add

Sunday, June 9, 2019

സങ്കടങ്ങളെ വിവർത്തനം ചെയ്യുന്ന കുട്ടി .

ഏതോ സന്ധ്യയിൽ ഒരാൾ 
പാർക്കിൽ 
മറന്നു വച്ചിട്ടുപോയ 
അയാളുടെ സങ്കടങ്ങൾ 
ഒരു കുട്ടിക്ക് 
കളിക്കാൻ കിട്ടി .
കളിപ്പാട്ടങ്ങളെ ശെരിപ്പെടുത്തുന്ന 
ഓർമ്മയിൽ 
അവനത്തിനെ 
ഓരോ കഷണങ്ങളാക്കി .

ഒറ്റപ്പെടലിന്റെ ഒരു കഷ്ണം 
പന്ത് പോലെ തട്ടി കളിച്ചു
പൊട്ടിച്ചിരിച്ചു. 
"എന്നിട്ടും നീ എന്നെ" 
എന്നെ സങ്കടത്തെ 
മടിയിലിരുത്തി ഊഞ്ഞാലാട്ടി .
പ്രണയനഷടങ്ങളെ 
വെള്ളത്തിൽ തത്തി തത്തി 
അലിയിച്ചു കളഞ്ഞു.

കുറ്റബോധങ്ങളെ 
അപ്പൂപ്പൻ താടിപോലെ 
പറത്തി വിട്ടു 
പറയാത്ത പോയ ഇഷ്ടങ്ങളെ 
പഞ്ഞി മുട്ടായി പോലെ 
മധുരിച്ചിറക്കി.
സ്നേഹിക്കാത്ത 
പോയ നിമിഷങ്ങളെ 
കുഞ്ഞി ചിരി കൊണ്ട് 
മായ്ച്ചു കളഞ്ഞു .

തേങ്ങി കരച്ചിലുകളെ 
ഇനിയും കണ്ടെത്തിയിട്ടിലാത്ത 
അവനുമാത്രം അറിയാവുന്ന 
വാക്കുകളാൽ 
പൊട്ടിച്ചിരികളിലേക്കു 
മന്ത്രവാദപ്പെടുത്തി .

അവസാനം 
ആത്മ വേദനയുടെ ഒരു കഷ്ണം മാത്രം 
ഒരു വെള്ളത്തിലും അലിഞ്ഞില്ല .
ഒരു വെയിലിലും വാടിയില്ല .
ഒരു കാറ്റിലും പാറിയില്ല .
ഒരു ചിരിയിലും വിവർത്തനം ചെയ്യപ്പെട്ടില്ല.
അവനതും കൊണ്ട് കളിക്കുകയാണിപ്പോൾ 

1 comment:

  1. വെള്ളത്തിൽ  അലിയാത്ത  
    വെയിലിൽ വാടാത്ത കാറ്റിൽ പാറാത്ത 
    ആത്മ വേദനയുടെ ഒരു കഷ്ണം ...!
     

    ReplyDelete