Thursday, October 17, 2013

ഓർമ്മപെയ്ത്ത്

നീ അറിഞ്ഞോ മനസ്സിന്റെ വാതിലില്‍
ഓര്‍മ്മകള്‍ ഭൂത നൃത്തം ചവിട്ടുന്നു.
സന്ധ്യ മായും കലിങ്ങിലായ് നിഴലുകള്‍
വിട്ടു പോകാന്‍ മടിച്ചിരിക്കുന്നതും ,
കാട്ടു കൂമന്റെ മൂളലില്‍ തോളിലെന്‍ -
തോഴനായി നീ കരം ചേര്‍ത്തിരുന്നതും.
ചെന്നിരിക്കുന്ന ചെരിവുകള്‍ ചിന്തതന്‍
കൂട്ടിലാകവേ തീ പടര്‍ത്തുന്നതും.
നീ അറിഞ്ഞോ മനസ്സിന്റെ വാതിലില്‍
ഓര്‍മ്മകള്‍ ഭൂത നൃത്തം ചവിട്ടുന്നു.

കരളിലെന്നോ പതിഞ്ഞ കാല്‍പ്പാടുകള്‍
കൂര്‍ത്ത മുള്ളിന്റെ വീട് തീര്‍ക്കുന്നതും
പങ്കു വെയ്ക്കുവാന്‍ പ്രാണന്‍ പകുക്കുവാന്‍
പ്രണയമേതോ തുരുത്തില്‍ ചിരിച്ചതും .
ആശവറ്റും മരു കാറ്റിലെപ്പൊഴോ-
ഒരു ചതിപ്പൊട്ടില്‍ നഷ്ടപെടുന്നതും .
കണ്ണുനീരിന്റെ ലിപികളായ് മനസ്സിലെന്‍
ഗൂഢ സ്മൃതികളായ് തീക്കാറ്റുറഞ്ഞതും .
ചോര ചാലിച്ച ചാരായ സന്ദ്യകള്‍
വീണ്ടുമായിരം ചിത്രം വരച്ചതും.

ആരുമില്ലെന്ന് തോനുന്ന നേരത്ത് ,
കരയുവാൻ നിന്റെ തോൾ കൊടുക്കുന്നതും .
കണ്ണുനീരിന്റെ കടൽ കടന്നീടുവാൻ ,
കാട്ടുപൂവിന്റെ പാട്ടുപാടുന്നതും .
കൂട്ടുകാരാ മറക്കാതിരിക്കുക ,
നമ്മളിൽ നാം മുളപ്പിച്ച വിത്തുകൾ .
നീ അറിഞ്ഞോ മനസ്സിന്റെ വാതിലില്‍
ഓര്‍മ്മകള്‍ ഭൂത നൃത്തം ചവിട്ടുന്നു ..

Friday, October 4, 2013

മുറിക്കവിതകൾ 9

1. ചോദ്യം.


ഇടവഴിയിൽ വച്ചു,
ഇറുക്കെ പുണരുമ്പോൾ-
മഴയുടെ കാതിൽ
ചോദിച്ചു.
ഒലിച്ചുപോകുന്നതു
മണ്ണോ.?
മനസ്സോ.?

Thursday, August 1, 2013

വീടുവണ്ടി .

സ്വപ്നങ്ങൾ കൊണ്ടു മേൽക്കൂര-
പണിതിട്ടും ,
ചില വീടുകൾ ചോരുന്നതെന്തേ .?
ഒരുപാട് ചേർന്ന് നിന്നിട്ടും -
ഓരോ ചുവരും ഓരോ അതിർത്തി
ആവുന്നതെന്തേ .?

ഭിത്തിയിൽ
അപ്പു വരച്ച ആന
വിശന്നലറുന്നതും ,
അമ്മു വരച്ച പുഴ ,
വെറും വരയാവുന്നതും കണ്ടു -
വീട് ഒരുപാട് നെടുവീർപ്പിടും .
'ആരുമില്ലാത്തവർക്ക് ദൈവമുണ്ടെന്നു'
പറഞ്ഞു ,
'ആരുമില്ലാത്തവർക്ക് ആരുമില്ലാ'
എന്ന് കേൾക്കും .

വിശപ്പ് പൂത്ത വഴിയിലേക്ക് ,
വരുന്നവർക്കെല്ലാം
അടുത്ത ഒരു അവധി
വീട് കരുതിവെയ്ക്കും ,
തൊഴിലില്ലായ്മയെ പറ്റി ഉറക്കെ -
മുദ്രാവാക്യം വിളിച്ചുകൊണ്ടു
വീടുകളുടെ ഒരു വിപ്ലവ ജാഥ ,
വഴിയിലൂടെ കടന്നുപോകും .

