add

Tuesday, September 20, 2011

നുറുങ്ങുകള്‍




മണം

മഞ്ചാടി പെറുക്കാതെ കണ്ണാരം പൊത്താതെ വഴി
തെറ്റി വന്ന പ്രണയമേ
മറന്ന കിനാക്കള്‍ തിരിച്ചു വന്നു തുറിച്ചു നോക്കുമ്പോള്‍
ഞെട്ടി എഴുനേറ്റു നെടുവീര്‍പ്പിടുമ്പോള്‍
നിന്റെ കരിഞ്ഞ സുഗന്ധം ഞാന്‍ അറിയാറുണ്ട്






പുകയുന്ന പ്രണയം

എനിക്കായി നീ എരിഞ്ഞു തീരുമ്പോള്‍
നിന്നെ പ്രണയിച്ചു ജീവിതം അല്ലാതെ എന്ത് തരാന്‍ ..??







കൊട്ട

പരാതി ഇല്ലാതെ എല്ലാം വാങ്ങുന്നത് കൊണ്ടായിരിക്കും
ഞങ്ങള്‍ ചവറ്റു കൊട്ട ആയിപ്പോയത്
എന്നാലും വെളുക്കെ ചിരിച്ചു ഇല്ലാകഥ പറയുമ്പോള്‍
വോട്ടു തരാതിരിക്കാന്‍ ഞങ്ങള്‍ക്കാവില്ല

Tuesday, September 6, 2011

ചിതലരിക്കുന്ന ചിലത്














ചിതലരിക്കുന്ന ചിലതിനെ പറ്റി പറയാമിക്കുറി ...
ഭ്രാന്തന്‍ സ്വപ്നങ്ങളുടെ ആഴത്തെ ക്കുറിച്ച്
കണ്ണീര്‍ ഒഴിച്ചാലും മങ്ങാതെ കത്തുന്ന
അമ്മയുടെ വിളക്കിനെ പറ്റി
മഴ രാത്രികളില്‍ പനിച്ചും പേടിച്ചും വിറക്കുമ്പോള്‍
നെറ്റിയില്‍ തലോടുന്ന അച്ഛന്റെ സ്വാന്ത്വനത്തെ കുറിച്ച്
ചില നെടുവീര്‍പ്പുകളുടെ ചൂടിനെ പറ്റി
ചില ഹസ്തദാനങ്ങളുടെ പുളിച്ച അത്മാര്‍ത്ഥതയെ പറ്റി
ചില ചിരികളുടെ നിറമില്ലാത്ത ആശയങ്ങളെ പറ്റി
മാധ്യമമില്ലാതെ പടരുന്ന പ്രണയത്തെ പറ്റി
പറയാതെ അറിയുന്ന നൊമ്പരത്തിനു പേര് കൊടുത്ത
കവിയെ പറ്റി
ചുരുങ്ങുമ്പോഴും വികസിക്കുന്ന സൌഹൃദത്തിന്റെ
വിശുദ്ധിയെ പറ്റി
അങ്ങനെ അങ്ങനെ പറഞ്ഞുപോകുമ്പോള്‍
അറിയാതെ എങ്കിലും കണ്ണിലുടക്കിയ (ചിതലിനും വേണ്ടാത്ത)
വിശപ്പിന്റെ നിറമുള്ള ബാല്യത്തെ പറ്റി ...

Monday, August 22, 2011

നാല്‍ക്കാലി

















നാലുകാലിനിടയിലെവിടെയോ ആണ്
സ്വപ്നങ്ങള്‍ ചോര്‍ന്നുപോയത് ...
നാലു ചക്രങ്ങളുടെ പാച്ചിലിലെവിടെയോ ആണ്
പരാതികള്‍ ഇല്ലാതായത് ....
വിശപ്പിന്റെ മണത്തിലെവിടെയോ കുത്തിനിറക്കപെടുമ്പോള്‍ ,
കത്തി രാകി മൂര്ച്ചപെടുത്തുമ്പോള്‍ ,
ക്രൂരത ആര്ഭാടമാകുമ്പോള്‍ ,
നിരാഹാരം ചെയ്യാം പക്ഷെ ശബ്ദിക്കാനാവില്ലല്ലോ ......

Wednesday, July 27, 2011

കുത്തുവാക്ക്

















അവളെ ചിരിയുടെ പേരിട്ടു വിളിച്ചിട്ടുണ്ട്
കിനാവിന്റെ മഴയില്‍ നനച്ചിട്ടുണ്ട്..
പേരറിയാത്ത നിറങ്ങളില്‍ വരച്ചിട്ടുണ്ട് ..
മഴക്കവിതകളില്‍ എന്റെ വിരല്‍ തുമ്പ് പിടിച്ചു നടന്നിട്ടുണ്ട്..
എന്റെ പുകയുന്ന ചിന്തകളില്‍ വന്നു തീ കാഞ്ഞിട്ടുണ്ട് ..
എന്നിട്ടും....
അവള്‍ ചോദിച്ച ചോദ്യം ...
"നീ എന്റെ ആരാ .."???

