add

Sunday, February 25, 2024

മരബുദ്ധൻ

 ഒരു മരം ധ്യാനിക്കുമ്പോൾ 

അതിന്റെ വേരുകൾ 
അടഞ്ഞു പോയ
ഒരു നീരുറവയെ തൊടുന്നു.
ഉൾക്കണ്ണുകൊണ്ടു കാട് കാണുകയും 
വിദൂര ദേശത്തുള്ള 
ഒരിക്കലും കണ്ടിട്ടില്ലാത്ത 
തന്റെ കൂടെ പിറപ്പുമായി 
ആത്മ ഭാഷണത്തിൽ 
ഏർപ്പെടുകയും ചെയ്യുന്നു .



ഒരു മരം ധ്യാനിക്കുമ്പോൾ 
അതിന്റെ ചില്ലകൾ 
ഭാവിയിലെ പരിണാമത്തെ
ദർശനപ്പെടുന്നു.
കട്ടിലായോ കുരിശായോ 
വീണയായോ വാദ്യമായോ 
ഓരോ അണുവും വിറകൊള്ളും.
ഇലകൾ കിളികളായി 
ഇലക്കിളികളായി 
തോറ്റം ചൊല്ലും.

ഒരു മരം ധാനത്തിലാവുമ്പോൾ 
അതിന്റെ നിഴലുകൾ പോലും 
പച്ചയാവും.
താഴെ ഒരു മനുഷ്യൻ 
വിശ്രമിക്കാനെത്തും.
ആടകളഴിഞ്ഞു നഗ്നമായ പ്രകാശമേറ്റു 
ബുദ്ധന്റെ മുഖം ജ്വലിക്കും.
അയാളും ധ്യാനത്തിലേക്കു
വഴുതി വീഴും.

--- ചില്ല മാഗസിൻ - asinet news 

സ്വപ്‍നരാജ്യം

ചുവരുകൾ ചിത്രങ്ങളായ 

ആൾത്തിരക്കുള്ള 

ആ നഗരത്തിലേക്ക് 
അതിലോലം ഒരു സ്വപ്‍നത്തിലൂടെ 
ഞാൻ നുഴഞ്ഞു കയറി 

ആളുകളുടെ അടക്കം പറച്ചിലുകളിൽ 
കാറ്റിനു ആവലാതി ഉണ്ടെന്നും 
പൂക്കൾക്കു ഭീഷണി ഉണ്ടെന്നും കേട്ടു 

ഒരു കോണിലൊരാൾക്കൂട്ടം 
ക്രിസ്തുവിന്റെ മുഖമുള്ളൊരാളെ 
തല്ലിക്കൊല്ലണോ 
കടലിൽത്താഴ്ത്തണോയെന്ന് 
തർക്കിക്കുന്നതു കണ്ടു 

അഞ്ചു വയസ്സുള്ളൊരു പൂമ്പാറ്റ 
എന്നെ നോക്കി ചിരിച്ചു 
പെട്ടന്നൊരറുപതുകാരനെപ്പോലെ
നിങ്ങളുടെ മതമെന്താണെന്ന് 
ചോദിച്ച്‌  പറന്നു പോയി. 

നട്ടുച്ചയായിരുന്നു 
എനിക്കു വിശക്കുന്നുണ്ടായിരുന്നു. 
എന്നെ പോലെ പലർക്കും 
വിശക്കുന്നുണ്ടായിരുന്നു.

കറുത്ത മനുഷ്യരുടെ ഇറച്ചി വിളമ്പുന്ന 
കടകളുള്ളൊരു നഗരമാണതെന്നു 
പരസ്യമായ രഹസ്യമായിരുന്നു.

സൂക്ഷിച്ചും പേടിച്ചും വിശന്നും 
ഞാനൊരു ഹോട്ടലിൽ കയറി 
വട്ടക്കണ്ണടയുള്ളൊരു മോണകാട്ടി ചിരി 
എന്നെ വരവേറ്റു 

അയാളെനിക്കു ഭക്ഷണം വിളമ്പി 
കവിയാണെന്നു പറഞ്ഞപ്പോൾ 
രാജാവു നിങ്ങൾക്കുവേണ്ടി 
അതിമനോഹരമായ ജയിലുകൾ 
പണിയുന്നുണ്ടെന്നദ്ദേഹം പറഞ്ഞു.

വയറും മനസ്സും നിറയുവോളം 
അയാളെന്നെ ഊട്ടി. 
പെട്ടന്നു ഞെട്ടിയുണർന്നു 
ചോദ്യം മാത്രം ബാക്കിയായി.

ആളു തികയുമോ രാജാവിന് 
ഞാനില്ലാതെ 
കടക്കാരന്റെ കടം വീട്ടാൻ 
കാക്കുന്നുണ്ടാവുമോ 
അയാളെന്നെ.