വിശപ്പിന്റെ ,സങ്കടങ്ങളുടെ ,
പരാതികളുടെ ,
മഴ നനഞ്ഞു ,നനഞ്ഞു -
ഒരു തീവണ്ടി വരും ..
തീവണ്ടി വീടിനെ വിളിക്കുന്നത് പോലെ തോന്നും .
പല പ്രലോഭനങ്ങൾക്കപ്പുറമാണു
വീട് -
തീവണ്ടി ഒച്ചകളെ പ്രണയിക്കുന്നത് ..
വീട്ടിലേക്കുള്ള വഴി പാളങ്ങളിലേക്കു -
നീളുന്നത് .

പുറത്തു
തീവണ്ടി വീടിനെ
ഉമ്മവെയ്ക്കുംപോഴേക്കും
അകത്തു
കാമുകനെ സ്വപ്നം കാണുന്ന പെണ്കുട്ടി
ഞെട്ടി ഉണർന്നിരിക്കും.!
തീർച്ച ...!

Friday, June 14, 2013

കൂടെപൂക്കാനിരിക്കേ.

പൂക്കാൻ മറന്നുപോയൊരു മാവ് ,
ഞെട്ടി ഉണർന്നു പൂക്കുന്നതുപോലെ ,
ഒരു നാൾ നമ്മളും പൂവിടും .
ചങ്കു പൊള്ളിച്ച സങ്കടങ്ങളെല്ലാം -
ഒരു മഴയിൽ കുത്തിയൊലിച്ചു പോകും .

തണുപ്പിലുറങ്ങുന്ന തെരുവിന്റെ മകന്
കിനാവ് കൊണ്ടൊരു കുപ്പായം
തുന്നണം അന്ന് .
ചിത്ര ശലഭങ്ങളുടെ ചിറകിലെ
ഗൂഢാക്ഷരങ്ങള്‍ പൂക്കൾക്ക്
വായിക്കാനാവും അന്ന് .

നെഞ്ചു പോള്ളിപ്പോയ മഴപ്പാറ്റകൾ
മണ്ണിലൊരു കൊട്ടാരം കെട്ടും .

കൂട്ടുകാരാ അന്നു നീ വേണം
കൂടെ ,
എന്റെ നെഞ്ചിലെ ചുവപ്പായി ..

Sunday, June 2, 2013

മരങ്ങൾ കരയുന്നത് ..

എതോ ഒരു കിളിക്കൂടിന്റെ
ഓർമ്മയിൽ
ഒരു മരം ,
കരയുന്നുണ്ടിവിടെ...
പറന്നുപോയവയെക്കുറിച്ചു-
വഴികളോട്‌,
പുഴുവിനോട്‌,
സങ്കടം പറയുന്നുണ്ടു.

എനിക്കു കേൾക്കാം.
എന്റെ മാവെ ,
എന്റെ തേക്കെ,
എന്റെ തെങ്ങേ,
എന്നു ചങ്ങാതികളൊട്‌
അലമുറയിടുന്നുണ്ടു
ഒരു മരം ...

ഒറ്റപ്പെടലിലേക്കു
ചില്ലകൾ വളർത്തി,
ഓർമ്മകളിലേക്കു
വേരുകളാഴ്ത്തി,
ഇടയ്ക്കു അണപൊട്ടി-
പോകുന്നതാവാം
സങ്കടങ്ങൾ.

ഒരിലപൊഴിച്ചെല്ലാം
മറക്കുമ്പൊഴെക്കും
പൂവിട്ടിരിക്കും പിന്നെയും
ഓർമ്മകളുടെ വസന്തം..

മരങ്ങൾ കരയാറില്ലെന്നാരാണു-
പറഞ്ഞതു.?
ഒരൂഞ്ഞാലിന്റെ ഓർമ്മകൾ പൊലും
പൊട്ടിക്കരയിക്കാറുണ്ടു പലപ്പോഴും...

Thursday, May 2, 2013

മുറിക്കവിതകൾ 81).

ഞാൻ നിനക്കായ്‌ കരുതിയ
വളപ്പൊട്ടും,
നീ തരാൻ മറന്ന മഞ്ചാടിയും-
ഒരിക്കൽ കണ്ടുമുട്ടും ...
കൊടുക്കാനുണ്ടാവും രണ്ടിനും
കെട്ടിപ്പിടിച്ചൊരുമ്മ ...

