add

Monday, January 14, 2013

ഇനി നീ മരിക്കില്ല ..

1).ഒരു ദുരന്ത വാര്‍ത്ത‍
ഇന്നലെ എന്നെ തേടിയെത്തി .
മരക്കൂട്ടത്തിലെ ഒളിയമ്പു പോലെ ഒന്ന് .
ഒരു ദുസ്സ്വപ്നം ഇന്നലെ എന്റെ വാതിലില്‍ മുട്ടി
ആഴമറിയാത്ത കൊക്കയിലേക്ക് -
അനിവാര്യമായ വീഴ്ച്ചപോലെ ഒന്ന് .
അനിയാ എന്ന് നിന്റെ സ്വരത്തിലൊരു
കാറ്റു വന്നു .
ഏട്ടാ എന്ന് കണ്ണ് നിറഞ്ഞു പോയി .
ഇനി കാണില്ലല്ലോ ,
ഇനി മിണ്ടില്ലല്ലോ,
ഇനി എന്റെ ഒരു സ്വപ്നങ്ങള്‍ക്കും -
നീ ചൂട്ട പിടിച്ചു മുന്‍ നടക്കില്ലല്ലോ ..
നീ മരിച്ചു പോയല്ലോ ...
ഏട്ടാ എന്ന് വീണ്ടുമൊരു വാക്ക് തൊണ്ടയില്‍
മരിച്ചു വീണു ..

2).മുറിയില്‍ മുഴുവന്‍
മരണത്തിന്റെ മണം
അതേ തണുപ്പ്,
അതെ മരവിപ്പ് ,
കണ്ണീരും മദ്യവും ഒരു മൂലയ്ക്കിരുന്നു
വാതുവയ്ക്കുന്നു .
ഇനി നീ മരിയ്ക്കില്ലെന്നു നിന്റെ കവിത
കാലനെ നോക്കി കൊഞ്ഞനം കുത്തുന്നു.
നീ ജയിക്കുന്നു ,വേദന താങ്ങാതെ ഞങ്ങള്‍ ,
വീണ്ടും വീണ്ടും മരിക്കുന്നു .
വീണ്ടുമൊരു വാക്ക് തൊണ്ടയില്‍ മരിക്കുന്നു,
നീ മാത്രം ജയിക്കുന്നു .
കൂട്ടുകാരാ എനി നീ മരിക്കില്ല ..

Friday, December 7, 2012

വടിവാള്‍ .


നിന്റെ സന്ധ്യകള്‍ ഒളിക്കുന്നിടം
എന്റെ ചങ്കാണ് കൂട്ടുകാരാ ...
മിഴികള്‍ പെയ്യുന്നത് തടുക്കാന്‍
മേല്‍ക്കൂരകള്‍ക്ക് കരുത്തുപോരല്ലോ...


അമ്മ ഇപ്പോഴും ചോറു-
വിളമ്പി കാക്കാറുണ്ട് ,
നിന്നെ കണ്ടെന്നു, തൊട്ടെന്നു ,
അവള്‍ മിഴിനിറയ്ക്കാറുണ്ട് .
അച്ഛന്‍ വാങ്ങിതന്ന കുപ്പായമെന്നു -
അപ്പു നെഞ്ചോടു ചേര്‍ക്കാറുണ്ട് -
നിന്റെ ഓര്‍മ്മകളെ .

പാര്‍ട്ടി ഓഫീസില്‍ നിന്റെ ചിത്രം-
ഫ്രെയിം ചെയ്തു വച്ചിട്ടുണ്ട് .
മദ്യശാലകളിലിരുന്നു യുവത്വം
നിന്റെ പേരുപറഞ്ഞു മുഷ്ടി ചുരുട്ടാറുണ്ട് .
പുതിയ മുറിവുകള്‍ക്ക്‌ -
കാതോര്‍ക്കുകയാണ് നാട്ടുകാര്‍ .

വെട്ടുവഴികളിലെ കിതപ്പിന്റെ കാലൊച്ച
കേട്ടു കേട്ടു എന്നുമെന്റെ
ഉറക്കം മുറിയുന്നു കൂട്ടുകാരാ ...
ഇനി വയ്യ....
ഞാനും ഒരുക്കിവച്ചിട്ടുണ്ട് ,
വേദന രാകി രാകി -
അരികു മൂര്‍ച്ഛപെടുത്തിയ ,
ഒരു വാക്കു കത്തി .


Saturday, November 24, 2012

നാറാണത്ത്‌ .

