add

Wednesday, March 9, 2016

ഇലപൊഴിച്ചിലപൊഴിച്ചങ്ങനെ.

പണ്ടുപണ്ടൊരു കുട്ടിക്കു
തൂവലുകളോട് പ്രണയമായി.
തത്ത തൂവൽ മഞ്ഞ തൂവൽ
പഞ്ച വർണ്ണക്കിളി എന്നു
നാടായ നാടെല്ലാം
കാടായ കാടെല്ലാം
അലഞ്ഞു .

വെയില്  മൂക്കുമ്പോൾ
കുയിലിനെ പോലെ കൂവി.
ചെമ്പോത്തിനെപ്പോലെ
തത്തി.
തിത്തിത്താം പുള്ളിനെ
പോലെ ഓടിനടന്നു,
തൂവലുകൾ പെറുക്കി.

മൈനയോടു
കിന്നാരം പറഞ്ഞു .
പരുന്തിനോപ്പം
വട്ടം ചുറ്റി .
ചാവേലകളോട്
തർക്കിച്ചു .
തൂവലുകളില്ലാത്ത
വവ്വാലുകളെ
തലതിരിഞ്ഞ ജന്തു
എന്നു പോലും വിളിച്ചു.

മറ്റു കുട്ടികൾ
എന്റെ തൂവൽ
ശേഖരണ പുസ്തകം
എന്നു പറയുമ്പോൾ
അവൻ എന്റെ
തൂവലുകൾ എന്നു പോലും
പറഞ്ഞു .

തൂവലുകളെ
വാവെ
മുത്തേ
എന്നുമ്മവച്ചു .
പിഞ്ഞി പോയ 
തൂവലുകളെ
തഴുകി തഴുകി 
മുറിവുണക്കി.

താൻ തന്നെ പല നിറത്തിൽ
തൂവലുകളുള്ള ഒരു പക്ഷി
ആണെന്നു വരെ അവനു തോന്നി.

ഒരിക്കൽ ആരോ അവന്റെ തൂവൽ
ശേഖരണ പുസ്തകം
എവിടെയോ കൊണ്ടു കളഞ്ഞു .

സങ്കടം സഹിക്കാതെ
കരഞ്ഞു കരഞ്ഞു
വിറച്ചു വിറച്ചു
മുടിവെട്ടാതെ താടിവെട്ടാതെ
അങ്ങനെ നിന്നു നിന്നു
അവനൊരാൽ മരമായി .

സങ്കടം വന്ന കിളികൾ
അവന്റെ നെഞ്ചിൽ കൂടുകൂട്ടി.
കൊക്കുരുമ്മി
കലപില കൂടി
അങ്ങനെ അങ്ങനെ
അലക്ഷ്യമായി തൂവലുകൾ
പൊഴിച്ചു.

സന്തോഷം കൊണ്ടു
തുള്ളിച്ചാടാനാവാത്ത
ആൽമരക്കുട്ടി  
ഇലപൊഴിച്ചിലപൊഴിച്ചങ്ങനെ .

8 comments:

  1. ഹൃദയത്തിന്‍റെ മര്‍മ്മരം...

    ReplyDelete
  2. ഇതെന്‍റെ ബാല്യം ...ഇത് മാത്രം ...ആശംസകള്‍

    ReplyDelete
  3. വായനയ്ക്കും അഭിപ്രായത്തിനും എല്ലാർക്കും സ്നേഹം :-)

    ReplyDelete
  4. പൊൻതൂവൽക്കവിത

    ReplyDelete
  5. തൂവൽ മരം ഇഷ്ടപ്പെട്ടു

    ReplyDelete
  6. തൂവൽ മരമാകാൻ കൊതിച്ച ബാല്യം.... കവിത ഇഷ്ടായി

    ReplyDelete