add

Friday, June 14, 2013

കൂടെപൂക്കാനിരിക്കേ.

പൂക്കാൻ മറന്നുപോയൊരു മാവ് ,
ഞെട്ടി ഉണർന്നു പൂക്കുന്നതുപോലെ ,
ഒരു നാൾ നമ്മളും പൂവിടും .
ചങ്കു പൊള്ളിച്ച സങ്കടങ്ങളെല്ലാം -
ഒരു മഴയിൽ കുത്തിയൊലിച്ചു പോകും .

തണുപ്പിലുറങ്ങുന്ന തെരുവിന്റെ മകന്
കിനാവ് കൊണ്ടൊരു കുപ്പായം
തുന്നണം അന്ന് .
ചിത്ര ശലഭങ്ങളുടെ ചിറകിലെ
ഗൂഢാക്ഷരങ്ങള്‍ പൂക്കൾക്ക്
വായിക്കാനാവും അന്ന് .

നെഞ്ചു പോള്ളിപ്പോയ മഴപ്പാറ്റകൾ
മണ്ണിലൊരു കൊട്ടാരം കെട്ടും .

കൂട്ടുകാരാ അന്നു നീ വേണം
കൂടെ ,
എന്റെ നെഞ്ചിലെ ചുവപ്പായി ..

Sunday, June 2, 2013

മരങ്ങൾ കരയുന്നത് ..

എതോ ഒരു കിളിക്കൂടിന്റെ
ഓർമ്മയിൽ
ഒരു മരം ,
കരയുന്നുണ്ടിവിടെ...
പറന്നുപോയവയെക്കുറിച്ചു-
വഴികളോട്‌,
പുഴുവിനോട്‌,
സങ്കടം പറയുന്നുണ്ടു.

എനിക്കു കേൾക്കാം.
എന്റെ മാവെ ,
എന്റെ തേക്കെ,
എന്റെ തെങ്ങേ,
എന്നു ചങ്ങാതികളൊട്‌
അലമുറയിടുന്നുണ്ടു
ഒരു മരം ...

ഒറ്റപ്പെടലിലേക്കു
ചില്ലകൾ വളർത്തി,
ഓർമ്മകളിലേക്കു
വേരുകളാഴ്ത്തി,
ഇടയ്ക്കു അണപൊട്ടി-
പോകുന്നതാവാം
സങ്കടങ്ങൾ.

ഒരിലപൊഴിച്ചെല്ലാം
മറക്കുമ്പൊഴെക്കും
പൂവിട്ടിരിക്കും പിന്നെയും
ഓർമ്മകളുടെ വസന്തം..

മരങ്ങൾ കരയാറില്ലെന്നാരാണു-
പറഞ്ഞതു.?
ഒരൂഞ്ഞാലിന്റെ ഓർമ്മകൾ പൊലും
പൊട്ടിക്കരയിക്കാറുണ്ടു പലപ്പോഴും...