Tuesday, July 26, 2011

മടക്കം















മടങ്ങട്ടെ ഞാനെന്റെ മാമ്പൂക്കള്‍ പൂക്കാത്ത
പുഴുക്കുത്തരിക്കുന്ന പട്ടണ പെരുമയില്‍
ആര്‍ത്തു കുടിക്കട്ടെ കാളകൂടം ഇനി
മയ്ചെടുക്കട്ടെ ഞാന്‍ പാലാഴി തന്‍ മണം
ഏകാന്തനായ് ഞാനിരിക്കവേ ഓര്‍മ്മകള്‍
ഓടികിതച്ചെത്തി വേച്ച് പോയീടുന്നു
നാമം ജപിക്കുന്ന സന്ധ്യകള്‍
രാപാടി കേഴാതെ പാടുന്ന നിറമുള്ള രാത്രിയും

കാറ്റുലയ്ക്കുന്നൊരെന്‍ വീട്ടിലെ തേന്‍ന്മാവു
മാര്‍ത്തിയോടാരും പെറുക്കുന്ന കായ്ക്കളും
കാതില്‍ മധുരമാം മാതൃ മൊഴികളും
കിന്നാര മോതുന്ന പോന്നനിയത്തിയും

നിഴലുകള്‍ വേഷങ്ങളാടുന്ന വീഥിയില്‍
നഷ്ട സ്വപ്നത്തിന്‍ ഇരുട്ടു വഴികളില്‍
ജാതകമറിയാത്ത നിഴലുകള്‍ പാടുന്ന
മനസിന്റെ വഴികളില്‍ നിന്ന് മടങ്ങട്ടെ

വെപ്പ് ചിരികളാല്‍ സ്വാന്ത്വനം നല്‍കാത്ത
വെപ്പാട്ടിയെ പോല്‍ നഗരം ചിരിക്കുന്നു
പൊട്ടു വളകളാല്‍ പ്രണയം നികത്തുവാന്‍
പൊട്ടിക്കരയാന്‍ ചിരിക്കാന്‍ മറക്കുവാന്‍
ആരെനിക്കുള്ളൂ വിളിക്കുവാന്‍ നിന്റെ പേരല്ലാതെ പറയു നീ

ഒട്ടുകുടിച്ചു മടങ്ങാം വിഷമെന്നു
ലഹരിച്ചുവയോടു പറയുന്ന രാത്രികള്‍
പ്രണയം മരിക്കുന്ന ജീവിത സന്ധ്യകള്‍ നൃ
ത്തം ചവിട്ടുന്ന ഭ്രാന്തന്റെ ജല്പനം

കരിംകുട്ടി കെട്ടിയാടുന്ന പണക്കോല
മാരോരുമില്ലാത്ത കരയുന്ന ബാല്യവും
താരാട്ട് പാടാനറിയാത്ത വേശ്യകള്‍
വേറെന്തെനിക്കുനീ സമ്മാനമായ്‌ തരും

മടങ്ങട്ടെ ഞാനെന്റെ മാമ്പൂക്കള്‍ പൂക്കാത്ത
പുഴുക്കുത്തരിക്കുന്ന പട്ടണ പെരുമയില്‍
ആര്‍ത്തു കുടിക്കട്ടെ കാളകൂടം ഇനി
മയ്ചെടുക്കട്ടെ ഞാന്‍ പാലാഴി തന്‍ മണം

(നാട്ടില്‍ നിന്നും മടങ്ങുമ്പോള്‍ തീവണ്ടിയില്‍ ഇരുന്നെഴുതികൂട്ടിയ അക്ഷര കൂട്ടങ്ങള്‍ ).

Friday, July 15, 2011

കൂട്ടുകാരാ നിനക്കായി





സ്വപ്നങ്ങള്‍ ഉറങ്ങുന്ന നേരത്ത് ,മൌനങ്ങള്‍ പാടുന്ന നേരത്ത് നീ വന്നു
സ്വാന്ത്വനം തേടുന്ന നേരത്ത് മറിവൂ ഞാന്‍ സുഹൃത്തെ നിന്റെ ആഴം ...

കിനാക്കള്‍ നനയ്ക്കാതെ ,പാട്ടിന്റെ പട്ടുനൂല്‍ നെയ്യാതെ ,ഒരുമിച്ചു നനയാതെ
എന്നും ചിരിക്കാതെ നമ്മള്‍ സുഹൃത്തുക്കളായി ...

ഏകാന്ത രാത്രികളില്‍ ,ലഹരിച്ചുവയില്‍ ,കണ്ണുനീരിന്റെ ഉപ്പില്‍
നീ തന്ന ചിന്തകള്‍ എനിക്ക് ചോദ്യ ചിഹ്നങ്ങളായി ..

ആശയങ്ങളും ആവശ്യങ്ങളും മത്സരിക്കുമ്പോള്‍ ..
പ്രണയത്തിന്റെ തീക്കാറ്റില്‍ നനയുമ്പോള്‍ ..
ലഹരിക്കായി ലഹരി തേടുമ്പോള്‍
അറിവ് ഞാന്‍ സുഹൃത്തെ നിന്റെ ആഴം
സുഹൃത്തെ ഇന്നൊരു സന്ദ്യയില്‍ നീ എങ്ങോ മറയുമ്പോള്‍
എന്ത് ഞാന്‍ പറയേണ്ടു വിട എന്നോ..????


(ഇത് എന്റെ സുഹൃത്തു മുഹമ്മദ്‌ റംസി (ശശി) ക്ക് വേണ്ടി മാത്രം എഴുതി കൂട്ടിയ അക്ഷര കൂട്ടങ്ങള്‍ )