നെഞ്ചിലെ കിളിവാതിൽ അല്പം തുറന്നൊരു
വാക്കിന്റെ കാഴ്ച തേടുമ്പോൾ.
ദൂരെയൊരു മരമൊന്നിൽ പാർക്കുന്ന പക്ഷി
ഒരു പാട്ടിന്റെ കൂടു തിരയുമ്പോൾ.
ഏതോ പരിചിതമായൊരു മണമെന്റെ
കരളിനെ തൊട്ടിട്ടു
പണ്ടേ മറന്നൊരു പാട്ടായി
പരിണമിക്കുമ്പോൾ.
പാട്ടിലെ പെൺകുട്ടി
പോകുന്ന വഴികളും കൊലുസിന്റെ താളത്തിൽ
തലയാട്ടി നിൽക്കുന്ന
നാട്ടു വരമ്പിലെ മുക്കുറ്റിപ്പൂക്കളും.
അവളോളം പൊക്കത്തിൽ
ചെമ്പരത്തിക്കാടും
കാട്ടിലൊളിച്ചൊരു നാന്ദിയാർവട്ടവും.
മുല്ലയും തെച്ചിയും മലാഞ്ചി മൊഞ്ചുമായ്
കൂടെ നടക്കുന്ന വഴിയിലെ വേലിയും.
ഒറ്റക്കൊലുസിന്റെ താളത്തിലോർമ്മയിൽ
എന്നോ കളഞ്ഞൊരു
കൊലുസിന്റെ ശബ്ദവും .
കൗതുകത്തോടവൾ നുള്ളിയെടുക്കുന്ന
ബോക്സിലൊളിപ്പിച്ചു മാറോടു ചേർക്കുന്ന
സ്ളേറ്റ് മയക്കുന്ന
മാമര കൂട്ടവും.
അവളുടെ വിരലിലൊരു
പഞ്ഞിപോലെഴുകുന്ന
കുഞ്ഞനിയന്റെയാ കൺമഷി ചന്തവും.
അവളുടെ ചൂണ്ടു വിരലുകൊണ്ടനിയന്റെ
കവിളിൽ വരച്ചൊരു നുള്ളും തലോടലും
പാട്ടിൽ തെളിഞ്ഞു തെളിഞ്ഞു മാഞ്ഞീടവെ .
ദൂരെയൊരു മരമൊന്നിൽ പാർക്കുമാ പക്ഷി
തൻ പാട്ടിന്റെ കൂടു കാണുന്നു.
ഹൃദയത്തിന് കിളിവാതിൽ മുഴുവൻ തുറന്നു ഞാൻ
വാക്കിന്റെ ജാഥ കാണുന്നു.
എന്നോ കളഞ്ഞുപോയവളുടെ കൊലുസു
ഞാൻ കവിതയിൽ കണ്ടെടുക്കുന്നു.
...........................................................................