Saturday, February 25, 2017

മുറിക്കവിതകൾ 14

1. ഉണ്ടാകുമോ .?

കടലിൽ പുഴയിൽ 
ഒന്നായൊഴുകി 
മേഘങ്ങളായ് തുഴഞ്ഞു 
ഒടുവിൽ പിരിയാൻ നേരം 
ഒരു മഴത്തുള്ളി 
മറ്റേതിനോട് ചോദിച്ചു .
രണ്ടായി താഴേക്കു 
പതിക്കുമ്പോൾ 
ഉണ്ടാവുമോ മറ്റു രണ്ടുപേർ 
നമ്മളെ കാത്തു ?
പ്രണയത്തിൽ നനഞ്ഞു .? 


2. തെങ്ങ് 

ഇളനീർ വണ്ടികൾ 
അതിർത്തി കടക്കുമ്പോൾ 
പനകൾ പറഞ്ഞു 
ചെറുപ്പത്തിൽ നാടുവിട്ട 
ചേട്ടനെ പറ്റി .

---- മലയാളനാട് ----

Saturday, February 11, 2017

ഉള്ളിൽ എരിയുന്ന തീയുമായി .ഉള്ളിൽ എരിയുന്ന തീയുമായൊരാൾ 
എന്നെങ്കിലും നിങ്ങളെ തേടി വരും .
മൗനത്തിന്റെ പുതപ്പുകൊണ്ട് 
ഒരു നിലവിളിയെ എത്രത്തോളം 
മറയ്ക്കാൻ കഴിയും .?
പറഞ്ഞു കേട്ടിട്ടുണ്ട് 
ചിലർ എവിടേയും രക്തസാക്ഷികളാണെന്നു. 
പ്രണയത്തിൽ ,ജീവിതത്തിൽ , സൗഹൃദത്തിൽ 
അങ്ങനെ എവിടെയും .
പൂക്കളെയും പ്രാവുകളെയും 
അതിന്റെ വഴിക്കുവിട്ടേക്കുക 
ഈ കവിത അവർക്കുള്ളതല്ല .

അല്ലെങ്കിൽ 
ഒന്നോർത്തു നോക്കൂ 
ഒരു പൂ വിരിഞ്ഞാൽ കൂടെ 
കരഞ്ഞു പോകുന്നവരാണ് നമ്മൾ .
ഒരു ചുംബനം കൊണ്ടുപോലും 
മരിച്ചു പോകുന്നവരും .
ഉള്ളിൽ എരിയുന്ന തീയുമായൊരാൾ വന്നാൽ 
അവരെ ചേർത്തുപിടിക്കുക 
എന്തെന്നാൽ 
ചിലപ്പോൾ അത് നമ്മൾ തന്നെ ആവാം .

Wednesday, January 11, 2017

മുറിക്കവിതകൾ 13


1. നഷ്ടം .
..................

ഓരോ വസന്തവും പിരിഞ്ഞു പോകുമ്പോൾ
കാടു നെഞ്ഞിടിച്ചു കരയും .
ഇത്രയും സുന്ദരമായതൊന്നും എനി വരാനില്ല.
ഇത്രയും ഗാഢമായതൊന്നും നഷ്ടപെടാനില്ല.
മറ്റൊരു വസന്തത്തിൽ പൂത്തു നിൽക്കുമ്പോൾ
കാടു വീണ്ടുമോർക്കും .
ഇത്രയും സുന്ദരമായതൊന്നും എനി വരാനില്ല.
ഇത്രയും ഗാഢമായതൊന്നും നഷ്ടപെടാനില്ല.


2.വിത്ത്
................

അലക്ഷ്യമായി
ആരോ വലിച്ചെറിഞ്ഞതിന്റെ
ഓർമ്മയിലാണു
ഓരൊ വിത്തും
വാശിയിൽ
പൂക്കുന്നതും കായ്ക്കുന്നതും .
ചികഞ്ഞു ചെന്നാൽ
ഉണ്ടാവില്ല
നട്ടു നനച്ചതിന്റെ കുളിരോ,
ഇല വന്നോ മുള വന്നോ
എന്ന തലോടലോ ഒന്നും .

Sunday, September 18, 2016

യാത്ര.

എത്രയെത്രയോ കാലമായില്ലേ
മുറിവുകൾ നമ്മിലൊട്ടുമില്ലെന്നും 
നമ്മൾ തമ്മിൽ മറന്നുപോയെന്നും 
മനസ്സറിഞ്ഞു ചിരിക്കുന്നുവെന്നും 
എത്രയെത്രയോ കാലമായില്ലേ? 

പിന്നെയും മിഴി തോരാത്ത കർക്കിട
സന്ധ്യ പോലെന്റെ മുന്നിൽ നിൽക്കുന്നു നീ . 
മുഖാമുഖം നോക്കി നാമിരിപ്പീ
യാത്ര 
തീർന്നു പോകുമോ 
മറ്റൊരു ജന്മമായ്‌ 
വന്നു പൂത്തതോ 
ഓർത്തു പോകുന്നു നാം . 

കണ്ണിൽ വീണ്ടും കൂടു കൂട്ടുന്നു 
വിരൽ പിടിച്ചു നാം ഒന്നായ സന്ധ്യകൾ .
മൗന വാത്മീകമൊന്നായുടച്ചു നാം 
വാഗ്മിയാകുന്ന ചുംബന തെരുവുകൾ . 