മനസ്സിലേക്കു ദിനവും കല്ലുരുട്ടി
കയറ്റാറുണ്ട് ഒരു ഭ്രാന്തന്‍ .
വക്കുപൊട്ടിയ സൌഹൃദത്തിന്റെ ,
പ്രാണനുരുകുന്ന പ്രണയത്തിന്റെ ,
കവിളിലൊരു വിരല്‍ വാത്സല്യത്തിന്റെ ,
പിടയുന്ന പരിഭവങ്ങളുടെ ,
എണ്ണമില്ലാത്ത വികാരങ്ങളുടെ,
കല്ലുകള്‍ ഉരുണ്ടുരുണ്ട്‌ വഴി പോലെ
വാക്കുപോലെ വെളുത്തു പോയി ഞാന്‍ .!

അമ്മക്കയ്യാല്‍ ഒരുരുള ,അമ്മുന്റെ ഒരുമ്മ ,
നിന്റെ മിഴിയിലെ വസന്തം ,
അവനോടൊത്തൊരു സായാഹ്നം ,
ഇങ്ങനെ പുഞ്ചിരിയോടടുക്കുംബോഴാണ് -
സാന്ത്വനത്തിന്റെ ഒരു ചാണ്‍ അകലെ വച്ചാണ് -
താഴേക്കു തള്ളിവിട്ടു പൊട്ടിച്ചിരിക്കാറു.

Monday, October 22, 2012

മുറിക്കവിതകൾ 6


1) .'അടക്കം പറഞ്ഞത് '

ജാലകത്തിനപ്പുറം ഇപ്പോഴും
മഞ്ഞ പൂക്കള്‍ വിരിയാറുണ്ട് .
പക്ഷെ സ്വപ്നങ്ങളില്‍ കൂടെ -
നമ്മള്‍ കൂട്ടിമുട്ടാത്തതെന്തേ .??
കിതപ്പുകളില്‍ കൂടെ -
കൊതിച്ചു പോവാത്തതെന്തേ.?
എങ്കിലും ഇടയ്ക്കു ,
സൂര്യകാന്തി പൂക്കള്‍ അടക്കം പറയാറുണ്ട് ,
നമ്മള്‍ ഒരിക്കല്‍ സ്നേഹിച്ചിരുന്നെന്നു ....

2).വഴിവക്കിലെ അപരിചിതര്‍

പ്രിയേ ,
തീര്‍ച്ചയായും നമ്മള്‍ വീണ്ടും-
കണ്ടുമുട്ടും .
അപ്പോള്‍ ഓര്‍മ്മകള്‍ ,
മടുത്തു തിരിഞ്ഞു നടന്നിരിക്കും .
നമ്മള്‍ പഴയതുപോലെ തീര്‍ത്തും-
അപരിചിതരായിരിക്കും .


3).മണം

എന്റെ കവിതകള്‍ അവള്‍ക്കിഷ്ടമാണത്രെ .!
ഹൃദയം നുറുങ്ങിപ്പിറക്കുന്നവയൊക്കെ
അവള്‍ക്കു പണ്ടും ഇഷ്ടമായിരുന്നല്ലോ ..
എങ്കിലും പറഞ്ഞു
"ചോര മണക്കും "

4).പശ്ചാത്താപം

ഒരു വാക്കും പറയാതെ ,
ഒരു തേങ്ങലിന്റെ ആഴത്തില്‍ ,
നീ മറഞ്ഞു പോകുമെന്നറിയാഞ്ഞിട്ടല്ല .
പക്ഷെ
നിന്നില്‍ വേരാഴ്ത്തി ഊര്‍ജം തേടുന്നത് കൊണ്ട് മാത്രം ....

Wednesday, October 10, 2012

കാണാകണക്കുകള്‍.


ചില കണക്കുകളുണ്ട് -
ഉത്തരങ്ങള്‍ കിട്ടിക്കഴിയുമ്പോള്‍,
വീണ്ടും ചോദ്യങ്ങള്‍ ആരംഭിക്കുന്നവ ....

ഉറുമ്പുകളെപ്പോലെ-
വരിയായി,നിരയായി-
അവ തലച്ചോറിനെ അരിച്ചു തുടങ്ങും .
ഉത്തരങ്ങളില്‍-
ചോദ്യങ്ങള്‍ വീണ്ടും ബാക്കിയാവും .
അപ്പോഴാണ് ,
ചുവന്ന കിഴക്കും പടിഞ്ഞാറും-
വേര്‍തിരിക്കാന്‍ കഴിയാതെ
വിഡ്ഢിയായി പോകുന്നത് -

"ചിന്നുമോള്‍ അമ്മയോട്
മന്ദബുദ്ധിക്കര്‍ത്ഥം ചോദിക്കുന്നത് !" .

