Thursday, July 19, 2012

പരാതി.ഓര്‍മ്മകള്‍ സഞ്ചരിക്കുന്നൊരു
നേര്‍ത്ത പാലമുണ്ട്.
ഭൂതത്തില്‍ നിന്ന് -
വര്‍ത്തമാനത്തിലേക്ക്‌ .
ചിലത് കൈകാലിട്ടടിച്ചു,
മോണകാട്ടി ചിരിക്കും .
ഞാനും വരട്ടേയെന്ന് പരിഭവിക്കും .

ചിലത് മുടന്തി മുടന്തി ,തിരിഞ്ഞു നടക്കും
കോലൈസിന്റെ കാലം-
കഴിഞ്ഞെന്നു പിറുപിറുക്കും..
ഇണയെ കാണാതെ ചിലവ
പാലത്തില്‍ കാത്തിരിക്കും .
വന്നില്ലല്ലോ എന്ന് നെടുവീര്‍പ്പിടും .

അമ്മവച്ച സാമ്പാറെന്നു നിലവിളിക്കും .
ആദ്യത്തെ ചുംബനം എന്ന് പുഞ്ചിരിക്കും.
അവളെ അറിയില്ലെന്ന് നുണപറയും .
തമ്മില്‍ തെറി പറഞ്ഞു ,
പാലത്തിന്റെ ഒത്ത നടുക്ക് ,
മുറിഞ്ഞിരിക്കും ചിലവ.
പക്ഷെ
പതുങ്ങി വന്നു ,പിറകില്‍ നിന്ന് കുത്തി ,
നിന്റെ പേര് പറയുന്നവയോടാണ്,
എന്റെ പരാതി മുഴുവന്‍ ......

Thursday, July 12, 2012

നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടു .....

മഴ തിമര്‍ത്തു പെയ്യുന്ന ഒരു കള്ളക്കര്‍ക്കിടകത്തില്‍ ,ആ ഓലമേഞ്ഞ വീട്ടില്‍ നിലവിളക്കുകള്‍ കാറ്റിനാല്‍ കണ്ണു ചിമ്മാന്‍ വെമ്പിയിട്ടുണ്ടാവും .ചിമ്മിനി വിളക്കുകള്‍ പ്രാണന്‍ നിലനിര്‍ത്താന്‍ പാടുപെട്ടിട്ടുണ്ടാവും ..നിറഞ്ഞ വിളക്കിന്‍ മുന്‍പില്‍ അവലും പഴവും വച്ച് അച്ഛന്റെ രാമകീര്‍ത്തനം ഉയര്‍ന്നു
..കാറ്റും മഴയും കെട്ടടങ്ങി .!
"ശാരിക പൈതലേ ചാരുശീലേ. വരിക ആരോമലേ ... കഥാശേഷവും ചൊല്ല് നീ ..."
കഥ കേള്‍ക്കാന്‍ വിടര്‍ന്ന കണ്ണുകളോടെ ഇരുന്ന ആ ആറുവയസ്സുകാരന്‍ കഥ കേട്ട് എപ്പോഴൊക്കെയോ ഉറങ്ങിപ്പോയിരുന്നു ...
കുഞ്ഞു നാളിലെ എന്നില്‍ കഥകളുടെ ഒരു കൂടാരം തീര്‍ത്ത എന്റെ അച്ഛന് ...ദാരിദ്ര്യത്തിന്റെ കൊടുമുടികയറുമ്പോഴും പഠിക്കാന്‍ എനിക്ക് ഊര്‍ജം തന്ന എന്റെ അമ്മയ്ക്ക് ...

അന്നത്തെ കാവിലുംപാറ Govt UP സ്കൂള്‍ ചാണകം മെഴുകിയ ,ഓലമേഞ്ഞ ഒരു ചെറിയ വിദ്യാലയം ആയിരുന്നു ..തിരുമുറ്റത്തെ അലങ്കരിക്കാന്‍ ഒരു പൂമരം പൂച്ചൂടി നിന്നിരുന്നു .. താഴെ വീടുകെട്ടിയും പൂമരക്കായ പെറുക്കിയും കളിക്കുന്ന കുട്ടികള്‍ക്കിടയില്‍ ,എണ്ണയൊലിക്കുന്ന മുഖത്തോടെ ഒരു ചുവന്ന നിക്കറുകാരനായി ഞാനും ഉണ്ടായിരുന്നു ..ജാലകത്തിനപ്പുറം പാറുന്ന തുമ്പികളെയും വെയിലിനെയും കൌതുകത്തോടെ നോക്കിയിരുന്ന നാലാം ക്ലാസുകാരന്റെ ചെവിയില്‍ വേദനിപ്പിക്കാതെ രണ്ടു വിരലുകള്‍ പരതി നടന്നു.
"ക്ലാസ്സില്‍ ശ്രദ്ദിക്കാതെ പുറത്തു നോക്കി ഇരിക്ക്വാ .? !"
പുതുതായി വന്ന റിഷ ടീച്ചര്‍ ..!
നാട്ടിലെ അക്ഷര വായനശാലയുടെ കയ്യെഴുത്ത് മാസികയില്‍ എന്റെ കുട്ടി കവിത ഉണ്ടെന്നറിഞ്ഞപ്പോള്‍
എനിക്ക് ടീച്ചര്‍ ഒരു സമ്മാനം തന്നു .ONV യുടെ അമ്മ എന്നാ കവിത സമാഹാരം ടീച്ചറുടെ കയ്യൊപ്പോടെ . ഇന്നും നിധി കാക്കുന്ന ഭൂതത്തെപ്പോലെ ഞാന്‍ അത് സൂക്ഷിച്ചുവച്ചിട്ടുണ്ട് ..എന്റെ ജീവിതത്തിലെ ആദ്യ സമ്മാനം ..
എവിടെ നിന്നോ വന്നു എന്നില്‍ അക്ഷരങ്ങളുടെ വിത്ത്‌ വിതച്ചു എവിടെക്കോ മാഞ്ഞ റിഷ ടീച്ചര്‍ക്ക്‌ ...


