add

Sunday, January 16, 2022

കൊച്ചുവാക

പറഞ്ഞു കേട്ടിട്ടുണ്ട്
അപ്പാപ്പന് ഈ പറമ്പിലെ
ഓരോ മരങ്ങളുടെയും
പേരറിയാമായിരുന്നു. 

അപ്പനറിയാവുന്നതിൽ 
ചിലതൊക്കെ 
എനിക്കുമറിയാം. 

കാടെന്ന ഒറ്റ വാക്കിനെ 
മരങ്ങളായി ഇഴ നെയ്താണ് 
അപ്പാപ്പനിവിടെ കുടി വെച്ചത്. 

വടക്കേപ്രത്തെ വരിക്ക 
അന്ദ്രു വരിക്കയും 
താഴെപ്പറത്തെ പഴം 
കുമാരൻ പിലാവും 
ആ കാണുന്ന പാല 
നീലി പാലയുമാണ്. 

അപ്പാപ്പന്റെ കാലത്തെ 
നാല് പീറ്റ തെങ്ങുകൾ 
ഇന്നുമുണ്ട് 
രണ്ടെണ്ണത്തിന്റെ 
പേരെനിക്കറിയാം 
കന്നിയും ,തത്ത പൊത്തനും. 

കൂട്ടത്തിൽ വളരുന്നതുകൊണ്ടാവാം 
വാഴയ്ക്കും കവുങ്ങിനുമൊന്നും 
തനി തനി പേരില്ല 
ജാതിപ്പേരുപോലെ 
ഒറ്റ പേരാണ് 
കരുണാകരൻ പൂവൻ 
കദളി മൈസൂര് എന്നൊക്കെ. 

ആരും കാണാതെ 
ഓലയായി വളർന്നു 
ചക്കയായി വിരിഞ്ഞു ,
അടക്കയായ് ചുവന്ന് 
പാലയായി പൂവിടാൻ 
മരങ്ങൾക്കല്ലേ പറ്റൂ . 

ഞാൻ വച്ച ഈ വീട്ടിലെ വാതിലുകൾ 
ദാക്ഷായണി പിലാവിന്റെതാണ് 
ആരാണ് ദാക്ഷായണിയെന്നു 
എനിക്കറിഞ്ഞുകൂടാ. 
അപ്പാപ്പന്റെ ആരെങ്കിലുമാവാം.

ഇനിയുമെമ്പാടും മരങ്ങളുണ്ടീ 
തൊടിയിൽ 
എനിക്ക് പേരറിയാത്തവ . 
എത്രയോ കാലങ്ങളായി 
പൂത്തും കായ്ച്ചും 
കാറ്റിനോടുമാത്രം 
മിണ്ടിയുമിങ്ങനെ. 

ഒരു മരമാവുകയെന്നാൽ 
ഒരു മനുഷ്യനാവുന്നതുപോലെ 
എളുപ്പമല്ല. 
പേരുള്ള മരമാവുക ഒട്ടും 
എളുപ്പമല്ല. 

ഇത്രയും പറഞ്ഞത് 
ഇന്നെന്റെ മകൻ 
ഞാൻ നട്ട വാകയെ 
കൊച്ചു കൊച്ചു എന്ന് 
തലോടുന്നു. 
അവനീ മരത്തിനു 
കൊച്ചു എന്ന് 
പേരിട്ടിരിക്കുന്നു .

No comments:

Post a Comment