add

Monday, November 7, 2011

കുഞ്ഞാറ്റക്കാലം









എന്റെ ഓര്‍മ്മകള്‍ തുടങ്ങുന്നത് ഒരു ബാലവാടിയുടെ നാലു ചുവരുകള്‍ക്കിടയിലെ വിഷാദമയമായ രണ്ടു കണ്ണുകളില്‍ നിന്നാണ് .
ഈ ലോകമെത്ര പരന്നിട്ടു എന്നും പൂക്കളെത്ര തുടിത്തിട്ടും എന്നുമുള്ള കൌതുകത്തില്‍ നിന്നാണ് .
"ടീച്ചറെ ഓള് കരെന്ന കണ്ടിട്ട് എനക്കും കരച്ചില്‍ വരുന്നു " എന്നുള്ള കുട്ടിത്തത്തില്‍ നിന്നാണ് ..
വീട്ടില്‍ പശു ഇല്ലാത്തതുകൊണ്ട് പാല്‍പ്പൊടി കൊണ്ടാണ് അന്ന് ചായ ഉണ്ടാക്കിയിരുന്നത് .പാല്‍പ്പൊടിയുടെമധുരം അറിയാവുന്ന ഇവന്‍ തിന്നുവാന്‍ പാല്‍പ്പൊടി ചോദിക്കുമ്പോള്‍ ചായയിലൊഴിച്ചത് കാണാപ്പശുവിന്റെ പലാണെന്നു കള്ളം പറയുന്ന വല്യമ്മയുടെ ഉത്തരങ്ങള്‍ . കാണാപ്പശു പുല്ലു മേയുന്നത് ഒരുപാടു സ്വപ്നം കണ്ടിട്ടുണ്ട് .പിന്നെ ഏതെല്ലാമോ രാജകുമാരന്റെയും രാജകുമാരിയുടെയും കഥകളില്‍ കാണാപ്പശു മനസ്സില്‍ നിന്ന് മാഞ്ഞു പോയി .രാത്രി ദോശ ചുടുന്ന അമ്മയുടെ ഉക്കത്തിരുന്നു കൊണ്ട് തീ എത്ര ചൂടുള്ളത്‌ ഈ അമ്മെയെക്കാളും എന്ന് ചിന്തിച്ചുറങ്ങിപ്പോയ രാത്രികള്‍ .ഓലമേഞ്ഞ വീടുകള്‍ ആയിരുന്നു അന്ന് സുലഭം .പുരകെട്ടുമ്പോള്‍ വെയ്ക്കുന്ന അരിപ്പായസത്തിന്റെ ചൂടുള്ള സ്വാദും മേയാന്‍ വേണ്ടി പൊളിച്ച വീടിന്റെ കഴുക്കോല്‍ ദ്വാരത്തിലൂടെ ഉള്ള നക്ഷത്രമെണ്ണലും ഇന്ന് ഓര്‍മ്മകള്‍ മാത്രം .
അപ്പൂപ്പന്‍ താടിയെയും പൂക്കളെയും സന്ധ്യകളെയും മഴയെയും ഒന്നും അന്ന് സ്നേഹിച്ചിരുന്നില്ല .മധുരത്തെ മാത്രമായിരുന്നു അന്ന് സ്നേഹം .'തേന്‍ മുട്ടായിയും' 'നാരങ്ങ മുട്ടായിയും' എള്ളുണ്ടയും തീര്‍ത്ത മധുരത്തിന്റെ സ്വര്‍ഗം .സ്കൂളില്‍ നിന്ന് വരുമ്പോ ചേച്ചി കൊണ്ട് വന്നാല്‍ മാത്രമേ അതും കിട്ടുകയുള്ളൂ .സ്കൂളിലേക്ക് പോകുന്ന വഴി നിറയെ തൊട്ടാപ്പൊട്ടി എന്നാ ചെടിയുടെ കായ ഉണ്ടാകും .അത് പറിച്ചെടുത്തു ഒന്നമര്‍ത്തിയാല്‍ അത് പൊട്ടി തെറിക്കും .അത് പൊട്ടുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം ,നടക്കുമ്പോ അറിയാതെ ചാണകത്തില്‍ ചവിട്ടിയാല്‍ പച്ച പിടിക്കണം എന്ന അലിഖിത നിയമം .സ്ലേറ്റ് മായ്ക്കാന്‍ വഴിയില്‍ നിന്ന് പറിക്കുന്ന മഷിത്തണ്ട് ,ചെമ്പോത്തിനെ കണ്ടാല്‍ മധുരം കിട്ടുമെന്ന വിശ്വാസം .ഇതെല്ലാമായിരുന്നു സ്കൂളിലേക്ക് പോകുമ്പോ കൂട്ട് വന്ന ചങ്ങാതിമാര്‍ .
കാണുന്നതെന്തും കൌതകമാവുന്ന ആ കാലത്തു മഞ്ചാടിക്കുരുകളും, സ്ലേറ്റ് പെന്‍സിലും ,കണ്ണന്‍ ചിരട്ടയും ഒന്നും നിര്ജീവങ്ങളായ വസ്തുക്കള്‍ മാത്രമാണെന്ന് ഉള്‍ക്കൊള്ളാന്‍ പറ്റിയിരുനില്ല.ഏതോ കര്‍ക്കിടക പേമാരികളില്‍ എനിക്ക് തണുക്കുന്നത് പോലെ അവയ്ക്കും തണുക്കുമെന്നും, കുപ്പിയിലെ മഞ്ചാടികള്‍ തമ്മില്‍ സംസാരിക്കുമെന്നും ഉറച്ചു വിശ്വസിച്ചിരുന്നു .പ്രഭാതങ്ങളില്‍ കാരണമറിയാത്ത ഒരു സന്തോഷം മനസിലേക്കിറങ്ങി വരുമായിരുന്നു .വെറുതെ ...
തൊടിയിലെ പൂക്കളെല്ലാം എനിക്ക് വേണ്ടി പൂത്തതാണെന്നും പാടുന്ന പക്ഷികളെല്ലാം എനിക്ക് വേണ്ടി പാടുന്നതാണെന്നും അഹമ്കരിച്ചിരുന്നു .അച്ഛന്‍ ഉണ്ടാക്കിത്തന്ന ഹവായ് ചെരുപ്പിന്റെ ടയര് വെയ്ച്ച വണ്ടികിട്ടിയപ്പോള്‍ ഒരു രാജ്യം കീഴടക്കിയ സന്തോഷമായിരുന്നു .യാഥാര്ത്യങ്ങളുടെയും സ്വപ്നങ്ങളുടെയും വിടവിലുള്ള അജ്ഞത ആയിരിക്കാം ആ സന്തോഷങ്ങളുടെയെല്ലാം കാതല്‍ .
അന്ന് കണ്ടത് പോലെ പലനിറത്തിലുള്ള പൂമ്പാറ്റകളെയും പാടുന്ന പക്ഷികളെയും ഇപ്പോള്‍ നാട്ടില്‍ വരുമ്പോ കാണാറില്ല (ശ്രദ്ധിക്കാഞ്ഞിട്ടാണോ.?) ചേരട്ടകള്‍ കൂടെ ചുരുണ്ട് കിടക്കാന്‍ സമയമില്ലാതെ ഓട്ടത്തിലാണ് .ഈ മരണ പാച്ചില്‍ ആരംഭിക്കുന്നതും അവസാനിക്കുന്നതും ഒരേ കിടക്കയില്‍ .നമ്മുടെ മക്കളെല്ലാം വലിയ വലിയ സായിപ്പന്‍ മാരാകുമ്പോള്‍ അവര്‍ക്കും പറയനുണ്ടാവുമോ ഇത് പോലെ ഒരു ബാല്യകാലം ..


