add

Friday, December 7, 2012

വടിവാള്‍ .


നിന്റെ സന്ധ്യകള്‍ ഒളിക്കുന്നിടം
എന്റെ ചങ്കാണ് കൂട്ടുകാരാ ...
മിഴികള്‍ പെയ്യുന്നത് തടുക്കാന്‍
മേല്‍ക്കൂരകള്‍ക്ക് കരുത്തുപോരല്ലോ...


അമ്മ ഇപ്പോഴും ചോറു-
വിളമ്പി കാക്കാറുണ്ട് ,
നിന്നെ കണ്ടെന്നു, തൊട്ടെന്നു ,
അവള്‍ മിഴിനിറയ്ക്കാറുണ്ട് .
അച്ഛന്‍ വാങ്ങിതന്ന കുപ്പായമെന്നു -
അപ്പു നെഞ്ചോടു ചേര്‍ക്കാറുണ്ട് -
നിന്റെ ഓര്‍മ്മകളെ .

പാര്‍ട്ടി ഓഫീസില്‍ നിന്റെ ചിത്രം-
ഫ്രെയിം ചെയ്തു വച്ചിട്ടുണ്ട് .
മദ്യശാലകളിലിരുന്നു യുവത്വം
നിന്റെ പേരുപറഞ്ഞു മുഷ്ടി ചുരുട്ടാറുണ്ട് .
പുതിയ മുറിവുകള്‍ക്ക്‌ -
കാതോര്‍ക്കുകയാണ് നാട്ടുകാര്‍ .

വെട്ടുവഴികളിലെ കിതപ്പിന്റെ കാലൊച്ച
കേട്ടു കേട്ടു എന്നുമെന്റെ
ഉറക്കം മുറിയുന്നു കൂട്ടുകാരാ ...
ഇനി വയ്യ....
ഞാനും ഒരുക്കിവച്ചിട്ടുണ്ട് ,
വേദന രാകി രാകി -
അരികു മൂര്‍ച്ഛപെടുത്തിയ ,
ഒരു വാക്കു കത്തി .


20 comments:

  1. എന്നത്തേയും പോലെ വാക്കിലെ തീക്ഷണത, ചൂട് ഈ കവിതയിലും പടര്‍ന്നിരിക്കുന്നു സ്നേഹാശംസകള്‍ അനിയാ , @ @ PUNYAVAALAN

    ReplyDelete
  2. അതെ നമുക്ക് അതുമതി.'വാക്കുകത്തി'...

    ReplyDelete
  3. വടിവാള്‍ എന്ന തലവാചകം യോജിക്കുന്നില്ലല്ലോ.


    കവിത കൊലചെയ്യപ്പെട്ടവന്റെ നഷ്ട്ടത്തില്‍ ആശയങ്ങളില്ലാതെ പരിതപിക്കുന്നു.

    ReplyDelete
  4. രക്തസാക്ഷികളാവാൻ പോകുന്നവർ ഇതൊക്കെ വായിക്കട്ടെ. സന്ദ്യകള്‍ തെറ്റല്ലേ, സന്ധ്യകൾ അല്ലേ ശരി.?

    ReplyDelete
    Replies
    1. തിരുത്തിയിട്ടുണ്ട് നന്ദി .

      Delete
  5. വാക്കുകത്തികളും , വാക്കത്തികളും തീര്‍ക്കുന്ന മുറിവുകള്‍ ഉണങ്ങാതെ നീറിക്കൊണ്ടേയിരിക്കും

    നന്നായി എഴുതി
    ആശംസകള്‍

    ReplyDelete
  6. ചുടു ചോര തേടുന്ന ആശയങ്ങള്‍ക്ക് സമര്‍പ്പണം

    ReplyDelete
  7. ആശയം ഇഷ്ടായി. രക്തസാക്ഷികള്‍ ഇനിയും പിറക്കാതിരിക്കട്ടെ !!

