add

Tuesday, April 11, 2023

ഞാൻ അറിയാത്ത നീ.

 

കടൽ കാണാൻ പോയപ്പോൾ 

മണൽതരിക്കൊന്നിനു നിന്‍റെ പേരിട്ടു.

നിലാവുദിച്ചിട്ടുണ്ടായിരുന്നു 

കടല് പാല് പോലെ പതഞ്ഞു.


ഞങ്ങൾ മാത്രമായെന്നു 

തോന്നിയപ്പോൾ 

വഴികളെ പറ്റി സംസാരിച്ചു.

ആരുടെയൊക്കെയോ വഴികളിലൂടെ 

എനിക്കെന്റെ വഴിയെന്ന്

എത്രയോ വട്ടം നടന്നിട്ടുണ്ട് ഞാൻ.


പോയതും തെറ്റിയതുമായ 

പാതകളൊക്കെ 

പറഞ്ഞു നിറുത്തിയപ്പോൾ 

അത് ദൂരെ 

ഒരു നക്ഷത്രത്തെ ചൂണ്ടി.

എനിക്ക് മാത്രം 

മനസ്സിലാവുന്ന ഭാഷയിൽ 

അവിടെ നിന്നാണ് 

യാത്ര തുടങ്ങിയതെന്ന് പറഞ്ഞു.

പതുക്കെ ഹൃദയത്തിൽ തൊട്ടാൽ 

ഇപ്പോഴും ആ നക്ഷത്രത്തിന്റെ ചൂടറിയാമെന്നും പറഞ്ഞു.


നക്ഷത്രത്തെയും മണല്തരിയെയും 

മാറി മാറി നോക്കി 

മൗനമായി തൊട്ടപ്പോൾ ശെരിയാണ് 

നിന്‍റെ അതേ ചൂട്.

1 comment:

  1. https://www.google.com/amp/s/www.manoramaonline.com/literature/your-creatives/2023/03/23/malayalam-poem-njan-ariyatha-nee.amp.html

    ReplyDelete