Sunday, September 18, 2016

യാത്ര.

എത്രയെത്രയോ കാലമായില്ലേ
മുറിവുകൾ നമ്മിലൊട്ടുമില്ലെന്നും 
നമ്മൾ തമ്മിൽ മറന്നുപോയെന്നും 
മനസ്സറിഞ്ഞു ചിരിക്കുന്നുവെന്നും 
എത്രയെത്രയോ കാലമായില്ലേ? 

പിന്നെയും മിഴി തോരാത്ത കർക്കിട
സന്ധ്യ പോലെന്റെ മുന്നിൽ നിൽക്കുന്നു നീ . 
മുഖാമുഖം നോക്കി നാമിരിപ്പീ
യാത്ര 
തീർന്നു പോകുമോ 
മറ്റൊരു ജന്മമായ്‌ 
വന്നു പൂത്തതോ 
ഓർത്തു പോകുന്നു നാം . 

കണ്ണിൽ വീണ്ടും കൂടു കൂട്ടുന്നു 
വിരൽ പിടിച്ചു നാം ഒന്നായ സന്ധ്യകൾ .
മൗന വാത്മീകമൊന്നായുടച്ചു നാം 
വാഗ്മിയാകുന്ന ചുംബന തെരുവുകൾ . 

എത്രയെത്രയോ കാലമായില്ലേ?
ഓർമ്മകൾ നിന്നു കത്തുന്നു വെന്നോ?
ഉള്ളൊഴുക്കിന്റെ ചുഴികളിൽ നമ്മൾ 
മനസ്സറിയാതെ താഴുന്നു വെന്നോ .? 

ഒറ്റ നോട്ടവും ചിരിയും കരച്ചിലും 
കട്ടെടുത്തു നാം പോകേണമെല്ലോ
ശിഷ്ട ജീവിതം പിന്നെയും പാടുവാൻ 
എത്രയെത്രയോ കാലമായില്ലേ.
പരിചിതരല്ല നമ്മളീ ട്രെയിനിലെ
മുഖമറിയാത്ത യാത്രികരാണു നാം . 

Sunday, June 26, 2016

ഒറ്റ്‌


പണ്ടു ചേർന്നിരിക്കാറുള്ള
കുന്നിൻ ചെരുവിലെ
ഏകാന്തതയിൽ നിന്നും 
ഒരു കാറ്റു നമ്മളേയും 
തേടി ഇറങ്ങിയിട്ടുണ്ട്. 

അന്നു നട്ടു നനച്ച 
ചെടികളെല്ലാം 
ചോദ്യം ചോദിക്കാൻ മാത്രം 
വളർന്നിരിക്കുന്നു . 

നടന്ന വഴികളെല്ലാം 
കാടുപിടിച്ചെങ്കിലും 
കരിയിലകൾ പോലും 
ചിലതെല്ലാം അടക്കം പറയാറുണ്ട്. 

സൂക്ഷിക്കണം 
ഓർമ്മകൾ എന്നും ഒറ്റുകാരാണു. 

Thursday, June 23, 2016

മറന്നു പോയൊരാൾ
ഓർക്കുകയാണു,
എന്നോ മറന്നു പോയ ഒരു സുഹൃത്തിനെ.
മെല്ലിച്ച മുഖവും
ചാര കണ്ണും
ചിരിയും 
എല്ലാം ഓർത്തെടുക്കുകയാണു.

ചുണ്ടിലെ പാട്ടു,
മുഷ്ടി ചുരുട്ടിയ മുദ്രാവാക്യം ,
പാലിക്കപെടാതെ പോയ വാക്കു
എന്നിങ്ങനെ ഓരോന്നു കയറി വരികയാണു ( ഒരാവശ്യവുമില്ലാതെ ).

ഇപ്പോൾ എവിടെ 
ആവുമെന്നും 
എന്നെയും 
ഓർക്കുന്നുണ്ടാവുമോ എന്നും 
ഓർത്തപ്പോൾ 
ഒരു സങ്കടം വന്നു
മുറുക്കെ കെട്ടിപ്പിടിക്കുന്നു.
വിട്ടു പോവല്ലെ 
എന്നു കരയുന്നു.

പെട്ടന്നു
എവിടെയോ മറന്നു വച്ച എന്നെത്തന്നെ ഓർമ്മ വരുന്നു . 

( ഈ ലക്കത്തെ ഇ മഷിയിൽ വന്നതു ) 
http://emashi.in/jun-2016/

Saturday, June 18, 2016

മാഞ്ഞു പോകുന്ന പെൺകുട്ടികൾ
കാലിൽ 
കൊലുസണിഞ്ഞു
കയ്യിൽ 
കുപ്പിവളകൾ കുലുക്കി
മുടി പിന്നിയിട്ട 
ഒരു പെൺകുട്ടി.

ചിറകിൽ പല പല
വർണ്ണങ്ങളുള്ള 
ഒരു പൂമ്പാറ്റ.

ഒന്നു കൂടെ 
സൂക്ഷിച്ചു നോക്കിയാൽ 
കണ്ണിൽ മഷിയെഴുതിയ 
ചുണ്ടിൽ ചിരിയുള്ള 
ഒരു പെൺകുട്ടിയാണു 
ആ പൂമ്പാറ്റ 
എന്നു തോന്നും . 

പറന്നു പറന്നു സ്വപ്നം  
കാണുന്ന 
പല വർണ്ണങ്ങൾ പുതച്ച
ഒരു ചിത്രശലഭമാണു 
ആ പെൺകുട്ടി എന്നും .

