add

Wednesday, April 26, 2017

ഇവിടെ എല്ലാവർക്കും സുഖം.



ഒന്നോർത്തു നോക്കിയാൽ
ഈ നിമിഷമെന്നതു അത്ര
ചെറുതൊന്നുമല്ല.
എവിടെയെങ്കിലും ഒരാൾ
മലയാളത്തിൽ
കാതുപൊട്ടുന്നതെറി പറഞ്ഞു 
ആരെയോ
ഉറക്കുന്നുണ്ടാവും .
നാടു വിട്ടുപോയ
എന്റെയോ
നിങ്ങളുടെയോ
സുഹൃത്ത് 
ഏതോ നാട്ടിലിരുന്നു
ബംഗാളി  മുഖത്തോടെ
മലയാളത്തെ
അയവെട്ടുന്നുണ്ടാവും .

വെറുതേ ഓർത്തുനോക്കൂ
ഈ നിമിഷമെന്നതു അത്ര
ലളിതമൊന്നുമല്ല.
കേരളത്തിൽ ഏതോ മൂശാരി
ആർക്കോ വെണ്ടി
അവസാന സമ്മാനം
നിർമ്മിക്കുകയാവും.
ആലയിൽ പഴുക്കുന്ന ഇരുംബ്‌
പകയും വിശപ്പും കൊണ്ടു
ചുവക്കുന്നുണ്ടാവും .

പെട്ടന്നു തീർക്കാൻ
എവിടെ വെട്ടണമെന്നു
കൂട്ടുകാരൻ ചെക്കൻ
തല പുകയ്ക്കുന്നുണ്ടാവും.
ഇതൊന്നുമോർക്കാതെ
നാളെത്തെ രക്തസാക്ഷി
ഒരു പുതിയ സ്വപ്നത്തിൽ
നൂലു കോർക്കുകയാവും .

ഒന്നോർത്തു നോക്കിയാൽ
ഈ നിമിഷം എന്നതു
കേരളം പോലെ പ്രബുദ്ധമാണു.
അധികം അകലയല്ലാത്ത
എവിടെയെങ്കിലും
മാനഭംഗപ്പെട്ട ഒരു സ്ത്രീ
കൊന്നു കളയുമെന്ന ഉറപ്പിൽ
വാവിട്ടു നിശബ്ധയാവുന്നുണ്ടാവും .

ബലാത്സംഗ വാർത്ത കണ്ടു
കല്ലെറിഞ്ഞു കൊല്ലണം
എന്നാക്രോശിച്ച ചെറുപ്പക്കാരൻ
പുതിയ വീഡിയോയിലെ മുഖം
അടുത്ത വീട്ടിലെ ചേച്ചിയുടെ
പോലെ എന്നു സുഹൃത്തുക്കൾക്ക്
പങ്കുവെക്കുന്നുണ്ടാവും .

അപ്പോഴും
പ്രണയം കൊണ്ടു കണ്ണു പൊട്ടിയ
രണ്ടുപേർ മാവേലി എക്സ്പ്രസ്സിൽ
തൊട്ടു തൊട്ടിരിക്കുന്നുണ്ടാവും.
എങ്കിലും
വെറിയോടെ പത്തു കണ്ണുകൾ
അവരെ ഉഴിയുന്നുണ്ടാവും .

പക്ഷേ ഒന്നു പറയാതെ വയ്യ
ഈ നിമിഷം എനിക്കും
ഇവിടെ എല്ലാവർക്കും സുഖം .

2 comments:

  1. നന്നായിട്ടുണ്ട്...

    ReplyDelete
  2. ഇന്നത്തെ കാലഘട്ടത്തിലെ കവിത

    ReplyDelete