add

Monday, November 17, 2014

ഇരുട്ട്‌

ഇരുട്ട് 
ആരുടെയോ സങ്കടത്തിനു കൂട്ടിരിക്കുകയാണെന്നു 
പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.?
മരിച്ചവർ 
അനാഥമാക്കിപ്പോയ 
സങ്കടങ്ങൾ
ഇരുട്ടായി പുനർജനിക്കും.
ഒരു മുറിവു 
മറ്റൊരു മുറിവിനു കൂട്ടിരിക്കും.

മകൻ മരിച്ച ഒരച്ഛൻ കുഞ്ഞിന്റെ കരച്ചിൽ കേട്ടു 
ഞെട്ടുന്നെങ്കിൽ 
ഇരുളിന്റെ കൂട്ടുണ്ടാവും.
മോണകാട്ടിയ ഒരു ചിരി,
അദ്യം പറഞ്ഞ വാക്ക്,
ആദ്യം കൊടുത്ത കുഞ്ഞുമ്മ,
കുഞ്ഞുടുപ്പുകൾ,
എല്ലാം ഓർമ്മയിലെത്തും.
മുറിവു 
മുറിവിനു കാവൽ നിൽക്കും.

തോറ്റ പ്രണയത്തിലെ 
വിട്ടുപോവാൻ പറ്റാത്തൊരോർമ്മ ഇരുളിൽ ആരോ ചികഞ്ഞെടുക്കുന്നുണ്ടു.
നാടുവിട്ടുപോയ കൂട്ടുകാരനെ 
ആരൊ ഓർക്കുന്നുണ്ടു.
ഇനിയും
കണ്ടെത്തിയിട്ടില്ലാത്ത
ഓർമ്മകളുടെ ദേശത്തേക്ക്
ഇരുട്ട് പലരേയും കൊണ്ടുപോകുന്നുണ്ട്.

സങ്കടങ്ങളുടെ 
ഘോഷയാത്ര പോകുന്നൊരു,
തെരുവുണ്ടെന്നു 
പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.?
ഞാൻ ആ ഇരുളിലെ കാഴ്ച്ചക്കാരനാണെന്നു ,
പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.?

12 comments:

  1. മുറിവുകളുടെ തുന്നൽക്കാരാ
    അയ്യപ്പനെ മണക്കുന്നു
    നിന്റെയീ വരികളിൽ

    ReplyDelete
  2. കുറേ ആയല്ലോ സതീഷ്‌ കണ്ടിട്ട് .....
    മനോഹരമായി എന്നു പറഞ്ഞാല്‍ കുറഞ്ഞു പോകുമോ ഈ കവിതയുടെ ഉള്‍ക്കരുത്ത്....ഇല്ല !
    മകളുടെ വെര്‍പ്പാടിന്റെ ഒരു നോവ് ഈ അച്ഛനില്‍ (ഉപ്പ ) ഞാനും വായിച്ചെടുക്കട്ടെ !ഇരുട്ടിനു സുസ്വാഗതം ,എനിക്കും !

    ReplyDelete
  3. സങ്കടങ്ങളുടെ ഘോഷയാത്ര
    അതിനൊരു തെരുവ്
    ഇരുളിൽ അതിനൊരു കാഴ്ചക്കാരനും
    എത്ര സുന്ദരം

    ReplyDelete
  4. മുറിവുകളെല്ലാം കൂട്ടി വെച്ച് ഒരു കവിത നട്ടു ആശംസകള്‍

    ReplyDelete
  5. ഒരു മുറിവു
    മറ്റൊരു മുറിവിനു കൂട്ടിരിക്കും.

    ReplyDelete
  6. 'ഇരുട്ട്‌' എന്ന കവിത വായിച്ചു തീരുമ്പോഴേക്ക്‌ ഒരു വിശ്വാസമിരട്ടിക്കുന്നു. ഭായിയിൽ കവിത്വത്തിന്റെ വെട്ടമുണ്ട്‌. വളരെ നല്ല കവിത. വീണ്ടും കണ്ടതിൽ വളരെ സന്തോഷം.


    ശുഭാശംസകൾ....


    ReplyDelete
  7. വിശ്വസിക്കും..... കാരണം ഓർമ്മകളുടെ ദേശത്തേക്ക്
    ഇരുട്ട് പലരേയും കൊണ്ടുപോകുന്നുണ്ട്.!!

    (എനിയും=ഇനിയും??????)

    ReplyDelete
  8. ഇരുട്ട് താങ്കളെപ്പോലെ എനിക്കും ഇഷ്ടം തന്നെ....

    ReplyDelete
  9. ഇരുളിൽ എല്ലാം തീവ്രം !!
    ഇവിടെ വരികളും !!!

    ReplyDelete
  10. സങ്കടങ്ങളുടെ ഘോഷയാത്ര പോകുന്ന ഒരു തെരുവുണ്ടെന്നു ഇപ്പോൾ വിശ്വസിച്ചു.
    കവിത വളരെ ഇഷ്ടപ്പെട്ടമായി.

    ReplyDelete
  11. സങ്കടങ്ങളുടെ
    ഘോഷയാത്ര പോകുന്നൊരു,
    തെരുവുണ്ടെന്നു
    പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.?

    ReplyDelete
  12. ഇരുട്ടുമുറിയും,മുറിവിന് മുറിവ് കാവല്‍ നില്‍പ്പും....
    മൂര്‍ച്ചയേറിയ വരികള്‍
    ആശംസകള്‍

    ReplyDelete