add

Monday, May 1, 2023

ഓർമത്താള്.


കാലത്തിനപ്പുറത്തെവിടെ നിന്നോ
ഒരു കടലാസ്സു വഞ്ചി തുഴഞ്ഞു വന്നു.
കാറ്റു കാണാതെ കരുതി വച്ച
പട്ടങ്ങൾ കൂടെ ഉണ്ടായിരുന്നു.

ഏറ്റവുമവസാന ബെഞ്ചിലാരോ
വച്ചു മറന്നൊരു പുസ്തകത്തിൽ
എഴുതിയ പ്രണയാക്ഷരങ്ങളൊന്നായ്
നീലഞരമ്പായ് തെളിഞ്ഞു വന്നു.

മഷി തൂവിയ ചില താളുകളിൽ
കണ്ണീരു വീണു പടർന്നിരുന്നു.
പങ്കുവെച്ചുള്ള പൊതിച്ചോറുകൾ
പറയാത്ത വാക്കുകളായിരുന്നു.

കരിമഷി എഴുതിയ കണ്ണുകളിൽ
ആവോളമാഴമുണ്ടായിരുന്നു.
വിരിയാൻ തുടങ്ങുന്ന പൊടിമീശ
എപ്പോഴും തോളിലായ് 
കൈത്തലം ചേർത്തിരുന്നു.
നോവുമെന്നോർത്തു പറഞ്ഞതെല്ലാം
നോവൊട്ടുമില്ലാതെയായിരുന്നു.

ഇല്ലാത്ത പേടി കഥകളിലെ പ്രേതങ്ങൾ
സ്വപ്നം മുറിച്ചിരുന്നു.
പാതി മുറിഞ്ഞൊരു പാട്ട് കാലം
പിന്നെയും പാടുന്നതുണ്ടുപോലും.

--- പൂക്കാലം മാഗസിൻ 


No comments:

Post a Comment