എത്രയെത്രയോ കാലമായില്ലേ?
ഓർമ്മകൾ നിന്നു കത്തുന്നു വെന്നോ?
ഉള്ളൊഴുക്കിന്റെ ചുഴികളിൽ നമ്മൾ 
മനസ്സറിയാതെ താഴുന്നു വെന്നോ .? 

ഒറ്റ നോട്ടവും ചിരിയും കരച്ചിലും 
കട്ടെടുത്തു നാം പോകേണമെല്ലോ
ശിഷ്ട ജീവിതം പിന്നെയും പാടുവാൻ 
എത്രയെത്രയോ കാലമായില്ലേ.
പരിചിതരല്ല നമ്മളീ ട്രെയിനിലെ
മുഖമറിയാത്ത യാത്രികരാണു നാം . 

Sunday, June 26, 2016

ഒറ്റ്‌


പണ്ടു ചേർന്നിരിക്കാറുള്ള
കുന്നിൻ ചെരുവിലെ
ഏകാന്തതയിൽ നിന്നും 
ഒരു കാറ്റു നമ്മളേയും 
തേടി ഇറങ്ങിയിട്ടുണ്ട്. 

അന്നു നട്ടു നനച്ച 
ചെടികളെല്ലാം 
ചോദ്യം ചോദിക്കാൻ മാത്രം 
വളർന്നിരിക്കുന്നു . 

നടന്ന വഴികളെല്ലാം 
കാടുപിടിച്ചെങ്കിലും 
കരിയിലകൾ പോലും 
ചിലതെല്ലാം അടക്കം പറയാറുണ്ട്. 

സൂക്ഷിക്കണം 
ഓർമ്മകൾ എന്നും ഒറ്റുകാരാണു. 

Thursday, June 23, 2016

മറന്നു പോയൊരാൾ
ഓർക്കുകയാണു,
എന്നോ മറന്നു പോയ ഒരു സുഹൃത്തിനെ.
മെല്ലിച്ച മുഖവും
ചാര കണ്ണും
ചിരിയും 
എല്ലാം ഓർത്തെടുക്കുകയാണു.

ചുണ്ടിലെ പാട്ടു,
മുഷ്ടി ചുരുട്ടിയ മുദ്രാവാക്യം ,
പാലിക്കപെടാതെ പോയ വാക്കു
എന്നിങ്ങനെ ഓരോന്നു കയറി വരികയാണു ( ഒരാവശ്യവുമില്ലാതെ ).

ഇപ്പോൾ എവിടെ 
ആവുമെന്നും 
എന്നെയും 
ഓർക്കുന്നുണ്ടാവുമോ എന്നും 
ഓർത്തപ്പോൾ 
ഒരു സങ്കടം വന്നു
മുറുക്കെ കെട്ടിപ്പിടിക്കുന്നു.
വിട്ടു പോവല്ലെ 
എന്നു കരയുന്നു.

പെട്ടന്നു
എവിടെയോ മറന്നു വച്ച എന്നെത്തന്നെ ഓർമ്മ വരുന്നു . 

( ഈ ലക്കത്തെ ഇ മഷിയിൽ വന്നതു ) 
http://emashi.in/jun-2016/

Saturday, June 18, 2016

മാഞ്ഞു പോകുന്ന പെൺകുട്ടികൾ
കാലിൽ 
കൊലുസണിഞ്ഞു
കയ്യിൽ 
കുപ്പിവളകൾ കുലുക്കി
മുടി പിന്നിയിട്ട 
ഒരു പെൺകുട്ടി.

ചിറകിൽ പല പല
വർണ്ണങ്ങളുള്ള 
ഒരു പൂമ്പാറ്റ.

ഒന്നു കൂടെ 
സൂക്ഷിച്ചു നോക്കിയാൽ 
കണ്ണിൽ മഷിയെഴുതിയ 
ചുണ്ടിൽ ചിരിയുള്ള 
ഒരു പെൺകുട്ടിയാണു 
ആ പൂമ്പാറ്റ 
എന്നു തോന്നും . 

പറന്നു പറന്നു സ്വപ്നം  
കാണുന്ന 
പല വർണ്ണങ്ങൾ പുതച്ച
ഒരു ചിത്രശലഭമാണു 
ആ പെൺകുട്ടി എന്നും .

പൂമ്പാറ്റ മുൻപിലും 
പെൺകുട്ടി പിറകിലും 
അല്ലെങ്കിൽ ,
പെൺകുട്ടി മുൻപിലും 
പൂമ്പാറ്റ പിറകിലും 
കണ്ണിൽ നിന്നു 
മാഞ്ഞു പോകുന്നു.

പൂമ്പാറ്റ ചിറകു 
ഭൂമിയിൽ ചുംബിച്ചു കിടപ്പുണ്ടായിരുന്നു.
പക്ഷേ
അങ്ങനെ ഒരാൾ 
പിറന്നിട്ടേയില്ല
എന്ന മട്ടിൽ 
ഒരു തെളിവും 
അവശേഷിപ്പിക്കാതെ
ആ പെൺകുട്ടി 
എങ്ങോട്ടാവും 
മറഞ്ഞു പോയതു . 

വര -  Jaijy