add

Saturday, December 22, 2018

മാജിക്‌

ഇന്ദ്രജാലക്കാരൻ 
ശൂന്യമായ തൊപ്പിയിൽനിന്നു
പ്രണയത്തെയെടുത്തു 
നിങ്ങൾക്കു നീട്ടുകയും 
എന്താശ്ചര്യം 
എന്തു ചേർച്ച 
എന്നു ആൾക്കൂട്ടം കയ്യടിക്കുകയുമായിരുന്നു . 

എന്റെ പ്രണയം 
എന്റെ മാത്രം പ്രണയമെന്നു
നിങ്ങൾ ചേർത്തുപിടിക്കെ 
അതു വീണ്ടും വീണ്ടും 
നിങ്ങളുടേതാവുന്നു.

മാന്ത്രികതയിലെപ്പോഴും 
ജീവിതമുണ്ടാവും
ചിലപ്പോഴൊക്കെ തിരിച്ചും . 
സൂചിയിൽ നൂലുകോർക്കുന്ന 
ഏകാഗ്രതയോടെ
അല്ലെങ്കിൽ 
വിളക്ക്‌ ഇമചിമ്മുന്നതു 
കണ്ടെത്തുന്ന കുട്ടിയെ പോലെ 
നോക്കിയിരിക്കെ
ഇന്ദ്രജാലക്കാരൻ 
വീണ്ടും വടി വീശുന്നു . 

കയ്യിലിരിക്കുന്ന 
കരിമ്പൂച്ചയെ 
കുടഞ്ഞുകളയുന്ന
നിങ്ങൾക്കൊപ്പം 
വീണ്ടും ആൾക്കൂട്ടം കയ്യടിക്കുന്നു . 

പ്രണയത്തിൽ പെട്ടൊരാളല്ല 
മാന്ത്രികതയിൽ പെട്ടൊരു 
കുട്ടിയായിരുന്നു
നിങ്ങളെന്നു 
തിരിച്ചറിയുമ്പോഴെക്കും 
മാജിക്‌ തീർന്നിരിക്കും . 

Saturday, May 5, 2018

മുറിക്കവിതകൾ 20

1. മുറിവ് ഒരു മറ
............................
പെട്ടന്നു
പാതി ചാരിയ വാതിൽ
ഒരു മുറിവിനെ
ഓർമ്മപ്പെടുത്തുന്നു.
നമ്മൾ അതിനിടയിൽ പോയൊളിക്കുന്നു.
ആരൊ തേടി വരുമെന്നു ,
അപ്രതീക്ഷിതമായി
ഒരു സാറ്റ്‌ വിളിയിൽ
തോൽപ്പിക്കപെടുമെന്നു,
ഓർത്തോർത്തു
നീ ചേർന്നു നിൽക്കുന്നു.
ഞാൻ ചേർന്നു നിൽക്കുന്നു.
നമ്മൾ ഉമ്മവെയ്ക്കുന്നു.
മുറിയിലേക്കു
തുറക്കുന്ന / അടക്കുന്ന
മുറിവുകളാണു വാതിലുകൾ.
അതെ
മുറിവു ഒരു മറയാകുന്നു .

2. ധാരണ 
..................
നക്ഷത്രങ്ങളും നിലാവും
എല്ലാം കാണുന്നുണ്ടെന്നു നാം ധരിക്കും.
പക്ഷെ അവ
ഉറങ്ങുമ്പോൾ മാത്രം പ്രകാശിക്കുന്ന
മീനുകളല്ലെന്നു ആരറിഞ്ഞു .

