Monday, November 17, 2014

ഇരുട്ട്‌

ഇരുട്ട് 
ആരുടെയോ സങ്കടത്തിനു കൂട്ടിരിക്കുകയാണെന്നു 
പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.?
മരിച്ചവർ 
അനാഥമാക്കിപ്പോയ 
സങ്കടങ്ങൾ
ഇരുട്ടായി പുനർജനിക്കും.
ഒരു മുറിവു 
മറ്റൊരു മുറിവിനു കൂട്ടിരിക്കും.

മകൻ മരിച്ച ഒരച്ഛൻ കുഞ്ഞിന്റെ കരച്ചിൽ കേട്ടു 
ഞെട്ടുന്നെങ്കിൽ 
ഇരുളിന്റെ കൂട്ടുണ്ടാവും.
മോണകാട്ടിയ ഒരു ചിരി,
അദ്യം പറഞ്ഞ വാക്ക്,
ആദ്യം കൊടുത്ത കുഞ്ഞുമ്മ,
കുഞ്ഞുടുപ്പുകൾ,
എല്ലാം ഓർമ്മയിലെത്തും.
മുറിവു 
മുറിവിനു കാവൽ നിൽക്കും.

തോറ്റ പ്രണയത്തിലെ 
വിട്ടുപോവാൻ പറ്റാത്തൊരോർമ്മ ഇരുളിൽ ആരോ ചികഞ്ഞെടുക്കുന്നുണ്ടു.
നാടുവിട്ടുപോയ കൂട്ടുകാരനെ 
ആരൊ ഓർക്കുന്നുണ്ടു.
ഇനിയും
കണ്ടെത്തിയിട്ടില്ലാത്ത
ഓർമ്മകളുടെ ദേശത്തേക്ക്
ഇരുട്ട് പലരേയും കൊണ്ടുപോകുന്നുണ്ട്.

സങ്കടങ്ങളുടെ 
ഘോഷയാത്ര പോകുന്നൊരു,
തെരുവുണ്ടെന്നു 
പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.?
ഞാൻ ആ ഇരുളിലെ കാഴ്ച്ചക്കാരനാണെന്നു ,
പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.?

Friday, September 5, 2014

മാഷോടു ചോദിക്കാം.

കേട്ടെഴുതുമ്പോൾ 
വിശപ്പിനു പകരം ഉച്ചക്കഞ്ഞി 
എന്നെഴുതിയതിനു 
മാഷെന്തിനാണെന്നെ ബെഞ്ചിൽ നിർത്തിയത്  ?

കണക്കു ടീച്ചർ 
വരാതിരിക്കാൻ 
പുണ്യാളനു മെഴുകുതിരി
നേർന്നിട്ടും
ടീച്ചർ വന്നത്  
ദൈവം ഇല്ലാഞ്ഞിട്ടല്ലേ ?

ടൂറിന്  വരാത്തത്  പേടികൊണ്ടാണെന്നു കള്ളം പറഞ്ഞപ്പോൾ 
ലീല ടീച്ചർ 
എന്തിനാണെനിക്കൊരുമ്മ 
തന്നത് ?

ഓലക്ക്Iറിലൂടെ വന്ന പ്രകാശം
ബെഞ്ചിൽ മുട്ടയിട്ടപ്പോൾ
ഞാനെന്തിനാണു 
സന്തോഷിച്ചതു.? 

ഉത്തരമറിയാതെ 
ഞാൻ കല്ലുപോലെ 
നിൽക്കുമ്പോൾ 
അറിഞ്ഞിട്ടും പറയാതെ അവനെന്തിനാണ്  
തല്ലുകൊണ്ടത് ?

വിക്കണ്ട മാഷേ
ഞാനന്നേ പറഞ്ഞതല്ലേ,
ചോദ്യങ്ങൾ പോലെ 
എളുപ്പമല്ല ഉത്തരങ്ങൾ എന്നു . 

Friday, June 20, 2014

മുറിക്കവിതകൾ 12


1).കാണുമ്പോൾ

കാണുമ്പോൾ കൈപിടിക്കണ്ട .
ചായം തേച്ച ചിരി തരേണ്ട .
ഹൃദയത്തിൽ എനിക്കായ് മാത്രം
ഒരു ഇടമുണ്ടെന്ന് കള്ളം പറയണ്ട .
നല്ല വാക്കുകൾ ഒന്നും വേണ്ട .
കരളിലേക്കൊന്നു പാളി നോക്കുക
അവിടെ കാണാം ,
എരിയുന്നൊരു തീകടലും
അതു കടയുന്ന
ചെകുത്താനും ദൈവവും.