2).

6B യിൽ നിന്നും 5C യിലേക്ക് ഒരു
ഒളികണ്ണിന്റെ ദൂരമല്ലേ പെണ്ണെ
എന്നിട്ടും
നിന്റെ കരളിലേക്ക് ഞാനെത്ര
കടലാസ്സു വിമാനം പറത്തി .
എന്റെ മനസ്സിലേക്ക് നീയെത്ര
കടലാസ്സു വഞ്ചി ഇറക്കി .
പക്ഷെ
എനിക്കിപ്പോഴും കേൾക്കാം
ഒരു പ്രകാശവർഷം
അകലെ നിന്നും നിന്റെ സ്വരം.

Saturday, April 6, 2013

ധർമ്മയുദ്ധം.

ഇന്നലെയും തെരുവിൽ -
സ്വപ്നങ്ങൾ നടന്നു പോകുന്നുണ്ടായിരുന്നു .
മോഹങ്ങൾ വെയിൽ കായുന്നുണ്ടായിരുന്നു .
സാധാരണ പോലെ ,
വിരൽത്തുമ്പുകളിൽ പ്രണയം -
മഴ നനയുന്നുണ്ടായിരുന്നു .

നിന്റെ കണ്ണിലേക്കുള്ള ആഴത്തോളം ,
എന്റെ നെഞ്ചിലെ ചുവപ്പോളം ,
പല ചുണ്ടുകളിൽ ചിരി പൂത്തിരുന്നു .
പൂർത്തിയാക്കാതെ പോയ ഒരുമ്മ -
അമ്മയുടെ തോളിൽ ,
മയങ്ങുന്നുണ്ടായിരുന്നു .

എന്നിട്ടും ,
ഇന്നലെ തെരുവിലെ യുദ്ധം -
ദൈവങ്ങൾ തമ്മിലായിരുന്നു .
എന്നിട്ടും ,
ആ യുദ്ധത്തിന്റെ പേര് ,
ധർമ്മയുദ്ധം എന്നായിരുന്നു .

എങ്കിലും ,
ഏതു ഒളിയംബിന്റെ കണക്കിലായിരിക്കും -
സാധാരണക്കാരന്റെ ചോര പെയ്തത് .
എങ്കിലും ,
ഏതു ദൈവത്തിന്റെ സ്വർഗത്തിലായിരിക്കും-
മരിച്ചവർക്ക് ,
പ്രവേശന പാസ് കിട്ടിയിരിക്കുക .

Friday, March 8, 2013

മുറിക്കവിതകള്‍ 7

1)

ഏകാന്തത തടവിലാക്കിയ
ഒരു രാജകുമാരി എന്നും എന്റെ
സ്വപ്നങ്ങളില്‍ വന്നു കരയാറുണ്ട് .
സ്വപ്നമുണരുംപോഴേക്കും അവള്‍
സ്വതന്ത്രയാവും ഞാന്‍
വീണ്ടും തടവിലും ....

2).

ഏഴു ജന്മങ്ങള്‍ കൂടെയുണ്ടാവുമെന്നു
പറഞ്ഞ കൂട്ടുകാരീ ..
നീ പിരിഞ്ഞതില്‍ പ്പിന്നെയാണറിഞ്ഞതു
ജീവിച്ചിരിക്കുമ്പോള്‍ തന്നെ പലതവണ
മരിക്കാന്‍ കഴിയുമെന്നു ...

3).

ചിലരുടെ കൈ രേഖയില്‍
വിശപ്പിന്റെ രേഖ തെളിഞ്ഞു കാണാമത്രെ ..
അവര്‍ എപ്പോഴും കൈനീട്ടിക്കൊണ്ടേ -
ഇരിക്കുമത്രെ ...

Wednesday, February 27, 2013

അകകാഴ്ച്ചകള്‍ .

മുളയ്ക്ക്കാത്ത മോഹങ്ങൾക്കു-
സ്വയം ചാടി മരിക്കാൻ,
നമ്മളിൽ ഒരു കിണർ
ഉറങ്ങുന്നുണ്ടാവണം.
അല്ലെങ്കിൽ,
ഒന്നു പേരു-
വിളിക്കുമ്പോഴേക്കും
ഏതു അടിയാഴത്തിൽ
നിന്നാണു-
ഇത്ര ഉച്ചത്തിൽ പ്രതിധ്വനിക്കുന്നതു.

