

    ReplyDelete
  2. നാക്കിലെന്തോ കുരുക്കുന്നു ചൊല്ലുവാന്‍ ..
    പക്ഷെ എന്താണെന്ന്‍ വേര്‍തിരിച്ചു എടുക്കാനാവുന്നില്ല.

    ReplyDelete
  3. നല്ല പ്രാസബോധമുള്ള കവിത...നാക്കിൽ കുരുക്കുന്നത് വിളിച്ചു പറയാനാവുന്നില്ലയെന്നുള്ളതല്ലേ ലോകമിന്നു നേരിടുന്ന വെല്ലുവിളി...

    ReplyDelete
  4. പേടികള്‍ക്കിടയിലൂടെ നടന്നു നീങ്ങുകയല്ലേ നാമെല്ലാവരും! നന്നായിട്ടുണ്ട്. ആശംസകള്‍!

    ReplyDelete
  5. മനോഹരമായ ഒരു കവിതകൂടി സതീശന്റെ തൂലികയില്‍ നിന്നും. കാവ്യഭംഗിക്കും അര്‍ത്ഥപൂര്‍ണ്ണതക്കും ഒപ്പം ഒറ്റവായനയില്‍ മനസ്സിലോടിയെത്തുന്ന ഈണവും ചേരുമ്പോള്‍ കവിയുടെ ചിന്തകള്‍ വായനക്കാരില്‍ വേഗം സംവേടിക്കപ്പെടുന്നു.

    KEEP IT UP!!!!

    ReplyDelete
  6. പെയ്ത മഴയിലും താണ്ടുന്ന കാറ്റിലും
    പൂത്ത പൂവിലും പൊഴിയുന്നൊരിലയിലും
    പെയ്തു തീരാത്ത വിരഹക്കടലിലും
    കവിത കണ്ട നാള്‍ കൊത്തിപ്പറിച്ചനാള്‍ ..
    ______
    വളരെ നല്ല വരികള്‍ .അഭിനന്ദനങ്ങള്‍ സതീഷ്‌.

    ReplyDelete
  7. നന്നായെഴുതി, ആശംസകള്‍

    ReplyDelete
  8. "നാവിലെന്തോ കുരുക്കുന്നു
    ചൊല്ലുവാന്‍ ഏറെയുണ്ടിങ്ങു കാര്യങ്ങളെങ്കിലും"
    അര്‍ത്ഥഗര്‍ഭമായ വരികള്‍.,.
    നാവില്‍ തോന്നീത് പാട്ടാക്കുന്നതാണ് ഇന്നത്തെ ദുസ്ഥിതിക്ക് കാരണം!നാവില്‍ കുരുക്കുന്ന വാക്ക്
    സത്യവും,ന്യായവും,നീതിയും വിവേചിച്ചറിയാതെ
    പുറത്തുവിടുന്നതിന്‍റെ ഭവിഷത്തുകളും,പ്രചണ്ഡ
    പ്രഘോഷങ്ങളും,രക്തചൊരിച്ചിലുകളും നാം
    പുരാണങ്ങളില്‍ മുതല്‍ ഇന്നത്തെ അത്യാധുനിക
    യുഗത്തില്‍ വരെ കണ്ടുകൊണ്ടിരിക്കുകയാണല്ലോ!!!
    ഇന്നതല്പം ഏറി.സത്യസന്ധമായി ഒരുരംഗത്തും
    പ്രവര്‍ത്തിക്കാന്‍പറ്റാത്തസ്ഥിതി വന്നിരിക്കുന്നു. സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ക്കാണ് മുന്‍ഗണന.!
    ആദര്‍ശശുദ്ധിയുള്ളവര്‍ പിന്‍വലിയുന്നു.

