add

Sunday, May 25, 2014

നോവ്‌ ഒരു മതമാണെന്നിരിക്കെ.


മുക്കുറ്റി പൂത്ത വരമ്പിനെ
സ്വപ്നം കണ്ടിരിക്കുമ്പോഴാണ്
അത്ര പരിചയമില്ലാത്ത ഒരു
നോവ്‌ കയറിവരുക .
(നോവ്‌ ഒരു മതമാണെന്നിരിക്കെ
മുൻ പരിചയത്തിനു എന്ത് പ്രസക്തി .?)
അതു
വിജനമായ ഒരു തെരുവ്
വാഗ്ദാനം ചെയ്യും ,
കൂടെ നടക്കാമെന്നും
കുടിക്കാമെന്നും
പ്രലോഭിപ്പിക്കും.
തിരിഞ്ഞൊഴുകുന്ന ഒരു പുഴയോട്
പ്രണയമാണെന്ന് പറഞ്ഞു ചിരിക്കും .
അങ്ങനെ മുക്കുറ്റി പൂവിന്റെ
സ്വപ്നം പാതിയിൽ നിർത്തി
ഞങ്ങൾ നടക്കാനിറങ്ങും.
നോവ്‌ ഒരു മതമാണെന്നിരിക്കെ ,
ഞങ്ങൾ മുൻപരിചയം ഇല്ലെന്നിരിക്കെ ,
നെഞ്ചുറപ്പുള്ള നോവേ എന്ന് വിളിക്കും ഞാൻ .
അപ്പോൾ അതിന്റെ
ചുണ്ടിലൊരു ചിരി പൂക്കും
പക്ഷെ മുഖം വാടിയിരിക്കും .

"ചെറുപ്പത്തിൽ
ഒറ്റകിട്ടുമെന്നു പറഞ്ഞമ്മ,
കയ്യോങ്ങിയതുകൊണ്ടാണോ
ഞാനിത്രമേൽ ഒറ്റയായതു.?"

എന്ന എന്റെ പഴയ കവിത
ഓർമ്മിപ്പിക്കും അത് .
നോവ്‌ ഒരു മതമാണെന്നിരിക്കെ,
ആരും ഒറ്റയല്ലെന്നു ആശ്വസിപ്പിക്കും ഞാൻ .
( കവിത ഒക്കെ കള്ളമല്ലേ എന്നു പറഞ്ഞത്
ഇവിടെ പറയുന്നില്ല എന്ന് മാത്രം ).
അപ്പോൾ
വഴിയരികിൽ ഒരു മുക്കുറ്റി
ചിരിക്കുന്നുണ്ടാവും

11 comments:

  1. നോവ്‌ ഒരു മതമാണെന്നിരിക്കെ..........

    ReplyDelete
  2. നോവ്‌ ഒരു മതമാണെന്നിരിക്കെ.. എന്ന ഈ വാക്കുകള്‍ ഭാവിയിലേക്ക് ഉറ്റുനോക്കുന്ന ഒരു മനസ്സിന്‍റെ നിസ്സഹായത വെളിവാക്കുന്നു.. നല്ല വരികള്‍

    ReplyDelete
  3. തെരുവു നടത്തവും, കുടിയും കൈയ്യിൽ വച്ചിട്ട്‌ പകരം വാടിയതാണേലും ആ പുഞ്ചിരിയിങ്ങു തന്നേക്കാൻ പറഞ്ഞോളൂ നോവിനോട്‌.. :)


    നന്നായി എഴുതി. പതിവു പോലെ


    ശുഭാശംസകൾ......

    ReplyDelete
  4. കവിതയില്‍ കമ്പമില്ലെങ്കിലും വായിചു :)

    ReplyDelete
  5. ഈ ഒരൊറ്റ കവിത മാത്രമായി പരിഗണിക്കുമ്പോൾ മനോഹരമായിട്ടുണ്ട്. പക്ഷേ സതീശന്റെ മറ്റു കവിതകളും വായിക്കുമ്പോൾ ചില ആശയങ്ങളൊക്കെ ആവർത്തിക്കുന്നതു പോലെ അനുഭവപ്പെടുന്നു.

    ReplyDelete
    Replies
    1. ചില കാര്യം എത്ര പറഞ്ഞിട്ടും മതിയാവുന്നില്ല . :-D . സ്നേഹം .

      Delete
  6. വരികള്‍ നന്നായിരിക്കുന്നു.

    ReplyDelete
  7. നല്ല കവിത ,ആശംസകള്‍

    ReplyDelete
  8. നോവ് ഒരു മതമല്ല, ഒരു സ്വകാര്യമതം തന്നെയാണ്

    ReplyDelete
  9. വായനയ്ക്കും അഭിപ്രായത്തിനും എല്ലാവർക്കും സ്നേഹം .<3

    ReplyDelete