19 comments:

  1. ബാല്യകാലം മരിക്കുവോളം യാഥാർഥ്യങ്ങളായി നിലനിൽക്കും മനുഷ്യനിൽ...നന്നായിട്ടുണ്ട് കുറിപ്പ്.

    ReplyDelete
  2. ബാല്യകാലത്തെ അനുഭവങ്ങള്‍ ഒരു സമ്പത്താണ്. പിന്നീട് കൂറേശ്ശ എടുത്ത് ഓര്‍മ്മിക്കാന്‍ വേണ്ടി സൂക്ഷിക്കുന്നത്. നല്ല ഓര്‍മ്മകള്‍.

    ReplyDelete
  3. നഷ്ടബോധം അനുഭവപ്പെടുന്നത് ഓര്‍ക്കാന്‍ നല്ലത് ഉള്ളവര്‍ക്ക്
    നന്മ മനസ്സില്‍ സൂക്ഷിക്കാന്‍ കഴിയുന്നത് തന്നെ നല്ല കാര്യം

    ReplyDelete
  4. നന്നായിടു..ണ്ട്. എന്ത് പറയണം എന്നറിയില്ല സഖാവെ ...

    ReplyDelete
  5. നന്നായിട്ടുണ്ട് കുറിപ്പ്.

    ReplyDelete
  6. നല്ല ഓര്‍മ്മക്കുറിപ്പ്. ഞാനും സഞ്ചരിച്ചു. എന്‍റ ബാല്യ കാലത്തിലൂടെ.

    ReplyDelete
  7. നമ്മുടെ മക്കളെല്ലാം വലിയ വലിയ സായിപ്പന്‍ മാരാകുമ്പോള്‍ അവര്‍ക്കും പറയനുണ്ടാവുമോ ഇത് പോലെ ഒരു ബാല്യകാലം ..?????????????

