add

Monday, March 16, 2020

തെറിബുദ്ധൻ

അതി നിഗൂഢമെന്നു തോനുന്ന 
തികച്ചും സാധാരണമായ
ചില വളവുകളിൽ
കുട്ടപ്പൻ ബുദ്ധനാവാറുണ്ട്‌.

അടുത്ത നിമിഷം തന്നെ വീണ്ടും 
കുട്ടപ്പനാവുമെന്നതിനാലാവണം
ഈ കാര്യം ചർച്ച ചെയ്യാൻ 
ശിഷ്യഗണങ്ങളെ സൃഷ്ട്ടിക്കാൻ 
അദ്ധേഹം മടിച്ചിരുന്നു .

ഉദാഹരണത്തിനു
കാമുകിയുടെ ചുണ്ടിൽ
മൂന്നാമത്തെ പ്രാവശ്യം ഉമ്മവെച്ചു 
രണ്ടാമത്തെ മിനുട്ടിൽ
ബുദ്ധനാവുക 
എന്നതിൽ ഒരു നിഗൂഢതയില്ലേ.?
പക്ഷെ വളരെ സാധാരണം 
എന്നമട്ടിൽ അവിടെ നിന്നും
തിരിച്ചുപോന്നിട്ടുണ്ട്‌ കുട്ടപ്പൻ .

പിന്നീടൊരിക്കൽ
തെരുവു വിളക്കുകളെ 
നോക്കി കിടക്കുമ്പോൾ .
പാറ്റകൾ പ്രാണികൾ
എന്നുവേണ്ട
ഒരു കവിക്കുപോലും 
തെരുവു വിളക്കുകളിൽ 
ഒരുപാട്‌ സാധ്യതകളുണ്ട്‌.
പക്ഷേ കുട്ടപ്പൻ 
അങ്ങനെയൊരാളെയല്ല 

എങ്കിലും അന്ന്
കൃത്യമായി പറഞ്ഞാൽ
നാലാമത്തെ മിനുറ്റിൽ
താൻ തന്നെ ഒരു തെരുവു വിളക്കാണെന്നു
അയാൾക്ക്   തോനുകയും 
അയാൾ ബുദ്ധനാവുകയുമായിരുന്നു.
ഞാനതിൽ ഒരു
നിഗൂഢത കാണുന്നുണ്ടെങ്കിലും
കുട്ടപ്പൻ
അടുത്ത നിമിഷം
വളരെ സാധാരണമെന്നവണ്ണം
ഉറങ്ങുകയായിരുന്നു .


അവസാനമായി ഇന്നലെ
വെള്ളം പോലെ
തെളിഞ്ഞമനസ്സുമായി
അയാൾ ബൈക്കോടിച്ചു
പോകുകയും .
അതേ നിമിഷം എതിരെ വന്ന ലോറി
ബൈക്കിൽ ഉമ്മവെക്കാനായുകയും
"ഫ മൈരേ "
എന്നൊരു തെറിയോടെ
കുട്ടപ്പൻ ബൈക്ക്‌ വെട്ടിച്ചു രക്ഷപെട്ടതും
ആ നിമിഷം അയാളൊരു
ബുദ്ധനായതു കൊണ്ടു മാത്രമായിരുന്നു .
അതി നിഗൂഢമായ കാര്യങ്ങളാണിവയെല്ലാം
തെറി പറയുന്ന ബുദ്ധൻ 
നിങ്ങൾക്കു അത്ര സാധാരണമല്ലെങ്കിൽ കൂടെ .

impressio മാസിക 2018 ജൂൺ

4 comments:

  1. ബുദ്ധനാകാനുള്ള എളുപ്പ വഴികൾ ...

    ReplyDelete
  2. അതി നിഗൂഢമെന്നു തോനുന്ന
    തികച്ചും സാധാരണമായ
    ചില വളവുകളിൽ
    കുട്ടപ്പൻ ബുദ്ധനാവാറുണ്ട്‌.
    വളവിൽ തിരിമറി നടത്തുന്ന ബുദ്ധന്മാർ...
    ആശംസകൾ

    ReplyDelete
  3. കിടുക്കി ട്ടാ.തെറിപറയുന്ന കുട്ടപ്പൻ ബുദ്ധൻ തകർത്തു.ആ ഒരു തിരിച്ചു പോക്ക് പെരുത്ത് ഇഷ്ടം

    ReplyDelete