വണ്ടി നോവിന്റെ ചുരം കയറുകയും
ഞാനൊരു കവിതയെഴുതുകയുമായിരുന്നു.
സങ്കടത്തിന്റെ മരം സങ്കടത്തിന്റെ പൂക്കൾ
സങ്കടത്തിന്റെ വളവുകൾ
സങ്കടത്തിന്റെ ചീവിടൊച്ചകൾ
സങ്കടത്തിന്റെ ആകാശം
സങ്കടത്തിന്റെ തണുപ്പ്
വേദനിക്കല്ലേ വേദനിക്കല്ലേ
പുറത്തൊരു തിത്തിത്താം പുള്ളു തത്തുന്നു .
വണ്ടി കിതച്ചു കിതച്ചു ചുരം കയറുകയും
ഒരു ചാറ്റൽ മഴ ശബ്ദമില്ലാതെ തേങ്ങുകയും
ചെയ്യുന്നുണ്ടിപ്പോൾ .
വളവിലെ ഒരു കട
നിശബ്ദമായി വണ്ടിയോടു
കൈ വീശുന്നുണ്ട് .
ഓർക്കല്ലേ ഓർക്കല്ലേ
ഒന്നും ഓർക്കല്ലേ
ഒന്നുമില്ല വാവയ്‌ക്കൊന്നുമില്ല
ഭൂതകാലത്തിലെ അമ്മ കൈ നെറ്റിയിൽ.
അപ്പോൾ
വേദന തിന്നു തിന്ന്
എന്റെ കരളു കല്ലായെടാ എന്ന്
കെട്ടിപ്പിടിച്ച ഒരമ്മയെ ഓർമ്മ വരുന്നു .
എത്ര മഴപെയ്താലാണൊന്നു മരം പെയ്യുക .
ആകാശം കാണാത്ത അഴിക്കുള്ളിലിരുന്നു
പുറത്തിറങ്ങിയാൽ മകൾക്കു വാങ്ങുന്ന
കുപ്പായത്തെ സ്വപനം കാണുന്ന
ഒരച്ഛനെ ഓർമ്മ വരുന്നു .
അയാൾ ഓർത്തെടുക്കാറുള്ള
'അവളുടെ ചിരി' ക്കു ശേഷം
അയാളുടെ നെടുവീർപ്പോർമ്മവരുന്നു.
മരിക്കുന്നതിന് തൊട്ടുമുൻപ് ,
"കാണാമെടാ" എന്ന് കെട്ടിപ്പിടിച്ചു
പ്രണയത്തിലൂടെ പാളത്തിൽ അവസാനിച്ച
കൂട്ടുകാരനെ ഓർമ്മവരുന്നു .
നോവിന്റെ ചുരം കയറുന്ന വണ്ടിയിൽ
കവിതയെഴുതുന്നൊരാൾക്കു സൗകര്യപൂർവം
ഓർക്കാൻ കഴിയുന്ന ഓർമ്മകൾ
ഓരോന്നോരോന്നായി വരുന്നു .
ഓർക്കല്ലേ ഓർക്കല്ലേ
എന്നെ പറ്റി ഓർക്കല്ലേ
എന്റെ നോവുകളെ പറ്റി ഓർക്കല്ലേ
എന്ന്
ഞാൻ തന്നെ എനിക്ക് കൂട്ടാവുന്നു.
നോവിന്റെ ചുരം കയറുമ്പോൾ
ReplyDeleteകണ്ട സങ്കടത്തിന്റെ മരം ,സങ്കടത്തിന്റെ
പൂക്കൾ സങ്കടത്തിന്റെ വളവുകൾ സങ്കടത്തിന്റെ
ചീവിടൊച്ചകൾ സങ്കടത്തിന്റെ ആകാശം സങ്കടത്തിന്റെ
തണുപ്പ് എന്നിവയിൽ നിന്നും പിറന്ന ഒരു കവിത ...!