add

Wednesday, April 23, 2014

നിഴലും ഞാനും .

പേരറിയാത്ത ഒരു നിഴലിന്റെ
കണ്ണിൽ നോക്കി ഇരിക്കവെ
ഭിത്തിയിൽ നിന്നും അതു
സ്വതന്ത്രമാകുന്നു.
എനിക്കു മാത്രം
മനസ്സിലാവുന്ന
ഭാഷയിൽ അതു സംസാരിക്കുന്നു.
ഒരുറുമ്പു പോലും
ഗൗനിച്ചില്ലെന്നു
പരാതി പറയുന്നു.
ഒറ്റക്കാണെന്നു നെടുവീർപ്പിടുന്നു.
ആരുമില്ലെന്നു തേങ്ങുന്നു.

നിനക്കു വല്ലോം മനസ്സിലാവുന്നുണ്ടോ
എന്നു സംശയത്തിൽ പൊതിഞ്ഞ
കാക്ക നോട്ടം നോക്കുന്നു.
കരച്ചിൽ വന്ന ഞാൻ
"നിക്കു മനസ്സിലാവും "
എന്നു തലയാട്ടുന്നു.
അധികാര ഭാവത്തിൽ
എന്നൊടു
ചേർന്നിരുന്നു
എകാന്തതയുടെ
വിഷമിറക്കുന്നു.

പണ്ടു ,
വളരെ പണ്ടു പഠിച്ച ഒരു പാട്ടു-
ഓർമ്മയിൽ നിന്നും
പാടിത്തരുന്നു.
നടന്നു തേഞ്ഞ വഴികളെ പറ്റിയും,
കാത്തിരുന്നു മുഷിഞ്ഞ
ബസ്സ്റ്റോപ്പുകളെ പറ്റിയും,
ബസ്റ്റോപ്പിൽ
ഉരുട്ടി വരച്ച
പേരിനെ പറ്റിയും,
പറ്റിച്ചു പോയ
കാമുകിമാരെ പറ്റിയും
പറയുന്നു.
കേട്ടു കേട്ടു
സങ്കടം കൊണ്ടെന്റെ
ചങ്കു പൊട്ടാനാവുന്നു.

പെട്ടന്നു
മേലേ കൂടെ
പേരറിയാത്തൊരു പക്ഷി
പറന്നു പോകുന്നു.
ഞങ്ങൾക്കു രണ്ടു പേർക്കും
കരയാൻ വരുന്നു.
ഞാൻ കണ്ണു തുടക്കുന്നു
അതു കണ്ണു തുടക്കുന്നു
ഞാൻ കൈ അനക്കുന്നു
അതു കൈ അനക്കുന്നു.
ഞാൻ തല ആട്ടുന്നു
അതു തല ആട്ടുന്നു.
ഒരു യാത്ര പോലും പറയാതെ
"നമ്മളെന്നാ നമ്മളായതു.?"
എന്നും ചോദിച്ചു
അതു ഭിത്തിയിൽ ഒട്ടി പോകുന്നു.

പിന്നെയും
എന്നെ ആരൊ കവിതയിലേക്കു
കട്ടെടുക്കുന്നു.
വീണ്ടുമാരോ പ്രണയത്തിലേക്കു
നാടുകടത്തുന്നു.

10 comments:

  1. അധികാര ഭാവത്തിൽ
    എന്നൊടു
    ചേർന്നിരുന്നു
    എകാന്തതയുടെ
    വിഷമിറക്കുന്നു.

    അടുത്തും അകന്നും മെയ്യോട് മെയ്യ് ചേർന്നും ഒന്നിൻ നിന്നൊന്നിനെ തള്ളിമാറ്റിയും അതിങ്ങനെ ജീവിതാവസാനം വരെ വിഷം പകർന്നും ഏറ്റുവാങ്ങിയും.

    നല്ല കവിത..

    സ്വതന്ദ്രമാകുന്നു. >> അക്ഷരത്തെറ്റ്.

    ReplyDelete
    Replies
    1. :-) തിരുത്തിയിട്ടുണ്ട് .

      Delete
  2. കവിതയിലേക്ക്, അതിന്റെ സാന്ദ്രഭാവങ്ങളിലേക്ക് വായനക്കാരെക്കൂടി കട്ടെടുക്കുന്നു..!!

    മനോഹരമായ കവിത. അഭിനന്ദനങ്ങൾ..


    ശുഭാശംസകൾ.....

    ReplyDelete
  3. നന്നായിരിക്കുന്നു കവിത
    ആശംസകള്‍

    ReplyDelete
  4. Aa nizhalinum swantham peru thanne aavaam.
    nannayi ezhuthi.

    ReplyDelete
    Replies
    1. പേരിടാത്ത നിഴലിനു എന്റെ പേരിട്ടു വിളിക്കാം . ഹ ഹ . സന്തോഷം വരവിനും വായനയ്ക്കും . :-)

      Delete
  5. പിന്നെയും
    എന്നെ ആരൊ കവിതയിലേക്കു
    കട്ടെടുക്കുന്നു.
    വീണ്ടുമാരോ പ്രണയത്തിലേക്കു
    നാടുകടത്തുന്നു....ഞങ്ങളുടെ ഭാഗ്യം

    ReplyDelete
  6. നന്നായി.ഒരു മരം പെയ്യും പോലുണ്ട്.

    ReplyDelete