2).കടൽക്കരയിൽ പേരെഴുതുംപോൾ.


ഒറ്റവാക്കിൽ ഉത്തരമെഴുതാനുള്ള
ചോദ്യമായി
നീ വീണ്ടുമെത്തുമ്പോൾ -
എക്സാം ഹാളിൽ ,
പഠിച്ചതെല്ലാം മറന്ന ,
കുട്ടിയെപ്പോലെ
ഞാൻ ഒറ്റയാവുന്നു..

അത്രമേൽ സ്നേഹത്തോടെ ,
ദേഷ്യത്തോടെ,
ഇറങ്ങിവരാൻ മാത്രം
ഏതുവാക്കാണുള്ളതു.?

ഉറപ്പാണു ,
കണ്ടുപിടിച്ചിട്ടുണ്ടാവില്ല
ആ വാക്കെന്നു പറഞ്ഞു ,
ഞാൻ വീണ്ടും
നിന്റെ പേരെഴുതുന്നു.

Sunday, May 25, 2014

നോവ്‌ ഒരു മതമാണെന്നിരിക്കെ.


മുക്കുറ്റി പൂത്ത വരമ്പിനെ
സ്വപ്നം കണ്ടിരിക്കുമ്പോഴാണ്
അത്ര പരിചയമില്ലാത്ത ഒരു
നോവ്‌ കയറിവരുക .
(നോവ്‌ ഒരു മതമാണെന്നിരിക്കെ
മുൻ പരിചയത്തിനു എന്ത് പ്രസക്തി .?)
അതു
വിജനമായ ഒരു തെരുവ്
വാഗ്ദാനം ചെയ്യും ,
കൂടെ നടക്കാമെന്നും
കുടിക്കാമെന്നും
പ്രലോഭിപ്പിക്കും.
തിരിഞ്ഞൊഴുകുന്ന ഒരു പുഴയോട്
പ്രണയമാണെന്ന് പറഞ്ഞു ചിരിക്കും .
അങ്ങനെ മുക്കുറ്റി പൂവിന്റെ
സ്വപ്നം പാതിയിൽ നിർത്തി
ഞങ്ങൾ നടക്കാനിറങ്ങും.
നോവ്‌ ഒരു മതമാണെന്നിരിക്കെ ,
ഞങ്ങൾ മുൻപരിചയം ഇല്ലെന്നിരിക്കെ ,
നെഞ്ചുറപ്പുള്ള നോവേ എന്ന് വിളിക്കും ഞാൻ .
അപ്പോൾ അതിന്റെ
ചുണ്ടിലൊരു ചിരി പൂക്കും
പക്ഷെ മുഖം വാടിയിരിക്കും .

"ചെറുപ്പത്തിൽ
ഒറ്റകിട്ടുമെന്നു പറഞ്ഞമ്മ,
കയ്യോങ്ങിയതുകൊണ്ടാണോ
ഞാനിത്രമേൽ ഒറ്റയായതു.?"

എന്ന എന്റെ പഴയ കവിത
ഓർമ്മിപ്പിക്കും അത് .
നോവ്‌ ഒരു മതമാണെന്നിരിക്കെ,
ആരും ഒറ്റയല്ലെന്നു ആശ്വസിപ്പിക്കും ഞാൻ .
( കവിത ഒക്കെ കള്ളമല്ലേ എന്നു പറഞ്ഞത്
ഇവിടെ പറയുന്നില്ല എന്ന് മാത്രം ).
അപ്പോൾ
വഴിയരികിൽ ഒരു മുക്കുറ്റി
ചിരിക്കുന്നുണ്ടാവും

Wednesday, April 23, 2014

നിഴലും ഞാനും .

പേരറിയാത്ത ഒരു നിഴലിന്റെ
കണ്ണിൽ നോക്കി ഇരിക്കവെ
ഭിത്തിയിൽ നിന്നും അതു
സ്വതന്ത്രമാകുന്നു.
എനിക്കു മാത്രം
മനസ്സിലാവുന്ന
ഭാഷയിൽ അതു സംസാരിക്കുന്നു.
ഒരുറുമ്പു പോലും
ഗൗനിച്ചില്ലെന്നു
പരാതി പറയുന്നു.
ഒറ്റക്കാണെന്നു നെടുവീർപ്പിടുന്നു.
ആരുമില്ലെന്നു തേങ്ങുന്നു.

