add

Sunday, May 14, 2023

മഴപ്പാറ്റ

സന്ധ്യ വേച്ചു നടന്നു പോയി 

വന്നു നിൽക്കുന്നു. 
മണ്ണിനിത്ര മണം കൊടുത്തൊരു 
പുതു മഴ പെണ്ണ്.
മണ്ണെടുത്തു രുചിച്ചു നോക്കാൻ 
മനസ്സ് പറയുന്നു. 
പാഠമെത്ര പഠിച്ചു തീർക്കാൻ 
അമ്മ പറയുന്നു.
ദൂരെ രാവിൻ പാട്ടു പോലൊരു 
കാറ്റു വീശുന്നു. 
രാവു പൂശിയ കരിയെടുത്തൊരു 
തിലകമാക്കുന്നു.

കൂരിരുട്ടിൻ പൂവു പോലൊരു 
മൺചിരാതൊന്നിൽ. 
നീണ്ട കണ്മുന ചിമ്മി വീണ്ടും 
അഗ്നി തെളിയുന്നു.
വിരസമാം കുഞ്ഞക്ഷരങ്ങളിൽ 
വിരലു പായുമ്പോൾ. 
കൊടിയ സാധനമോർത്തു 
പോം ഈ പുസ്തക താള്.

മൺചിരാതിൻ നാളമൊന്നു 
പിടഞ്ഞെണീക്കുമ്പോൾ. 
അദൃശ്യമായൊരു നൂലുകൊണ്ട് 
കൊരുത്തൊരീവണ്ണം.
അടുത്ത് വന്നു കളിക്കയാണീ 
മഴയുടെ കുഞ്ഞു.
പേറ്റു നോവിൻ ഗന്ധമാവാം 
മണ്ണു മണമെന്നും. 
പുതു മഴ പെറ്റിട്ടതാവാം 
ഈ മഴപ്പാറ്റ.
ലോകമെത്ര പരന്നതാണിവനോർത്തു 
നിൽക്കുമ്പോൾ 
കുഞ്ഞു തീ ചെറു നാമ്പിലായി 
ഭൂമി തിരിയുന്നു.

ക്ഷണികമെന്നാൽ ജീവിത രസ
മധുര പാനീയം 
ആസ്വദിച്ചു രുചിച്ചു 
മെല്ലെ നൃത്തമാടുന്നു.
വീണുപോകാം പലരുമെന്നാൽ 
കുഞ്ഞിതൾ പുറ്റിൽ 
വാഴുവാനായ് ബാക്കിയുള്ളവർ 
ഒത്തു നിൽക്കുന്നു.

നേരമേറെ ഇരുട്ടിടുന്നു 
ബാക്കിയാവുന്നു. 
പ്രണയമോടെ പൊഴിച്ച് മാറ്റിയ 
കുഞ്ഞിതൾ ചിറക്.
എന്‍റെ കണ്ണിലുറക്കമോടെ 
ഞാൻ മയങ്ങുമ്പോൾ 
പ്രണയമോടെ മരിച്ചുപോയവർ 
വന്നു മുട്ടുന്നു.
പുലരി വന്നു വിളിച്ചിടുമ്പോൾ 
പൂക്കളാവുന്നു.
മരിച്ചു പോയവർ ബാക്കിയാക്കിയ 
കുഞ്ഞിതൾ ചിറക്.

-- Asianet News Chilla Magazine 

രാഗ

രാഗ 

നീ നേർത്തൊരു രാഗം പോലെ 

എവിടെയും കടന്നു ചെന്നു.
വെറുപ്പിന്റെ ദേശത്തു 
സമാധാനത്തിന്റെ വിത്ത് പാകി. 

നേർത്ത ഒരു ഗാനം 
യുദ്ധ കാഹളത്തിനിടയിൽ 
ശ്രദ്ധിക്കപ്പെടണമെന്നില്ല 
പക്ഷെ 
സമാധാനം ആണ് അവസാനം 
വിജയിക്കുകയെന്നു  എത്ര യുദ്ധങ്ങൾ 
നമുക്ക് പറഞ്ഞു തന്നു.

മനുഷ്യരുടെ ഹൃദയത്തിലേക്ക് 
ചർക്ക തിരിച്ചു 
ഏകനായി നടന്നു 
ഏകനായി രാജ്യത്തെ 
മോചിപ്പിച്ച 
ഒരാളെ നമുക്കോർക്കാം. 
ഇന്ത്യയുടെ ശബ്ദത്തിനു വേണ്ടി 
മൗനമായി പൊരുതിയ ഒരാളെ.

പാട്ടിനെ തുറങ്കിലടക്കാൻ  
ഒരു രാജാവ് നിനച്ചാൽ 
പാട്ട് പിന്നെയും പരന്നൊഴുകും. 
പാട്ടു മാത്രം അവശേഷിക്കും. 
കേട്ടിട്ടില്ലേ 
വിഡ്ഡിയായ നഗ്‌നയായ 
രാജാവിന്റെ കഥ. 


-- മനോരമ ഓൺലൈൻ 

Monday, May 1, 2023

ഓർമത്താള്.


കാലത്തിനപ്പുറത്തെവിടെ നിന്നോ
ഒരു കടലാസ്സു വഞ്ചി തുഴഞ്ഞു വന്നു.
കാറ്റു കാണാതെ കരുതി വച്ച
പട്ടങ്ങൾ കൂടെ ഉണ്ടായിരുന്നു.

ഏറ്റവുമവസാന ബെഞ്ചിലാരോ
വച്ചു മറന്നൊരു പുസ്തകത്തിൽ
എഴുതിയ പ്രണയാക്ഷരങ്ങളൊന്നായ്
നീലഞരമ്പായ് തെളിഞ്ഞു വന്നു.

മഷി തൂവിയ ചില താളുകളിൽ
കണ്ണീരു വീണു പടർന്നിരുന്നു.
പങ്കുവെച്ചുള്ള പൊതിച്ചോറുകൾ
പറയാത്ത വാക്കുകളായിരുന്നു.

കരിമഷി എഴുതിയ കണ്ണുകളിൽ
ആവോളമാഴമുണ്ടായിരുന്നു.
വിരിയാൻ തുടങ്ങുന്ന പൊടിമീശ
എപ്പോഴും തോളിലായ് 
കൈത്തലം ചേർത്തിരുന്നു.
നോവുമെന്നോർത്തു പറഞ്ഞതെല്ലാം
നോവൊട്ടുമില്ലാതെയായിരുന്നു.

ഇല്ലാത്ത പേടി കഥകളിലെ പ്രേതങ്ങൾ
സ്വപ്നം മുറിച്ചിരുന്നു.
പാതി മുറിഞ്ഞൊരു പാട്ട് കാലം
പിന്നെയും പാടുന്നതുണ്ടുപോലും.

--- പൂക്കാലം മാഗസിൻ