    ReplyDelete
  8. അച്ഛന്‍ വാങ്ങിതന്ന കുപ്പായമെന്നു അപ്പു നെഞ്ചോടു ചേര്‍ക്കുന്ന കണ്ണീരുപ്പു പടരുന്ന ഓർമകളോളം വലുതല്ല പാര്‍ട്ടി ഓഫീസില്‍ ഫ്രെയിം ചെയ്തുവെച്ച ചിത്രം എന്ന് ചിന്തിച്ചത് എന്റെ മനസ്സിന്റെ സങ്കുചിതത്വം കൊണ്ടാണോ...

    എത്രനല്ല കവിത.....

    ആനുകാലികങ്ങളിലെ ആർഭാടകവിതകളേക്കാൾ ഏറെ മുകളിലാണ് ഈ കവിതകളുടെ സ്ഥാനം...

    ReplyDelete
  9. നേരെഴുത്തിനു നന്മകൾ-

    ReplyDelete
  10. "വാക്ക്"

    നിന്റെ "വാക്ക്"
    വാക്കത്തിപോലെ
    കൊത്തി,കൊത്തി
    മുറിയ്ക്കാതെ
    മുറിച്ചതെന്റെ ചങ്ക്...

    നിന്റെ 'വാക്ക്'
    ഓര്‍ത്തോര്‍ത്തെടുക്കുമ്പോള്‍
    അലിയാതെ
    അലിഞ്ഞതെന്റെ മനസ്സ്...
    നിറഞ്ഞൊഴുകിയതെന്റെ കണ്ണ്...

    എങ്കിലും...
    ഒരു വാക്കെങ്കിലും
    മിണ്ടാതെ നീ
    അകന്ന് പോകുമ്പോള്‍
    വാക്കുകള്‍ക്ക്
    മറുപുറം തേടി...
    മാപ്പപേക്ഷിയ്ക്കുന്നു ഞാന്‍...

    നമുക്കിടയിലെ
    "വാക്കി'ന്റെ പാലം
    മുറിയാതെ
    മുറിച്ച് കടക്കാം
    മനസ്സുകളിലേയ്ക്ക്....

    ReplyDelete
  11. എല്ലാവര്‍ക്കും നന്ദി സ്നേഹം .

    ReplyDelete
  12. കൊത്തി നുറുക്കി
    കഴുകനിട്ട
    സ്വന്തം പുരുഷന്റെ
    മാംസക്കൂനകണ്ട
    താലിയറ്റവളുടെ
    കുലമറുക്കുന്ന കരൾവിളി
    വിരൽനടത്താൻ
    ശരി വരയ്ക്കാൻ
    അച്ഛനെ നഷ്ടപ്പെട്ട
    ഒന്നുമറിയാത്ത
    കുഞ്ഞിന്റെ വിതുമ്പൽ
    ഒരു ശബ്ദവും കാണുന്നില്ല
    ഒരു കാഴ്ചയും കേൾക്കുന്നുമില്ല..........
    സതീശാ, ഇതെല്ലാം നമുക്കിങ്ങനെ പറഞ്ഞുതീര്ക്കാം,പക്ഷേ അനുഭവിക്കുന്നവരോ?

    ReplyDelete
  13. ചോറു വിളമ്പി കാത്തിരിക്കുന്ന അമ്മമാര്‍ക്ക് വേദനകള്‍ നല്‍കാത്ത യുവത്വത്തിന്റെ സ്‌നേഹസ്പര്‍ശത്തിനായി ഇനി നമുക്ക് ഈ കവിത പങ്കു വയ്ക്കാം... ആശംസകള്‍...

    ReplyDelete
  14. നിന്നെ കണ്ടെന്നു, തൊട്ടെന്നു ,
    അവള്‍ മിഴിനിറയ്ക്കാറുണ്ട് ....

    സതീശന്‍ ..
    വ്യാകരണമില്ലാതെ പറഞ്ഞാല്‍ ..അസാധ്യം, ഈ വരികളുടെ സംവേദനത്വം..

    ReplyDelete
  15. വേദനയും മൂർച്ചയുള്ള വാക്കത്തി..
    ആശംസകൾ

    ReplyDelete