    ശ്രീ.സതീശന്‍റെ കവിതയില്‍ ഒറ്റവാക്കില്‍ പറഞ്ഞാല്‍
    "സര്‍വ്വവുമുണ്ട്".ഉജ്ജ്വലമായിരിക്കുന്നു രചന.
    അഭിനന്ദനങ്ങള്‍.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  9. പേരറിയാത്ത പേടികള്‍ ഇന്നെന്റെ ബോധ മണ്ഡലം നോക്കി കുരയ്ക്കുന്നു...
    എനിക്കെന്നെ നഷ്ടമാകുന്നു....

    ReplyDelete
  10. ഇഷ്ടായി ട്ടൊ...നല്ല വരികള്‍...മനോഹരം...!

    ReplyDelete
  11. നാക്കിലെന്തോ കുരുക്കുന്നു-
    ചൊല്ലുവാന്‍ ഏറെയുണ്ടിങ്ങു കാര്യങ്ങളെങ്കിലും ....


    പതിവ് പോലെ ഗംഭീരം....

    സ്നേഹാശംസകള്‍...

    ReplyDelete
  12. നല്ല കവിത
    ആശംസകള്‍ ... സതീശന്‍

    ReplyDelete
  13. പണ്ടെത്തെ ആളുകൾക്ക് സത്യം വിളിച്ചു പറയാൻ ഭയമുണ്ടായിരുന്നില്ല.. അഭിപ്രായ സ്വാതന്ത്ര്യം ഏറിയ ഇക്കാലത്ത് സത്യം വിളിച്ചു പറയാൻ ഭയമാണ്.. കഴുകന്റെ കണ്ണുകൾ കാത്തിരിക്കുന്നുണ്ടാകാമെന്ന ഭയം!..ഒരു പക്ഷെ കൂടുതൽ സാക്ഷരരായതു കൊണ്ട് നഷ്ടപ്പെട്ടത് സാമാന്യബോധമായിരിക്കണം..സഹന ശക്തിയായിരിക്കണം..
    താങ്കൾ മനോഹരമായി അവതരിപ്പിച്ചു.. അർത്ഥതാളങ്ങൾ സമന്വയിച്ചു ..ഭാവുകങ്ങൾ നേരുന്നു.. ആദ്യ ഖണ്ഡം രണ്ടാമതും വീണ്ടും ആവർത്തിച്ചുതാഴെയും അതു കൊടുത്തിട്ടുണ്ടല്ലോ? അപ്പോൾ.. അതു വേണോ?

    ReplyDelete
  14. എടാ നീ ഇതിനെ ഒന്ന് ചൊല്ലിക്കെ, നല്ല താളമുണ്ട്.

    ആശംസകള്‍.......,,,

    ReplyDelete
  15. @മാനവധ്വനി:ആദ്യ ഖണ്ഡം കൂടുതല്‍ ഊന്നല്‍ കൊടുക്കണമെന്ന് തോന്നി .
    @ഉമേഷേട്ടാ :പാടി പേടിപ്പിച്ചുന്നുള്ള ദുഷ്പേര് ചെറുപ്പത്തിലെ കിട്ടിയത് കൊണ്ട് ഞാന്‍ ചൊല്ലുന്നില്ല ...
    ആരെയും പെരെടുത്തുന്നു പറയുന്നില്ല ..വായനക്കും അഭിപ്രായത്തിനും നന്ദി ..

    ReplyDelete
  16. വരികളും വരികള്‍ക്ക് പിന്നിലെ മനസ്സും ഉള്‍ക്കൊള്ളുന്നു.
    അവസ്ഥകളെ നിരസിക്കാനും ഉള്‍ക്കൊള്ളാനും ഉള്ള കാരണങ്ങള്‍
    സ്വാഭാവികമായി മനസ്സില്‍ നിന്നും വരുന്നത് മനോഹരമായി പറഞ്ഞിരിക്കുന്നു.
    ബ്ലോഗില്‍ ശരിക്കും നല്ലത് കാണുമ്പോള്‍ ഫ്രീ ആയി കിട്ടുന്നതായത് കൊണ്ട് നന്ദി പറയാറുണ്ട്‌.
    അത് കൊണ്ട് നന്ദി രേഖപ്പെടുത്തുന്നു.