+2 ഒരു സ്വപ്ന ലോകമായിരുന്നു .( കലാലയജീവിതം പ്രോഫെഷണല്‍ കോഴ്സ് കളുടെ മടുപ്പിക്കുന്ന ലാബുകളിലും അസൈന്‍മെന്റ് കളിലും കുടുങ്ങി പ്പോയ എല്ലാ ഹതഭാഗ്യവാന്‍മാര്‍ക്കും അങ്ങനെ തന്നെ ആവും ) . ചിരിക്കുന്ന പൂവുകള്‍ക്കാണോ ചിരിക്കാത്ത തരുണീ മണികള്‍ക്കാണോ കൂടുതല്‍ അഴക്‌ എന്ന് അന്തിച്ചിരുന്ന കാലം . അടുത്ത് ചെല്ലുമ്പോള്‍ ഇല പോഴിച്ചനുഗ്രഹിച്ച് - "എന്നെ പോലെ വലിയവരാകൂ" എന്ന് പറയുന്ന ആ മുത്തശ്ശന്‍ മരത്തിനോടും ,ക്ലാസ്സില്‍ വ്യ്കിയെത്തുമ്പോഴും ചിരിച്ച മുഖത്തോടെ എതിരേല്‍ക്കുന്ന മഞ്ഞ പൂക്കളോടും ഇന്നും വല്ലാത്തൊരു ആത്മ ബന്ധമുണ്ട് .അവിടെ ഞങ്ങള്‍ പഠിച്ചത് മടുപ്പിക്കുന്ന പാഠഭാഗങ്ങള്‍ മാത്റമായിരുന്നില്ല .സ്നേഹത്തിന്റെ പങ്കു വെയ്ക്കല്‍ കൂടിയായിരുന്നു .അവിടുത്തെ മലയാളം അധ്യാപക ആയിരുന്ന ആമിന ടീച്ചറുടെ ഒരു ക്ലാസ്സില്‍ പോലും വിദ്യാര്‍ഥി ആയി ഇരിക്കാന്‍ എനിക്ക് യോഗമുണ്ടായിട്ടില്ല . എങ്കിലും എന്റെ പൊട്ടത്തരങ്ങള്‍ നിറഞ്ഞ ഡയറി മുഴുവന്‍ വായിച്ചു ഇനിയും എഴുതൂ നിനക്ക് നിന്റെ ശൈലിയുണ്ട് എന്ന് പറഞ്ഞ ടീച്ചറുടെ നിറഞ്ഞ സ്നേഹത്തിനു മുന്‍പില്‍ ...പ്രണയ ലേഖനം കണ്ടിട്ടുപോലുമില്ലാത്ത എന്നെക്കൊണ്ട് ആദ്യമായി തന്റെ കാമുകിക്ക് വേണ്ടി പ്രണയ ലേഖനമെഴുതിച്ച എന്റെ പ്രിയ സുഹൃത്തിനു .

ജീവിക്കാന്‍ പലപ്പോഴും പ്രേരകമായിട്ടുള്ള ഒരു പാട് മുഖങ്ങള്‍ക്കുമുന്‍പില്‍.ഞാന്‍ നനഞ്ഞ സൌഹൃദങ്ങളുടെ മഴയ്ക്ക്‌ മുന്‍പില്‍ ..നടുരാത്രികളില്‍ പൊള്ളിച്ച ചിന്തകള്‍ക്ക് ,കരയിപ്പിച്ച വാക്കുകള്‍ക്ക് ..എല്ലാത്തിനുമുപരി എന്നെ വായിക്കുന്ന പ്രോത്സാഹിപ്പിക്കുന്ന നിങ്ങള്‍ക്ക് മുന്‍പില്‍ .....

പിന്‍കുറിപ്പ് :

ഞാന്‍ ബ്ലോഗിങ് തുടങ്ങി ഒരു വര്‍ഷം തികയുന്നു ...എല്ലാവര്ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി ...