Wednesday, November 16, 2011

സുഖമായി ഉറങ്ങുവാന്‍

ഓര്‍മ്മകളെ ആട്ടി പായിക്കാന്‍
ഒരു കുരക്കുന്ന യന്ത്രം വാങ്ങണം.
തകര്‍ന്ന സ്വപ്‌നങ്ങള്‍ അടിച്ചു കളയാന്‍
നിറമില്ലാത്ത ഒരു ചൂല്‍.
കണ്ണീരൊഴിച്ചു കുടിക്കാനൊരു ലഹരി പാത്രം .
എവിടെയോ തുന്നി ചേര്‍ത്തതെല്ലാം വെട്ടി എടുക്കുവാന്‍
മൂര്‍ച്ച ഉള്ള ഒരു കത്രിക വേണം.
ഉണങ്ങാത്ത മുറിവിലെ രക്തം വാര്‍ത്തെടുക്കാന്‍
അടപ്പില്ലാത്ത കുപ്പി.
പതുങ്ങി എത്തുന്ന കിനാക്കളെ
പിടിച്ചു കത്തിക്കാന്‍ ഒരു നെരിപ്പോട് .
ചിന്തകളെ ചിരിച്ചു തള്ളാന്‍ ,അടച്ചു വെയ്ക്കാന്‍
ഒരു പക്ഷിക്കൂട് വാങ്ങണം .
കരയിക്കുന്നതൊന്നും കാണാതിരിക്കാന്‍
ഒരു കറുത്ത കണ്ണട.
ഉള്ളിലുള്ളതൊന്നും വെളിയില്‍ നഷ്ടപെടാതിരിക്കാന്‍
ഒരു കട്ടി ഉടുപ്പ് .
ഇതെല്ലം വാങ്ങിയിട്ട് വേണം
നിന്റെ ഓര്‍മ്മകളില്ലാതെ ഒന്ന് സുഖമായി ഉറങ്ങുവാന്‍.

Monday, November 7, 2011

കുഞ്ഞാറ്റക്കാലം

എന്റെ ഓര്‍മ്മകള്‍ തുടങ്ങുന്നത് ഒരു ബാലവാടിയുടെ നാലു ചുവരുകള്‍ക്കിടയിലെ വിഷാദമയമായ രണ്ടു കണ്ണുകളില്‍ നിന്നാണ് .
ഈ ലോകമെത്ര പരന്നിട്ടു എന്നും പൂക്കളെത്ര തുടിത്തിട്ടും എന്നുമുള്ള കൌതുകത്തില്‍ നിന്നാണ് .
"ടീച്ചറെ ഓള് കരെന്ന കണ്ടിട്ട് എനക്കും കരച്ചില്‍ വരുന്നു " എന്നുള്ള കുട്ടിത്തത്തില്‍ നിന്നാണ് ..
വീട്ടില്‍ പശു ഇല്ലാത്തതുകൊണ്ട് പാല്‍പ്പൊടി കൊണ്ടാണ് അന്ന് ചായ ഉണ്ടാക്കിയിരുന്നത് .പാല്‍പ്പൊടിയുടെമധുരം അറിയാവുന്ന ഇവന്‍ തിന്നുവാന്‍ പാല്‍പ്പൊടി ചോദിക്കുമ്പോള്‍ ചായയിലൊഴിച്ചത് കാണാപ്പശുവിന്റെ പലാണെന്നു കള്ളം പറയുന്ന വല്യമ്മയുടെ ഉത്തരങ്ങള്‍ . കാണാപ്പശു പുല്ലു മേയുന്നത് ഒരുപാടു സ്വപ്നം കണ്ടിട്ടുണ്ട് .പിന്നെ ഏതെല്ലാമോ രാജകുമാരന്റെയും രാജകുമാരിയുടെയും കഥകളില്‍ കാണാപ്പശു മനസ്സില്‍ നിന്ന് മാഞ്ഞു പോയി .രാത്രി ദോശ ചുടുന്ന അമ്മയുടെ ഉക്കത്തിരുന്നു കൊണ്ട് തീ എത്ര ചൂടുള്ളത്‌ ഈ അമ്മെയെക്കാളും എന്ന് ചിന്തിച്ചുറങ്ങിപ്പോയ രാത്രികള്‍ .ഓലമേഞ്ഞ വീടുകള്‍ ആയിരുന്നു അന്ന് സുലഭം .പുരകെട്ടുമ്പോള്‍ വെയ്ക്കുന്ന അരിപ്പായസത്തിന്റെ ചൂടുള്ള സ്വാദും മേയാന്‍ വേണ്ടി പൊളിച്ച വീടിന്റെ കഴുക്കോല്‍ ദ്വാരത്തിലൂടെ ഉള്ള നക്ഷത്രമെണ്ണലും ഇന്ന് ഓര്‍മ്മകള്‍ മാത്രം .
അപ്പൂപ്പന്‍ താടിയെയും പൂക്കളെയും സന്ധ്യകളെയും മഴയെയും ഒന്നും അന്ന് സ്നേഹിച്ചിരുന്നില്ല .മധുരത്തെ മാത്രമായിരുന്നു അന്ന് സ്നേഹം .'തേന്‍ മുട്ടായിയും' 'നാരങ്ങ മുട്ടായിയും' എള്ളുണ്ടയും തീര്‍ത്ത മധുരത്തിന്റെ സ്വര്‍ഗം .സ്കൂളില്‍ നിന്ന് വരുമ്പോ ചേച്ചി കൊണ്ട് വന്നാല്‍ മാത്രമേ അതും കിട്ടുകയുള്ളൂ .സ്കൂളിലേക്ക് പോകുന്ന വഴി നിറയെ തൊട്ടാപ്പൊട്ടി എന്നാ ചെടിയുടെ കായ ഉണ്ടാകും .അത് പറിച്ചെടുത്തു ഒന്നമര്‍ത്തിയാല്‍ അത് പൊട്ടി തെറിക്കും .അത് പൊട്ടുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം ,നടക്കുമ്പോ അറിയാതെ ചാണകത്തില്‍ ചവിട്ടിയാല്‍ പച്ച പിടിക്കണം എന്ന അലിഖിത നിയമം .സ്ലേറ്റ് മായ്ക്കാന്‍ വഴിയില്‍ നിന്ന് പറിക്കുന്ന മഷിത്തണ്ട് ,ചെമ്പോത്തിനെ കണ്ടാല്‍ മധുരം കിട്ടുമെന്ന വിശ്വാസം .ഇതെല്ലാമായിരുന്നു സ്കൂളിലേക്ക് പോകുമ്പോ കൂട്ട് വന്ന ചങ്ങാതിമാര്‍ .
കാണുന്നതെന്തും കൌതകമാവുന്ന ആ കാലത്തു മഞ്ചാടിക്കുരുകളും, സ്ലേറ്റ് പെന്‍സിലും ,കണ്ണന്‍ ചിരട്ടയും ഒന്നും നിര്ജീവങ്ങളായ വസ്തുക്കള്‍ മാത്രമാണെന്ന് ഉള്‍ക്കൊള്ളാന്‍ പറ്റിയിരുനില്ല.ഏതോ കര്‍ക്കിടക പേമാരികളില്‍ എനിക്ക് തണുക്കുന്നത് പോലെ അവയ്ക്കും തണുക്കുമെന്നും, കുപ്പിയിലെ മഞ്ചാടികള്‍ തമ്മില്‍ സംസാരിക്കുമെന്നും ഉറച്ചു വിശ്വസിച്ചിരുന്നു .പ്രഭാതങ്ങളില്‍ കാരണമറിയാത്ത ഒരു സന്തോഷം മനസിലേക്കിറങ്ങി വരുമായിരുന്നു .വെറുതെ ...
തൊടിയിലെ പൂക്കളെല്ലാം എനിക്ക് വേണ്ടി പൂത്തതാണെന്നും പാടുന്ന പക്ഷികളെല്ലാം എനിക്ക് വേണ്ടി പാടുന്നതാണെന്നും അഹമ്കരിച്ചിരുന്നു .അച്ഛന്‍ ഉണ്ടാക്കിത്തന്ന ഹവായ് ചെരുപ്പിന്റെ ടയര് വെയ്ച്ച വണ്ടികിട്ടിയപ്പോള്‍ ഒരു രാജ്യം കീഴടക്കിയ സന്തോഷമായിരുന്നു .യാഥാര്ത്യങ്ങളുടെയും സ്വപ്നങ്ങളുടെയും വിടവിലുള്ള അജ്ഞത ആയിരിക്കാം ആ സന്തോഷങ്ങളുടെയെല്ലാം കാതല്‍ .
അന്ന് കണ്ടത് പോലെ പലനിറത്തിലുള്ള പൂമ്പാറ്റകളെയും പാടുന്ന പക്ഷികളെയും ഇപ്പോള്‍ നാട്ടില്‍ വരുമ്പോ കാണാറില്ല (ശ്രദ്ധിക്കാഞ്ഞിട്ടാണോ.?) ചേരട്ടകള്‍ കൂടെ ചുരുണ്ട് കിടക്കാന്‍ സമയമില്ലാതെ ഓട്ടത്തിലാണ് .ഈ മരണ പാച്ചില്‍ ആരംഭിക്കുന്നതും അവസാനിക്കുന്നതും ഒരേ കിടക്കയില്‍ .നമ്മുടെ മക്കളെല്ലാം വലിയ വലിയ സായിപ്പന്‍ മാരാകുമ്പോള്‍ അവര്‍ക്കും പറയനുണ്ടാവുമോ ഇത് പോലെ ഒരു ബാല്യകാലം ..


Wednesday, November 2, 2011

തിരുമുറിവുകള്‍
ചില മുറിവുകള്‍ അങ്ങനെ ആണ്
തിരു മുറിവുകളായി തോന്നും
വേദന കുറവുള്ളതുകൊണ്ടോ
രക്തം വരാത്തതുകൊണ്ടോ അല്ല
ഹൃദയത്തിന്റെ ഏതെങ്കിലും
കോണില്‍ പാടുണ്ടാക്കുന്നത് കൊണ്ട് ..

ചില ഏകാന്ത രാത്രികള്‍
അങ്ങനെ ആണ് ഉറക്കം തരില്ല
കണ്ണിരില്‍ കുതിര്‍ത്താലോ
ചിരിയില്‍ ഉണക്കി പൊടിച്ചാലോ
ചിന്തകളായി വീണ്ടും
നമ്മെ തുറിച്ചു നോക്കികൊണ്ടിരിക്കും

ചില ഓര്‍മ്മകള്‍ അങ്ങനെ ആണ്
മറക്കാന്‍ കഴിയില്ല
തീച്ചൂളയില്‍ പുകച്ചാലും ,
ഓര്‍ക്കാതിരുന്നാലും
ചില നെടുവീര്‍പ്പുകളായി ,
സ്വപ്നങ്ങളായി നമ്മെ ശല്യപെടുത്തും