കുടിയൊഴിപ്പിക്കുമ്പോൾ

ചിലപ്പോൾ തോന്നും
പൂക്കളെയും നക്ഷത്രങ്ങളെയും
കുറിച്ചെഴുതി മടുത്തെന്നു.
ആ മേഘങ്ങളെ കെട്ടഴിച്ചുവിട്ടേക്കൂ
അനുസരണയില്ലാത്ത കുതിരകളാണവ .
(ഒരു കവിതാലയത്തിലും കെട്ടാൻ കൊള്ളാത്തവ).
നോവുകുഴിച്ചിട്ടതെല്ലാം
പൂക്കളായി ചിരിക്കുന്ന
കൃഷി നിർത്താൻ പറയൂ.
എവിടെയും മുളക്കുന്ന തകരകളാണവ.
(ഒരു കൂട്ടാനും കൊള്ളാത്തതു).
പ്രണയത്തിന്റെയാ
ഒറ്റ മരത്തെ
വെട്ടി വിൽക്കാമെന്നും
അതിൽ ചേക്കേറിയ
കാറ്റിനേയും കിളികളേയും
നാടുകടത്താമെന്നും ആലോചിക്കുന്നു .
മഴയ്ക്കും മഞ്ഞിനും
കയറിക്കിടക്കാൻ കൊടുത്ത വീട്‌
ഉടൻ കുടിയൊഴിപ്പിക്കണം .
വളപ്പൊട്ടുകളെയും മയിൽപ്പീലികളേയും
എതെങ്കിലും
തലതെറിച്ച കുട്ടികൾക്കു
ദാനം ചെയ്യാമെന്നും
കവിതയിൽ നിന്നും
ഒളിച്ചോടാമെന്നും
വിചാരിക്കുന്നു .
പക്ഷേ
നിങ്ങളെനിക്കൊരുറപ്പുതരണം
പേടിച്ചും കരഞ്ഞും
ഉന്മാദപ്പെട്ടും
വരുമ്പോൾ
ഇതുപോലെ
അടച്ചുറപ്പുള്ളൊരു വീട്‌.

ദൈവം കവിതയെഴുതുമ്പോൾ

നടുരാത്രി
അപ്പന്റെ വിരലിൽ തൂങ്ങി
കുഞ്ഞി കാലടി
തത്തി തത്തി
ഒരു വാവ
നടക്കാൻ പഠിക്കുന്നു .
ആകാശവും നക്ഷത്രങ്ങളും
കൂടെ തത്തുന്നു .
ഇടക്കിടെ
ഞാനിപ്പോ വീഴുവേ
പിടിച്ചോണേ
എന്നു വീഴാനായുന്നു .
എട്ടടിവെച്ചു
മുട്ടും കുത്തിവീഴുമ്പോൾ
ആകാശവും നക്ഷത്രങ്ങളും
ആരും കണ്ടില്ലെന്നമട്ടിൽ
നോട്ടം മാറ്റുന്നു .
മുട്ടുപൊട്ടിക്കാതെ മണ്ണു
അച്ചോടാ വാവേ
എന്നൊരുമ്മ കൊടുക്കുന്നു .
കുഞ്ഞു
നടക്കാൻ പഠിക്കുന്നതു കണ്ടു
ദൈവമൊരു
കവിതയെഴുതുന്നു .
അപ്പോൾ ഞാനാരണെന്നല്ലേ.?
മണ്ണിൽ
കാലടി കൊണ്ടു
കവിതയെഴുതുന്നയാ
കുഞ്ഞാണു ഞാൻ
വീഴുമ്പോൾ കൂടെ
വീഴുന്നയാ
അപ്പനും .

Friday, March 23, 2018

ലളിതമായി പറഞ്ഞാൽ

ലളിതമായി പറഞ്ഞാൽ
ആ യുവാവിന്റെ
മരണ കുറിപ്പിൽ
താനൊരു മാവോയിസ്റ്റെന്നും
ജീവിതം മടുത്തു
അത്മഹത്യ ചെയ്യുന്നുവെന്നും 

രേഖപെടുത്തിയിരുന്നു.

അതിലും ലളിതമായി പറഞ്ഞാൽ
ആ പോലീസുകാരന്റെ
തലയിണ മന്ത്രത്തിൽ
കഴുത്തിൽ കുരുക്കിട്ടു കൊന്ന
ഒരു യുവാവിനെ
പ്രണയപൂർവ്വം 
പരിഭാഷപ്പെടുത്തിയിരുന്നു.

പത്രക്കാരുടെ ഭാഷ 
അത്ര ലളിതമല്ലാത്തതിനാൽ 
പല കഥകളിൽ 
ഏതെങ്കിലുമൊന്ന് വിശ്വസിക്കാൻ 
വായനക്കാർ നിർബന്ധിതരായിരുന്നു .

ഏതോ ഒരപസർപ്പക കഥ 
വായിച്ചപോലെ എന്നെ നോക്കുന്ന 
വായനക്കാരാ 
ഇതിലും ലളിതമായി പറയാൻ 
എനിക്കറിയില്ല.
ദൈവമേ 
മാവോയിസ്റ്റുകളിൽ നിന്നും
പോലീസുകാരിൽ നിന്നും
പത്രക്കാരിൽ നിന്നും
ഞങ്ങളെ 
കാത്തുകൊള്ളേണമേ