ചില ചോദ്യങ്ങളുണ്ട്
ഉത്തരങ്ങള്‍ അനവധി ആണെങ്കിലും
കണക്കുകള്‍ ബാക്കിവെയ്ക്കുന്നവ .

വീണ്‍വാക്കുകളില്‍ ഓടുന്ന
ലോകത്തെ നോക്കി
നെഞ്ചിലെ ചുവപ്പുകാട്ടി ചിരിക്കുന്നവ .
കാതിലൊരു ചെമ്പരത്തിപൂവിന്റെ
നിഷ്കളങ്കതയില്‍ ചിനുങ്ങുന്നവ .

അപ്പോഴാണ് ചായക്കടയിലെ
ആള്‍ക്കൂട്ടം കുശുകുശുക്കുന്നത്‌
"പാവം അവനു ഭ്രാന്താണെന്ന് !" .

Monday, September 24, 2012

കരളു തിന്നുന്ന പക്ഷി.


കരളു തിന്നുന്ന പക്ഷീ ,
എനിയൊരല്പം വിശ്രമം..
ഒറ്റുകാരന്റെ തീരാതടവറയ്ക്ക് ,
ഭ്രൂണത്തില്‍ പൊലിഞ്ഞ
ഏറ്റു പറച്ചിലുകള്‍ക്ക് ,
എനിയൊരല്പം വിശ്രമം..

നെഞ്ചിലെന്നുമിടിവെട്ടുമ്പോള്‍,
അമ്മക്കണ്ണിലെ തീരാമഴയില്‍ -
അച്ഛന്‍ കുതിരുമ്പോള്‍ .
പെങ്ങളുടെ നോവുകളെ -
മൌനം പുതപ്പിക്കുമ്പോള്‍ ,
എനിക്ക് പേറ്റുനോവ് .!
കരളു തിന്നുന്ന പക്ഷീ ...


ഇനിയെന്റെ ജന്മങ്ങള്‍
അല്പായുസ്സുകളായി .!
പൂവില്‍ മുത്തുന പൂമ്പാറ്റയായി ,
തീതിന്നുന്ന മഴപ്പാറ്റയായി,
പങ്കുവെയ്ക്കാത്ത പൊതിച്ചോറുകളായി ...
ഇനിയെന്റെ ജന്മങ്ങള്‍ അല്പായുസ്സുകളായി . ......

Monday, August 20, 2012

നിഴലുകള്‍ ബാക്കിവയ്ക്കുന്നത് .

ഇരുട്ടില്‍ കൂട് വിട്ടിറങ്ങാറുണ്ട് -
ചില നിഴലുകള്‍ .
വെളിച്ചത്തില്‍ കൂടെ നടന്നതിനെ പഴിച്ച്‌ .
മദ്യശാലകളില്‍ ,ചൂതാട്ട കേന്ദ്രങ്ങളില്‍ ,
ഒത്തുചേരാറുണ്ട്..
വിപ്ലവം പറയാറുണ്ട് ,
പ്രണയത്തില്‍ വിങ്ങാറുണ്ട് ,
ചില നിഴലുകള്‍ .

നടന്നു തീര്‍ത്ത വഴികളുടെ
നോവുകള്‍ പറഞ്ഞു ,
നെഞ്ചിലെരിയുന്ന -
സങ്കടത്തീ തുറന്നുകാട്ടി ,
പരസ്പരം തലതല്ലി കരയാറുണ്ട് -
ചില നിഴലുകള്‍ .

കൈകള്‍ കൂട്ടിപിടിച്ചു ,
പിരിഞ്ഞു പോകില്ലെന്ന് -
കള്ളം പറയാറുണ്ട് .
രക്തബന്ധങ്ങള്‍ക്കപ്പുറത്തെ
നിഴല്‍ ബന്ധങ്ങളില്‍-
ആത്മാവിന്റെ കയ്യൊപ്പ്
ചാര്‍ത്താറുണ്ട്...

എങ്കിലും
വെളിച്ചം വരുമ്പോള്‍
പിന്തുടരാന്‍ വിധിക്കപ്പെട്ട്‌
വീണ്ടും നിഴല്‍ ജന്മങ്ങള്‍ .