പൂമ്പാറ്റ മുൻപിലും 
പെൺകുട്ടി പിറകിലും 
അല്ലെങ്കിൽ ,
പെൺകുട്ടി മുൻപിലും 
പൂമ്പാറ്റ പിറകിലും 
കണ്ണിൽ നിന്നു 
മാഞ്ഞു പോകുന്നു.

പൂമ്പാറ്റ ചിറകു 
ഭൂമിയിൽ ചുംബിച്ചു കിടപ്പുണ്ടായിരുന്നു.
പക്ഷേ
അങ്ങനെ ഒരാൾ 
പിറന്നിട്ടേയില്ല
എന്ന മട്ടിൽ 
ഒരു തെളിവും 
അവശേഷിപ്പിക്കാതെ
ആ പെൺകുട്ടി 
എങ്ങോട്ടാവും 
മറഞ്ഞു പോയതു . 

വര -  Jaijy 

Wednesday, March 9, 2016

ഇലപൊഴിച്ചിലപൊഴിച്ചങ്ങനെ.

പണ്ടുപണ്ടൊരു കുട്ടിക്കു
തൂവലുകളോട് പ്രണയമായി.
തത്ത തൂവൽ മഞ്ഞ തൂവൽ
പഞ്ച വർണ്ണക്കിളി എന്നു
നാടായ നാടെല്ലാം
കാടായ കാടെല്ലാം
അലഞ്ഞു .

വെയില്  മൂക്കുമ്പോൾ
കുയിലിനെ പോലെ കൂവി.
ചെമ്പോത്തിനെപ്പോലെ
തത്തി.
തിത്തിത്താം പുള്ളിനെ
പോലെ ഓടിനടന്നു,
തൂവലുകൾ പെറുക്കി.

മൈനയോടു
കിന്നാരം പറഞ്ഞു .
പരുന്തിനോപ്പം
വട്ടം ചുറ്റി .
ചാവേലകളോട്
തർക്കിച്ചു .
തൂവലുകളില്ലാത്ത
വവ്വാലുകളെ
തലതിരിഞ്ഞ ജന്തു
എന്നു പോലും വിളിച്ചു.

മറ്റു കുട്ടികൾ
എന്റെ തൂവൽ
ശേഖരണ പുസ്തകം
എന്നു പറയുമ്പോൾ
അവൻ എന്റെ
തൂവലുകൾ എന്നു പോലും
പറഞ്ഞു .

തൂവലുകളെ
വാവെ
മുത്തേ
എന്നുമ്മവച്ചു .
പിഞ്ഞി പോയ 
തൂവലുകളെ
തഴുകി തഴുകി 
മുറിവുണക്കി.

താൻ തന്നെ പല നിറത്തിൽ
തൂവലുകളുള്ള ഒരു പക്ഷി
ആണെന്നു വരെ അവനു തോന്നി.

ഒരിക്കൽ ആരോ അവന്റെ തൂവൽ
ശേഖരണ പുസ്തകം
എവിടെയോ കൊണ്ടു കളഞ്ഞു .

സങ്കടം സഹിക്കാതെ
കരഞ്ഞു കരഞ്ഞു
വിറച്ചു വിറച്ചു
മുടിവെട്ടാതെ താടിവെട്ടാതെ
അങ്ങനെ നിന്നു നിന്നു
അവനൊരാൽ മരമായി .

സങ്കടം വന്ന കിളികൾ
അവന്റെ നെഞ്ചിൽ കൂടുകൂട്ടി.
കൊക്കുരുമ്മി
കലപില കൂടി
അങ്ങനെ അങ്ങനെ
അലക്ഷ്യമായി തൂവലുകൾ
പൊഴിച്ചു.

സന്തോഷം കൊണ്ടു
തുള്ളിച്ചാടാനാവാത്ത
ആൽമരക്കുട്ടി  
ഇലപൊഴിച്ചിലപൊഴിച്ചങ്ങനെ .

Tuesday, February 23, 2016

കാക്ക.

കാക്കകളിൽ നിന്ന് പഠിക്കാനുണ്ട് ,
നിശബ്ദത മരണമെന്നു 
പഠിപ്പിക്കുന്നത് കൊണ്ട് മാത്രമല്ല .
കൂടിനു നേരെ ഒരു കല്ല് വന്നാൽ 
നീയെന്നോ ഞാനെന്നോ 
നോക്കാതെ 
പ്രതിഷേധിക്കുന്നത് കൊണ്ട് .

കാക്കകളിൽ നിന്ന് പഠിക്കാനുണ്ട് ,
കണ്ണും കാതും കൂർപ്പിച്ചു 
സദാ ജാഗരൂരരാവുന്നത് 
കൊണ്ട് മാത്രമല്ല .
തെറ്റാലിയോ കല്ലോ
അങ്ങനെ എന്തുമാവട്ടെ -
നിലനില്പ്പിനു നേരെ ഉയരുന്ന 
അക്രമങ്ങളെ 
ഒന്ന് ചെരിഞ്ഞു പറന്നു ,
ഒറ്റയായും കൂട്ടമായും 
അതിജീവിക്കുന്നത് കൊണ്ട് .

കാക്കകളുടെ രാജ്യത്തെങ്കിലും 
നിശബ്ദത മരണമാണ് .
വിളിച്ചു പറയൽ അവകാശമാണ് .
പ്രതിഷേധം 
ജീവന്റെ അടയാളപ്പെടുത്തൽ ആണ് .