നിനക്കു വല്ലോം മനസ്സിലാവുന്നുണ്ടോ
എന്നു സംശയത്തിൽ പൊതിഞ്ഞ
കാക്ക നോട്ടം നോക്കുന്നു.
കരച്ചിൽ വന്ന ഞാൻ
"നിക്കു മനസ്സിലാവും "
എന്നു തലയാട്ടുന്നു.
അധികാര ഭാവത്തിൽ
എന്നൊടു
ചേർന്നിരുന്നു
എകാന്തതയുടെ
വിഷമിറക്കുന്നു.

പണ്ടു ,
വളരെ പണ്ടു പഠിച്ച ഒരു പാട്ടു-
ഓർമ്മയിൽ നിന്നും
പാടിത്തരുന്നു.
നടന്നു തേഞ്ഞ വഴികളെ പറ്റിയും,
കാത്തിരുന്നു മുഷിഞ്ഞ
ബസ്സ്റ്റോപ്പുകളെ പറ്റിയും,
ബസ്റ്റോപ്പിൽ
ഉരുട്ടി വരച്ച
പേരിനെ പറ്റിയും,
പറ്റിച്ചു പോയ
കാമുകിമാരെ പറ്റിയും
പറയുന്നു.
കേട്ടു കേട്ടു
സങ്കടം കൊണ്ടെന്റെ
ചങ്കു പൊട്ടാനാവുന്നു.

പെട്ടന്നു
മേലേ കൂടെ
പേരറിയാത്തൊരു പക്ഷി
പറന്നു പോകുന്നു.
ഞങ്ങൾക്കു രണ്ടു പേർക്കും
കരയാൻ വരുന്നു.
ഞാൻ കണ്ണു തുടക്കുന്നു
അതു കണ്ണു തുടക്കുന്നു
ഞാൻ കൈ അനക്കുന്നു
അതു കൈ അനക്കുന്നു.
ഞാൻ തല ആട്ടുന്നു
അതു തല ആട്ടുന്നു.
ഒരു യാത്ര പോലും പറയാതെ
"നമ്മളെന്നാ നമ്മളായതു.?"
എന്നും ചോദിച്ചു
അതു ഭിത്തിയിൽ ഒട്ടി പോകുന്നു.

പിന്നെയും
എന്നെ ആരൊ കവിതയിലേക്കു
കട്ടെടുക്കുന്നു.
വീണ്ടുമാരോ പ്രണയത്തിലേക്കു
നാടുകടത്തുന്നു.

Wednesday, April 9, 2014

മുറിക്കവിതകള്‍ 11

1 .നീ / ഞാൻ

ഇന്നു ചിന്തിച്ചതു മുഴുവൻ
നിന്നെക്കുറിച്ചായിരുന്നു,
നിന്റെ ചിരി,
നിന്റെ നോവുകൾ,
നിന്റെ സ്വപ്നങ്ങൾ ,
നീ ,നീ ,
നീ മാത്രം.
എന്റെ സംശയം അതല്ല-
അങ്ങനെ ഒരു നീ ഇല്ലാത്തിടത്തോളം,
ഞാൻ മാത്രം എന്തിനാണിങ്ങനെ
മഴയത്തു നിൽക്കുന്നതു.?


2).ശാപം

പിരിയുന്നതിനു
തൊട്ടുമുൻപു
ഒരു പെണ്ണിന്റെ
"എന്നെ ശപിക്കരുതേ "
എന്ന അപേക്ഷ
അവളുടെ ഭാഷയിൽ
ഒരു ശാപമാണു,
"തന്നോടുള്ള പ്രണയത്തിൽ നിന്നും ഒരിക്കലും
സ്വതന്ത്രനാവാതെ പോകട്ടെ "
എന്ന ശാപം.

Wednesday, March 12, 2014

എന്തോ പോലെ.