    ReplyDelete
  8. nalla ormmakkurippaayirunnu.. pazhayakaalatheththiyathu pole ..bhaavukangaL nErunnu..

    njaanum ithu pole ormakkurippezhuthiyittundu...
    ente sathyaanweshana pareekshanangaL ennu paranju
    eppo
    എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...(അമ്പതാം സർഗ്ഗം) aayi...athinte link ivide edunnu..pattumenkil vaayikkuka.. snehaththode,

    http://manavadwani-russel.blogspot.com/2011/10/blog-post_31.html

    ReplyDelete
  9. ഓര്‍മ്മകള്‍ പുറകിലേക്കോടി . ഇടവഴികളിലൂടെ ചാണകം ചവിട്ടിയും മഷി തണ്ട് പറിച്ചും , ചെമ്പോത്തിനെ കണ്ടും ഈ വരികള്‍ക്കൊപ്പം എന്റെ ഓര്‍മ്മകളും സഞ്ചരിച്ചു . എലാസ്ടിക് ഇട്ടു കെട്ടിയ രണ്ടു മൂന്ന് പുസ്തകങ്ങള്‍ക്കൊപ്പം മൂല പൊട്ടിയ ഒരു സ്ലൈട്ടും ചേര്‍ത്ത് പിടിച്ചു ഞാന്‍ ഏറെ നേരം നടന്നു.. ഇവിടെ ആദ്യമാണ് . എന്റെ ബ്ലോഗ്ഗില്‍ വരുന്നവരെ അനുഗമിക്കുന്ന ഒരു രീതി . അങ്ങിനെയെത്തി . ഇനിയും വരാം മധുരമുള്ള ഓര്‍മ്മകള്‍ പങ്കിടാന്‍

    ReplyDelete
  10. നല്ല വായന ആശംസകള്‍ വീണ്ടും വരാം

    ReplyDelete
  11. കയ്പും മധുരവും ഇടകലർന്ന ഈ നെല്ലിക്ക കഴിക്കാനെല്ലാവർക്കും ഏതു പ്രായത്തിലും ഇഷ്ടമാണ്‌

    ReplyDelete
  12. "ബാല്യം" മനസിന്‍റെ കുളിരുള്ള ഓര്‍മ്മ...
    നഷ്ടപ്പെട്ട ബാല്യത്തിലൂടെ യാത്ര ചെയ്യാന്‍ കൊതിക്കാത്തതാരാണ്?

    നന്നായിട്ടുണ്ട്....

    ReplyDelete
  13. പ്രിയപ്പെട്ട സതീശന്‍,
    ബാല്യകാല ഓര്‍മ്മകള്‍ എല്ലാവരിലും ഊര്‍ജം നിറക്കുന്നു. ഭാവിയെ കുറിച്ച് വേവലാതി വേണ്ട...! സ്നേഹവും കരുണയും സമാധാനവും ഇന്ന് നല്‍കിയാല്‍,വളര്‍ന്നു വരുന്ന തലമുറയ്ക്കും നല്ലൊരു ബാല്യം ഓര്‍ക്കാന്‍ ഉണ്ടാകും!
    സസ്നേഹം,
    അനു

    ReplyDelete
  14. ഇത്തരം പോസ്റ്റുകള്‍ പലപ്പോഴും ഒരു നിര്‍വികാരതയോടെയാണ് വായിച്ചു പോവാറ്... ഇന്നിനെ കുറിച്ചും നാളെയെ കുറിച്ചും
    ആവശ്യത്തില്‍ കൂടുതല്‍ ആധിയുള്ളത് കൊണ്ടാവാം ഇന്നലെകളിലെ
    ഇത്തരം കൊച്ചു കൊച്ചു സന്തോഷങ്ങള്‍ ഓര്‍ത്തിരിക്കാന്‍ എനിക്ക് കഴിയാത്തത് ! പക്ഷെ ഇത്... അപ്പൂപ്പന്‍ താടിയെയും പൂക്കളെയും
    സന്ധ്യകളെയും മഴയെയും ഒന്നും സ്നേഹിക്കാതെ മധുരത്തെ മാത്രം
    ഇഷ്ടപ്പെട്ടിരുന്ന ആ കാലം ഓര്‍ത്തുകൊണ്ടാണ് വായിച്ചത്.... ഒരുപാടിഷ്ടായി ഈ പോസ്റ്റ്‌.

    ReplyDelete
  15. ബാല്യം, അതെല്ലാവര്‍ക്കുമുണ്ടാവും.. ഇനി നമ്മുടെ മക്കള്‍ക്കും ഉണ്ടാവും.
    നമ്മുടെ പൂര്‍വികരുടെ ജീവിതവും നമ്മുടെ ജീവിതവും തമ്മില്‍ വിത്യാസമെന്തെന്ന്‍ നമുക്കാലോചിച്ചാല്‍ കിട്ടിമല്ലോ..
    നമ്മിലെ നന്മകള്‍ ഹരിച്ചു കളയുന്നതിനെയാണ് നാം പുരോഗമനം എന്ന് പറയുന്നത് എന്ന് തോന്നാറുണ്ട് ചിലപ്പോഴൊക്കെ

    ReplyDelete
  16. വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി ..

    ReplyDelete
  17. കുറേ പിന്നിലേക്കു പോയീ ഞാന്‍..!
    ആശംസകള്‍ മാഷേ..!

    ReplyDelete
  18. നല്ല ബാല്യ സ്മരണകള്‍.

    ReplyDelete
  19. എന്തെന്നറിയില.. വായിച്ചു കഴിഞ്ഞപ്പോള്‍ എന്തോ ഒരു സങ്കടം, കണ്ണ് നിറയുന്നു.

    ReplyDelete