മറന്നു പോകുന്ന മുഖങ്ങൾക്കു-
സ്വയം ചെന്നൊളിക്കാൻ,
നമ്മളിൽ ഒരു ഗുഹ
തുടിക്കുന്നുണ്ടാവണം.
അല്ലെങ്കിൽ ,
സാറ്റ്‌
വിളിച്ചിട്ടും ഒളിച്ചിരിക്കാൻ
മാത്രം-
എന്തു പിണക്കമാണു
നമ്മൾ തമ്മിൽ.

Friday, February 1, 2013

മുറിവുകൾ വിരിയുന്നതു.

ചില മുടന്തൻ രാത്രികളിൽ
ഒരു ഓർമ്മക്കാറ്റ്‌
കരളിൽ നിന്നും
വീശിതുടങ്ങും .
വല്ലാതെ മുറിവു മണക്കും.
എവിടെയാണെന്നു
തിരഞ്ഞു നോക്കും.

നിനക്കായ്‌ പെയ്തൊരു ,
മഴയിലെ മണ്ണു മണം -
സ്കൂൾ മുറ്റത്തെ പാലച്ചോട്ടിൽ
ചെരിഞ്ഞിരിക്കും.
തൊട്ട്‌ കളിക്കാൻ കൂട്ടാഞ്ഞിട്ടാവാം,
ആരോ കരഞ്ഞതു പോലെ തോനും.
ഏതൊ പ്രണയ ലേഖനത്തിലെ -
പാതിമുറിഞ്ഞൊരുവാക്കു വന്നു -
കുശലം ചോദിക്കും.

ഭൂതകാലത്തുനിന്നും
നാട്ടുമാവിനെറിഞ്ഞ
ഒരു കല്ല്,
ഉന്നം തെറ്റി എന്റെ
നെറ്റിയിൽ പതിക്കും.

പ്രണയത്തിന്റെ ഇല പൊഴിച്ചിട്ട്‌
ഒരു പക്ഷി
ദിക്കു മാറി തെക്കോട്ടു പറക്കും.
അപ്പൊഴെക്കും
പരിചയമുള്ള ആരുടെയൊ,
കുപ്പിവള പൊട്ടിയിരിക്കും.
ഒരു മുറിവു വിരിഞ്ഞിരിക്കും.

Monday, January 14, 2013

ഇനി നീ മരിക്കില്ല ..

1).ഒരു ദുരന്ത വാര്‍ത്ത‍
ഇന്നലെ എന്നെ തേടിയെത്തി .
മരക്കൂട്ടത്തിലെ ഒളിയമ്പു പോലെ ഒന്ന് .
ഒരു ദുസ്സ്വപ്നം ഇന്നലെ എന്റെ വാതിലില്‍ മുട്ടി
ആഴമറിയാത്ത കൊക്കയിലേക്ക് -
അനിവാര്യമായ വീഴ്ച്ചപോലെ ഒന്ന് .
അനിയാ എന്ന് നിന്റെ സ്വരത്തിലൊരു
കാറ്റു വന്നു .
ഏട്ടാ എന്ന് കണ്ണ് നിറഞ്ഞു പോയി .
ഇനി കാണില്ലല്ലോ ,
ഇനി മിണ്ടില്ലല്ലോ,
ഇനി എന്റെ ഒരു സ്വപ്നങ്ങള്‍ക്കും -
നീ ചൂട്ട പിടിച്ചു മുന്‍ നടക്കില്ലല്ലോ ..
നീ മരിച്ചു പോയല്ലോ ...
ഏട്ടാ എന്ന് വീണ്ടുമൊരു വാക്ക് തൊണ്ടയില്‍
മരിച്ചു വീണു ..

2).മുറിയില്‍ മുഴുവന്‍
മരണത്തിന്റെ മണം
അതേ തണുപ്പ്,
അതെ മരവിപ്പ് ,
കണ്ണീരും മദ്യവും ഒരു മൂലയ്ക്കിരുന്നു
വാതുവയ്ക്കുന്നു .
ഇനി നീ മരിയ്ക്കില്ലെന്നു നിന്റെ കവിത
കാലനെ നോക്കി കൊഞ്ഞനം കുത്തുന്നു.
നീ ജയിക്കുന്നു ,വേദന താങ്ങാതെ ഞങ്ങള്‍ ,
വീണ്ടും വീണ്ടും മരിക്കുന്നു .
വീണ്ടുമൊരു വാക്ക് തൊണ്ടയില്‍ മരിക്കുന്നു,
നീ മാത്രം ജയിക്കുന്നു .
കൂട്ടുകാരാ എനി നീ മരിക്കില്ല ..