എന്തോ പോലെ ,
വീണു മുട്ടുപൊട്ടിയപോലെ ,
എല്ലാരും കളിയാക്കി
ചിരിച്ചത് പോലെ .
അമ്മ എങ്ങോ എന്നെ
കൂട്ടാതെ പോയ പോലെ .
ഉറങ്ങാതെ കാത്തിരുന്നിട്ടും ,
വാങ്ങാൻ പറഞ്ഞത്
'മറന്നെന്നു'
കേൾക്കും പോലെ .
കണക്കു ചെയ്യാതെ
ക്ലാസ്സിൽ പോകും പോലെ .
ഉറപ്പായ അടി
അടുത്തെത്തും പോലെ .
പരിചയമില്ലാത്ത നാട്ടിൽ
സന്ധ്യക്ക്‌ ബസ്‌ കാത്തു
നിൽക്കുംപോലെ .
കരളിൽ തൊട്ടൊരാൾ
കണ്ടിട്ടും കാണാത്ത പോലെ .
അങ്ങനെ
എന്തോ പോലെ,
എന്തോ പോലെ,
എന്തോ പോലെ .

Sunday, January 19, 2014

നാടുവിടുമ്പോൾ


നാടുവിടുമ്പോൾ,
തീവണ്ടിയിൽ നിന്നു
പുറത്തേക്കു നോക്കിയാൽ-
എതിർ ദിശയിൽ
ഓർമ്മകൾ ഓടിമറയുന്നതു കാണാം.

മരങ്ങൾ ഓടുന്നു,
ചെടികൾ ഓടുന്നു,
പുഴകൾ ഓടുന്നു,
മലകൾ ഓടുന്നു,
വീടുകൾ ഓടുന്നു,
കാടുകൾ ഓടുന്നു,
അങ്ങനെ അങ്ങനെ അങ്ങനെ.

സൂക്ഷിച്ചു നോക്കിയാൽ
എല്ലാം വലിയ വായിൽ
കരയുന്നതു കാണാം.
മരങ്ങൾ കരയുന്നു,
ചെടികൾ കരയുന്നു,
പുഴകൾ കരയുന്നു,
മലകൾ കരയുന്നു,
വീടുകൾ കരയുന്നു,
കാടുകൾ കരയുന്നു
അങ്ങനെ അങ്ങനെ അങ്ങനെ.

കരഞ്ഞു തളർന്ന ഒരു മരം
വഴിയിൽ കാൽ തെറ്റി
വീണെന്നു തോന്നും.
രണ്ടു ചെടികൾ,
"നിനക്കു ഞാനില്ലേടാ.?"
എന്നു കെട്ടിപിടിച്ചു ,
കരയുന്നതുപോലെ തോന്നും.
പുഴകൾ കുഴഞ്ഞുവീണു
മരിച്ചതാണെന്നു തോന്നും.
മലകൾ വലിയ കാരണവരെപ്പോലെ-
ശബ്ദമില്ലാതെ കരഞ്ഞു,
തേങ്ങി തേങ്ങിക്കരഞ്ഞു,
വീണ്ടും വീണ്ടും സങ്കടപ്പെടുത്തും.
വീടുകളെല്ലാം കൂട്ടം തെറ്റിയ
കുട്ടികളാണെന്നു തോന്നും.
കാടുകൾ പിരിയാൻ പറയുന്ന
കാമുകിയാണെന്നു തോന്നും.
അങ്ങനെ അങ്ങനെ അങ്ങനെ -
സങ്കടങ്ങളുടെ ഒരു തീവണ്ടി
എതിർ വശത്തും
ഓടുന്നുണ്ടെന്നു തോന്നും.

Wednesday, January 1, 2014

മുറിക്കവിതകള്‍ 10

1. വസന്തം

വിരുന്നുവന്ന വസന്തമേ
എനിയുമെന്നെ
ചുംബിക്കരുതേ,
കരളിലെ കാടു,
മുറിവുകൾ കൊണ്ട്
ചോപ്പിക്കരുതേ...

2 .ഒറ്റ

ചെറുപ്പത്തിൽ
ഒറ്റകിട്ടുമെന്നു പറഞ്ഞമ്മ,
കയ്യോങ്ങിയതുകൊണ്ടാണോ
ഞാനിത്രമേൽ ഒറ്റയായതു.?

3.കണ്ണട

കണ്ണട വേണം
മങ്ങിയ കാഴ്ച്ചകൾ
കാണാതിരിക്കാനല്ല.
സ്വന്തം കണ്ണിലെ
വിഷാദം മറക്കാനെങ്കിലും..