    ReplyDelete
  17. വൈകി പോയല്ലോ ഇവിടെ എത്താന്‍ . എനിക്ക് പരിചിതമായ ഒരു ഹൃദയം തേങ്ങുന്ന പോലെ .. നല്ല കവിത.. 'പറയുവാനെന്റെ നാവ് പൊങ്ങുന്നില്ല. ' ഇവിടെ മാത്രം എന്തോ പ്രശ്നം തോന്നി.. പേരറിയാത്ത ഇത്തരം പേടികള്‍ എന്‍റെയുള്ളിലുമുണ്ട്..

    ReplyDelete
  18. എഴുത്ത് അസ്സലായിരിക്കണ്..!
    ഇപ്പ്ലത്തെ ചില കവിതേന്നൊക്കെ പറേമ്പം ,വായിച്ച് കഴിഞ്ഞ് ചുരുങ്ങിയത് ഒന്നൊന്നര ആഴ്ച വേണം അതിന്റെ അര്‍ത്ഥം ഏറെക്കുറേ മനസ്സിലാക്കാന്‍...! അതൊക്കെ വായിച്ക് തലക്ക് വാട്ടായവര്‍ പിന്നെ കവിത കാണുമ്പോഴേ എസ്കേപ്പാകും..! ഒരു താളവും ഈണവും, ദാ ഇതുപോലെ ആശയവും ഒക്കെ ഉണ്ടെങ്കില്‍ കവിത നന്നായാസ്വദിക്കാം..!
    താളക്രമത്തോടെ ഇനിയും എന്തേലുമൊക്കെ വിളിച്ചുപറയൂ സതീശാ..നാവിലെ കുരുപ്പു മാറട്ടെ..!

    ആശംസകളോടെ..പുലരി

    ReplyDelete
  19. പ്രഭന്‍ കൃഷ്ണന്‍ പറഞ്ഞത് പോലെ കവിതയൊന്നും എനിക്ക് സാധാരണ മനസ്സിലാവാറില്ല. ഇത് പോലെ വളരെ കുറച്ചെണ്ണമെ മനസ്സിലാവാറുള്ളു..നല്ല രസകരമായിട്ടുണ്ട് വായിക്കാന്‍..
    നാക്കിലെന്തോ കുരുക്കുന്നു-
    ചൊല്ലുവാന്‍ ഏറെയുണ്ടിങ്ങു കാര്യങ്ങളെങ്കിലും ...എങ്കിലും ഇപ്പൊ പദങ്ങളൊന്നും വരുന്നില്ല..അതോണ്ട് ആശംസകള്‍ മാത്രം പറയട്ടെ...

    ReplyDelete
  20. നല്ല ശൈലിയിലുള്ള അര്‍ത്ഥമുള്ള കവിത ...................നന്നായിടുണ്ട്

    ReplyDelete
  21. ഇത് പാടി എനിക്കയച്ചു തന്ന കവിയൂര്‍ സാറിനോടുള്ള നന്ദി പറഞ്ഞു തീര്‍ക്കുന്നില്ല (http://grkaviyoor.blogspot.com/).
    @ഫെമിന ഫറൂഖ്:
    @നാരദന്‍:
    @പ്രഭേട്ട :
    @അനശ്വര
    @മഹറൂഫ് പാട്ടില്ലത്ത്:

    വായനക്കും നല്ല വാക്കുകള്‍ക്കും നന്ദി ...

    ReplyDelete
  22. മനോഹരം അര്‍ത്ഥ സംഭുഷ്ട മായ വരികള്‍ ആലാപനവും മനോഹരമായി

    ReplyDelete
  23. @കൊമ്പന്‍:വായനക്കും അഭിപ്രായത്തിനും നന്ദി ..

    ReplyDelete
  24. കലക്കിയല്ലോ സതീ.
    ബ്ലോഗിന്റെ ഡിസൈന്‍ മാറ്റൂ.
    വെള്ളയില്‍ കറുത്ത ഫോണ്ട് പരീക്ഷിക്കൂ.
    വായനാസുഖം നല്‍കൂ.
    രതിസുഖം പിന്നീടാവാം!

    ആശംസകള്‍

    ReplyDelete
  25. എനിക്ക് വളരെ ഇഷ്ട്ടമായി നന്നായിട്ടുണ്ട് ...........ആശംസകള്‍

    ReplyDelete
  26. കൊള്ളാലോ താളത്തില്‍ ഈണത്തില്‍ കവിതയെഴുതാന്‍ സാധിക്കുന്നതിനു അഭിനന്ദനം.

    ReplyDelete
  27. ഒരു ബാലചന്ദ്രന്‍ ചുള്ളിക്കാട് മണക്കുന്നു, പുതിയ ബിംബങ്ങള്‍ക്ക് കാതോര്‍ക്കുക.

    ReplyDelete
  28. നല്ല ഈണത്തിലുള്ള കവിത ...... ആശംസകള്‍

    ReplyDelete
  29. സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് മുന്നില്‍ തലകുനിച്ചു മൌനം പാലിക്കേണ്ടി വരുന്ന യുവതയുടെ തെങ്ങല്ലോ?
    ഇനിയെങ്കില്ലും മാറ്റം കൊതിക്കുന്ന മൌനത്തിന്‍ മുറവിളിയോ?
    മനോഹരം ആശംസകള്‍...

    ReplyDelete
  30. പ്രണയമെങ്ങോ മരിച്ചു വീഴുമ്പൊഴും
    അരികിലായ് നിന്ന് കാമം ചിരിക്കുന്നു.

    ശരിയാണ് പ്രണയം മരിച്ച് വീഴുമ്പോഴും നമ്മൾ പ്രണയ പൂർവ്വം ചെയ്ത കാമകേളികൾ മാത്രമേ നമ്മളെ ചിരിപ്പിക്കാൻ കൂട്ടുണ്ടാവൂ. ആശംസകൾ.

    ReplyDelete
  31. നാക്കിന്‍ വഴക്കവും മസ്തിഷ്ക്ക ചിന്തയും
    നാട്ടിലൊക്കെ പരക്കെ പരതിയോ
    എന്തൊക്കെ ദുഖങ്ങള്‍ എന്തൊക്കെ കാഴ്ചകള്‍
    എന്തിനും ഏതിനും വ്യാഖനമുണ്ട് താന്‍
    എങ്കിലും തീരാത്ത മര്‍ത്യ ദുഖത്തിന്റെ
    നെറുകയില്‍ ചുംബിച്ചു നില്‍കയാണീ ജന്മം

    ReplyDelete
  32. കവിത മനോഹരമായി
    എഴുതി ഒപ്പം സുഹൃത്തിന്റെ
    കവിത ചൊല്ലലും കൊള്ളാം
    പക്ഷെ ശബ്ദത്തില്‍ അല്പം
    പറ പറപ്പു അനുഭവപ്പെട്ടതുപോലെ
    ഒരു പക്ഷെ ഒരു തോന്നലാകാനും മതി
    എന്റെ ബ്ലോഗില്‍ വന്നതില്‍ നന്ദി

    പ്രണയമെങ്ങോ മരിച്ചു വീഴുമ്പൊഴും
    അരികിലായ് നിന്ന് കാമം ചിരിക്കുന്നു.
    .കൊള്ളാം
    വീണ്ടും വരിക പുതിയതുമായി
    വീണ്ടും വരാം കവിതകള്‍
    വായിക്കാനും കേള്‍ക്കാനും
    ആശംസകള്‍

    ReplyDelete